Site iconSite icon Janayugom Online

ചാരത്തില്‍നിന്നുയര്‍ന്ന ഹാനോയ്‌ നഗരത്തിലൂടെ

‌ശരത്ക്കാലത്തെ പ്രശാന്തമായ ഒരു പ്രഭാതത്തിലാണ് വിയറ്റ്നാം തലസ്ഥാനമായ ഹാനോയിയിൽ ഞങ്ങൾ ചെന്നിറങ്ങിയത്, കൊച്ചിയിൽനിന്ന് കോലാലംപൂർ വഴി. ഇന്ത്യൻ സമയം പുലർച്ചെ ആറര. വിയറ്റ്നാം ഒന്നര മണിക്കൂർ മുമ്പിലായതിനാൽ വാച്ചിൽ എട്ടു മണിയാക്കി സമയം ക്രമീകരിച്ചു. വിയറ്റ്നാമിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ നോയ് ബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിസ ഓൺ അറൈവൽ നടപടികൾക്ക് ഒട്ടും കാലതാമസമുണ്ടായില്ല. അപേക്ഷാ ഫോറം പൂരിപ്പിച്ച് ഒരു ഫോട്ടോയും 25 ഡോളറും എയർപോർട്ടിലെ വിസ കൗണ്ടറിൽ നൽകിയാൽ അരമണിക്കൂറിനകംതന്നെ വിയറ്റ്നാം വിസ സ്റ്റാംപ് ചെയ്തുതരും. ലഗേജ് ബെൽറ്റിനടുത്തെത്തുമ്പോൾ സംഘാംഗങ്ങളിൽ ഒരാളുടെ രണ്ടു ബാഗുകൾ കാണുന്നില്ല. ഈ സഞ്ചാരം സാദ്ധ്യമാക്കിയ കേരള ട്രാവൽ സോണിന്റെ വിജയൻ, ലഗേജ് മിസ്സിംഗ് എന്നെഴുതി വെച്ച കൗണ്ടറിൽ പരാതി നൽകി. ഞങ്ങൾക്കുവേണ്ടി ബുക്ക് ചെയ്ത റോസാലിസ ഹോട്ടലിന്റെ അഡ്രസ്സും ഫോൺ നമ്പറും നൽകിയശേഷം ഹാനോയ് നഗരത്തിലേക്ക് യാത്രതിരിച്ചു.

നോയ് ബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് നാല്‍പ്പത്തഞ്ചു മിനിട്ടുമതി, വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിലെത്താന്‍. നഗരം ഉണർന്നു കഴിഞ്ഞിരിക്കുന്നു. Ha (നദി), Noi (അകത്തുള്ളത്) എന്നീ പദങ്ങൾ ചേർന്നാണ് ഹാനോയ് എന്ന വാക്കുണ്ടായത്. രണ്ടു നദികള്‍ക്കിടയിലാണ് ഈ നഗരത്തിന്റെ സ്ഥാനം; ചുവപ്പ് നദിയുടെയും എന്‍ഹ്യൂ നദിയുടെയും.വഴിയിലുടനീളമുള്ള ദൃശ്യങ്ങളെല്ലാം സഞ്ചാരികളെ വിസ്മയിപ്പിക്കുന്നതാണ്. ഏതൊരു വികസിത രാജ്യത്തുമുള്ളത്രയും ആധുനികമായ സംവിധാനങ്ങൾ. സുന്ദരവും വൃത്തിയുള്ളതുമായ ആറുവരിപ്പാതകൾ, പാതകൾക്കിടയിൽ മനോഹരമായ ഉദ്യാനങ്ങൾ. പാലങ്ങൾ, ഫ്ലൈഓവറുകൾ. 20 വർഷം നീണ്ടുനിന്ന യു. എസ് ആക്രമണത്തിൽ രാജ്യത്തിന്‍റെ വിഭവങ്ങളും നിർമ്മിതികളുമെല്ലാം തകർന്നുപോയെങ്കിലും വിയറ്റ്നാം ജനതയുടെ മനോവീര്യം തകർക്കാൻ അമേരിക്കൻ പട്ടാള മുന്നേറ്റത്തിനായിരുന്നില്ല. അവരുടെ മനക്കരുത്തിനും തന്ത്രപരമായ ഗറില്ലാ യുദ്ധമുറകൾക്കും മുന്നിൽ സഖ്യസേനകളുടെ അടവുകളെല്ലാം പിഴച്ചുപോവുകയാണുണ്ടായത്.

