ഇട്ടിവയിലെ കോട്ടുക്കലിൽ വെറ്റിറനറി സർവകലാശാല ആരംഭിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്. കോട്ടുക്കൽ ജില്ലാ കൃഷി ഫാമിൽ നിന്നാണ് ഇതിനായി സ്ഥലം ഏറ്റെടുക്കുക. വട്ടത്രാമലയിൽ പുതുതായി രൂപീകരിച്ച ക്ഷീരോല്പാദക സഹകരണ സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലിത്തീറ്റ വില കുറയ്ക്കുന്നതിനുള്ള നടപടിയ്ക്കൊപ്പം തീറ്റപ്പുൽകൃഷി വ്യാപകമാക്കും. പാൽ ഉല്പന്നങ്ങളുടെ നിർമ്മാണം വ്യാപകമാക്കി മിൽമയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റഅ സാം കെ ഡാനിയേൽ, ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അമൃത, എ നൗഷാദ്, കെ ഭാഗ്യലക്ഷ്മി, ബി ഗിരിജമ്മ, പ്രിൻസി ജോൺ, ബി ബൈജു, ബി എസ് സോളി, ആർ റെജീന തുടങ്ങിയവർ സംസാരിച്ചു.