Site iconSite icon Janayugom Online

ചാമ്പ്യന്മാരെ വീഴ്ത്തി ആർസിബിക്ക് വിജയത്തുടക്കം; തിളങ്ങി ‘ലേഡി ഹെയ്‌സൽവുഡ്’

വനിതാ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഉജ്ജ്വല തുടക്കം. ആവസാനം വരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനാണ് സ്മൃതി മന്ദാനയും സംഘവും മുംബൈയെ കീഴടക്കിയത്. മുംബൈ ഉയർത്തിയ 155 റൺസ് എന്ന വിജയലക്ഷ്യം അവസാന പന്തിൽ ബൗണ്ടറിയടിച്ച് നദീൻ ഡി ക്ലെർക്കാണ് മറികടന്നത്. ആർസിബിയുടെ ഈ വിജയത്തിൽ ബൗളിംഗിൽ നിർണ്ണായകമായത് ഇംഗ്ലണ്ട് പേസർ ലോറൻ ബെല്ലിന്റെ പ്രകടനമാണ്. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ബെൽ, മുംബൈ ബാറ്റർമാരെ പിടിച്ചു കെട്ടുന്നതിൽ വലിയ പങ്കുവഹിച്ചു. ന്യൂസിലാൻഡ് താരം അമേലിയ കെറിനെ പവർപ്ലേ ഓവറുകളിൽ റണ്ണെടുക്കാൻ വിടാതെ സമ്മർദ്ദത്തിലാക്കിയ ബെൽ ഒടുവിൽ താരത്തെ പുറത്താക്കുകയും ചെയ്തു.

ലോറൻ ബെല്ലിന്റെ തകർപ്പൻ പ്രകടനത്തെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആർസിബിയുടെ പുരുഷ ടീമിലെ പേസർ ജോഷ് ഹെയ്‌സൽവുഡിന്റെ ബൗളിംഗിനോടാണ് ആരാധകർ ബെല്ലിന്റെ പ്രകടനത്തെ ഉപമിക്കുന്നത്. ടീമിലെ ‘ലേഡി ഹെയ്‌സൽവുഡ്’ എന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കുന്നത്. മുൻപ് മൂന്ന് സീസണുകളിൽ യുപി വാരിയേഴ്‌സ് ടീമിലുണ്ടായിരുന്നെങ്കിലും ലോറൻ ബെല്ലിന്റെ ഐപിഎൽ അരങ്ങേറ്റം ആർസിബിയിലൂടെയാണ് നടന്നത്. 90 ലക്ഷം രൂപയ്ക്കാണ് യുപി വാരിയേഴ്‌സിൽ നിന്നും താരം ബംഗളൂരുവിലെത്തിയത്.

Exit mobile version