1973ൽ അമേരിക്കയെ തോൽപ്പിച്ച യുദ്ധത്തിൽനിന്ന് കരകയറി അതിഗംഭീരമായി വിയറ്റ്നാം വളർന്നുമുന്നേറിയ കാഴ്ചകൾ വഴിയിലെങ്ങും ഞങ്ങൾ കണ്ടു. യുദ്ധം തീർന്നതിനുശേഷം അവർ മെല്ലെ മെല്ലെ, തികഞ്ഞ ജാഗ്രതയോടെ, നാടിന്റെ പുരോഗതിക്കായുള്ള പ്രവർത്തനത്തിലേക്ക് കടക്കുകയും അതിൽ വലിയതോതിൽ വിജയിക്കുകയും ചെയ്തു എന്ന് ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങൾ.

ഹാനോയ് നഗരത്തോടടുക്കുമ്പോൾ വിസ്തൃതമായ ചുവപ്പുനദിക്കു കുറുകെയുള്ള താങ് ലോംഗ് പാലം മുറിച്ചുകടന്നാണ് നാം മുന്നോട്ടുപോകുന്നത്. 1985ൽ സോവിയറ്റ് യൂനിയന്റെ സഹായത്തോടെ നിർമ്മിച്ച, മൂന്നര കിലോമീറ്റർ നീളമുള്ള ഈ പാലം സോവിയറ്റ് — വിയറ്റ്നാം സൗഹൃദപ്പാലമെന്നാണ് അറിയപ്പെടുന്നത്. ചുവപ്പുനദിക്കുകുറുകെ ഹാനോയിൽ ആറു പാലങ്ങളുണ്ട്.

വടക്കൻ വിയറ്റ്നാമിലിത് ശരത്കാലമാണ്. മഴമേഘങ്ങളകന്ന്, തണുപ്പിലേക്ക് പതിയെപ്പതിയെ നീങ്ങുന്ന കാലം. വിളവെടുപ്പിനു ശേഷമുള്ള പൗര്‍ണ്ണമിയുത്സവമെല്ലാം അവസാനിച്ച സമയം. ആകാശത്തിന് തെളിഞ്ഞ നീലനിറമാണ്. അങ്ങിങ്ങ് വന്ധ്യമേഘങ്ങൾ ചിതറിക്കിടക്കുന്നു. പകൽ സമയത്തെ കൂടിയ ചൂട് 28 ഡിഗ്രിയാണ്. രാത്രികാലത്ത് അത് 18°Cലേക്ക് താഴുന്നു. സഞ്ചാരികൾക്ക് വിയറ്റ്നാം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലം. വഴിയോരങ്ങളിൽ മരച്ചില്ലകൾ സ്വർണ്ണശോഭ കലർന്ന മഞ്ഞയിലകളുമായ് ചാഞ്ചാടുന്നു.

റോസാലിസ ഹോട്ടലിലെത്തുമ്പോൾ 12 മണി. ഏറെ ഹൃദ്യമായിരുന്നു അവരുടെ അതിഥി പരിചരണങ്ങൾ. പ്രധാനപാതയിൽനിന്ന് അൽപം അകലെയുള്ള തെരുവിലാണ് ഞങ്ങളുടെ ഹോട്ടൽ. കൊച്ചുകൊച്ചു ഷോപ്പിംഗ് കേന്ദ്രങ്ങളും ഒന്നുരണ്ടു റസ്റ്ററണ്ടുകളും മസാജ് പാർലറുകളും ഈ തെരുവിലുണ്ട്. പ്രസിദ്ധമായ ഹാൻ കീം തടാകം, ഓപ്പറ ഹൗസ്, തിരക്കേറിയ ഓൾഡ് സ്ക്വയർ എന്നിവിടങ്ങളിലേക്ക് നടന്നെത്താവുന്ന ദൂരമേ ഇവിടുന്നുള്ളൂ. സഞ്ചാരികൾ താമസസ്ഥലം തെരഞ്ഞെടുക്കുമ്പോൾ ഏറ്റവുംകൂടുതൽ ശ്രദ്ധിക്കുന്നത് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനുള്ള സൗകര്യമാണ്. അതുകൊണ്ടുതന്നെ നിശാജീവിതം ആസ്വദിക്കാനെത്തുന്ന യാത്രികർക്ക് ഏറെ പ്രിയങ്കരമാവുക ഇതുപോലുള്ള ഹോട്ടലുകളാണ്.

അൽപ്പമകലെ, ഓൾഡ് സ്ക്വയറിലുള്ള ‘നമസ്തേ ഹാനോയ്’ എന്നുപേരുള്ള ഒരു ഇന്ത്യൻ റസ്റ്ററണ്ടിലേക്കാണ് ഉച്ചഭക്ഷണം കഴിക്കാനിറങ്ങിത്. ഫിഷ് കറിയോടുകൂടിയ ചോറും ചപ്പാത്തിയും അടങ്ങുന്ന നോർത്ത് ഇന്ത്യൻ താളിയാണ് കഴിച്ചത്. ചിക്കൻ മസാലദോശയും മട്ടൺ രാജ്മ മസാലയുമാണ് ഇവിടത്തെ സ്പെഷ്യൽ വിഭവങ്ങൾ. എന്ത് ഓർഡർചെയ്യണമെന്ന് സംശയിച്ചുനിൽക്കുന്നവർക്ക് മെനുവിന്റെ സവിശേഷത പറഞ്ഞുതരാൻ ഉടമസ്ഥനായ ഗോപിതന്നെ മേശയ്ക്കരികിലെത്തും. ഈ ഹോട്ടലിലെ പാചകത്തിനാവശ്യമായ ഔഷധ സസ്യയിലകളടക്കം പലതും ഇന്ത്യയിൽനിന്നുതന്നെയാണ് കൊണ്ടുവരുന്നത്. വിഭവങ്ങളൊരുക്കുന്ന ഏഴ് പ്രധാനപാചകക്കാരും ഇന്ത്യക്കാരാണ്.

വിശാലമായ മുറിയിലേക്കാണ് ഞങ്ങൾ പ്രവേശിച്ചത്. രണ്ടുപേർക്ക് കിടക്കാവുന്ന, നല്ല വൃത്തിയും വെടിപ്പുമുള്ള മുറി. മേശപ്പുറത്തുള്ള ട്രേയിൽ, ഒരു കാപ്പി തിളപ്പിച്ച് കഴിക്കണമെങ്കിൽ അതിനാവശ്യമായ കെറ്റിലും പാൽപ്പൊടി, പഞ്ചസാര, കാപ്പിപ്പൊടി എന്നിവയും ഒരുക്കിവെച്ചിട്ടുണ്ട്. കൂടാതെ, കുറച്ചു ചോക്ലേറ്റുകളും അൽപം ഉണക്കിയ പഴങ്ങളും രണ്ടുകുപ്പി ശുദ്ധജലവും. ഒരു ചെറിയ ഫ്രിഡ്ജിൽ, ആവശ്യമെങ്കിൽ വിലകൊടുത്തു വാങ്ങാവുന്ന, ഹാനോയ് ബിയറും മറ്റു ശീതളപാനീയങ്ങളും ഉണ്ട്.

ഹാനോയിലെ പഴയ ചത്വരത്തില്‍, ഹാൻകീം ശുദ്ധജല തടാകമദ്ധ്യത്തിലെ ചെറുദ്വീപിലുള്ള നോപ്സൺ ക്ഷേത്രത്തിലേക്ക് സഞ്ചാരികള്‍ നടന്നടുക്കുന്നത് ഒരു പാലമേറിയാണ്. ആദ്യകാലത്ത് ക്ലാസിക്കൽ വിയറ്റ്നാമീസ് ശിൽപ്പമാതൃകയിൽ മരംകൊണ്ട് നിർമ്മിച്ച ഈ പാലം ഒന്നരനൂറ്റാണ്ട് മുമ്പ് കോൺക്രീറ്റ് പാളികൾ ചേർത്ത് ശക്തിപ്പെടുത്തിയതാണത്രെ. എങ്കിലും, നമ്മുടെ കാഴ്ചയിൽ, ഈ പാലത്തിന്റെ സവിശേഷമായ പ്രാചീനഭാവത്തിന് ഇപ്പോഴും കോട്ടംതട്ടിയിട്ടില്ല. നിശാവേളകളിൽ തടാകത്തിനു സമീപമുള്ള തെരുവിലൂടെ അലഞ്ഞുതിരിയുമ്പോൾ, ദൂരെനിന്നുപോലും രക്തശോഭയാർന്ന പ്രകാശവിന്യാസത്തിൽ സൺഷൈൻ പാലം നമുക്കു ദൃശ്യമാവുന്നു.

പാലം പിന്നിടുമ്പോള്‍ കാണുന്ന, ശില്‍പ്പമനോഹരമായ ക്ഷേത്രകവാടത്തിന്റെ ഇടതുവശത്ത് ആമയുടെയും വലതു വശത്ത് ഡ്രാഗണിന്റെയും ചിത്രം. പതിമൂന്നാം നൂറ്റാണ്ടിൽ മൂന്ന് ലക്ഷം പടയാളികളുമായി വിയറ്റ്നാമിനെ ആക്രമിക്കാൻവന്ന മംഗോളിയൻ സാമ്രാജ്യാധിപൻ കുബ്ലെ ഖാന്റെ പട്ടാളത്തെ തോൽപിച്ച വീരനായ പട്ടാള ജനറൽ ട്രാൻ ഹുങ് ദാവോയ്ക്ക് വേണ്ടി സമർപ്പിച്ചിരിക്കുകയാണ് ഈ ക്ഷേത്രം. പഗോഡയിലെ ഗര്‍ഭഗൃഹത്തിലെ അള്‍ത്താരയില്‍ അദ്ദേഹത്തിന്റെ പ്രതിമയ്ക്കൊപ്പം തത്വജ്ഞാനിയായ വാന്‍ ഡി ക്വാനിന്റെയും മഹായാന ബുദ്ധന്റെയും പ്രതിമകള്‍ ഇടം നേടിയിട്ടുണ്ട്. പുരാവസ്തുക്കളുടെ കൂട്ടത്തില്‍ തടാകത്തില്‍നിന്ന് കണ്ടെടുത്ത ഭീമന്‍ ആമയുടെ ഒരു തനിപ്പകര്‍പ്പും അവിടെക്കാനാം. അര്‍ച്ചനയ്ക്കുള്ള വസ്തുക്കളായി സമര്‍പ്പിക്കപ്പെട്ട പലയിനം പഴവര്‍ഗ്ഗങ്ങളും നിരത്തിവെച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് അൽപം കുളിർമ്മതേടി നടക്കുമ്പോൾ വൃക്ഷനിബിഡമായ തടാകതീരവും ക്ഷേത്രാങ്കണവും സഞ്ചാരികൾക്ക് ഒരു സമാശ്വാസമാണ്.

ഹനോയിലെ നൈറ്റ്‌ മാര്‍ക്കറ്റ് വളരെ പ്രസിദ്ധമാണ്. വിയറ്റ്നാമിന്റെ വൈവിദ്ധ്യമാർന്ന രുചിഭേദങ്ങളറിയാൻ ഭക്ഷണശാലകളിൽ കാത്തിരിക്കുന്ന നൂറുകണക്കിനാളുകളെ ബിയർ സ്ട്രീറ്റിൽ കാണാം. ഇതൊരു ഭക്ഷണത്തെരുവാണ്. വിവിധയിനം വിഭവങ്ങളുടെ വർണ്ണചിത്രങ്ങളോടുകൂടിയതാണ് അവിടങ്ങളിലെ മെനു കാർഡുകളെല്ലാം. ഓരോ വിഭവത്തിന്റെയും പേരറിയണമെന്ന് നിർബന്ധമില്ല. മെനു കാർഡിലെ ചിത്രം നോക്കി, അവയുടെ വിലയും മനസ്സിലാക്കിയശേഷം നമുക്കാവശ്യമുള്ളത് കാണിച്ചുകൊടുത്താൽ മതി. പിന്നെ, ആ പാതയോരങ്ങളിലെ ഏതെങ്കിലുമൊരു കടയ്ക്കുമുന്നിൽ നിരത്തിയിട്ട കുഞ്ഞു സ്റ്റൂളുകളിലിരുന്ന്, ചെറുമേശകളിൽ വന്നുനിറയുന്ന വിഭവങ്ങൾ നമുക്കും ആസ്വദിക്കാം.

അര്‍ദ്ധരാത്രി കഴിഞ്ഞാല്‍ ഇവിടെ കച്ചവടം തുടരാൻ അനുവാദമില്ല. ഉൽപന്നങ്ങളെല്ലാം ഒഴിവാക്കി കച്ചവടക്കാർ സ്ഥലംവിട്ട ഉടനെ താൽക്കാലിക കച്ചവടകേന്ദ്രങ്ങളാക്കി മാറ്റിയ ഈ ടെന്റുകൾ മുഴുവൻ അഴിച്ചുമാറ്റി നഗരം ശുചിയാക്കുന്നു. സന്ധ്യയ്ക്കുമുമ്പ് തെരുവ് എങ്ങനെയിരുന്നോ അതേ അവസ്ഥയിലേക്ക് ആ പഴയ ചത്വരം അതിവേഗം തിരിച്ചെത്തുന്നു. വാഹനങ്ങൾ ഓടിത്തുടങ്ങുന്നു.

നാട്ടുകാർക്കും അതിഥികളായെത്തുന്നവർക്കും മാനസികോല്ലാസത്തിനും പ്രദേശവാസികളായ ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ കണ്ടെത്താനും ഒപ്പംതന്നെ നഗര സംരക്ഷണത്തിനും ശുചീകരണത്തിനുമെല്ലാം ബദ്ധശ്രദ്ധരായ ഒരു ഭരണസംവിധാനത്തിന്റെ സാന്നിദ്ധ്യമാണ് ഹാനോയ് നഗരഹൃദയത്തിൽ നമുക്ക് ദർശിക്കാനാവുന്നത്. ഈ നിശാതെരുവുകളുടെ മാതൃക കണ്ണൂരും കോഴിക്കോടും തൃശൂരും കൊച്ചിയും ആലപ്പുഴയും കൊല്ലവും തിരുവനന്തപുരവും പോലുള്ള നഗരങ്ങളിൽ നമുക്കും പിന്തുടരാവുന്നതാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സഞ്ചാരികളെ ആകർഷിക്കാനും പ്രാദേശികവിഭവങ്ങൾ ഇതരദേശക്കാർക്ക് പരിചയപ്പെടുത്തുന്ന വ്യത്യസ്തമായ ഒരു വിപണിക്ക് രൂപംനൽകാനും തൊഴിലില്ലായ്മ പരിഹരിക്കാനും ഈ മാതൃക നമ്മെ സഹായിക്കും എന്നുറപ്പാണ്.

Exit mobile version