മഴക്കണ്ണാടി എന്ന പുസ്തകത്തിലെ മോഹൻലാലിന്റെ അവതാരിക ഓർമ്മ വരുന്നു. ജീവിതത്തിൽ വേദന തിന്നുമടുക്കുമ്പോ മനുഷ്യൻ ചിരിക്കാൻ പഠിക്കുന്നു. മുഖപടം അഴിച്ചുമാറ്റിയാല്‍ പല കോമാളികളുടേയും കവിളിലൂടെ കണ്ണീരൊലിച്ചിറങ്ങിയ ചാലുകള്‍ കാണാനാകുമെന്ന് മഴക്കണ്ണാടി സാക്ഷ്യപ്പെടുത്തുന്നു. ഫെബ്രുവരി നാലിന് ഇന്നസെന്റിന്റെ പുസ്തകങ്ങളാണ് മനസ്സിൽ വരിക. ഓങ്കോളജി ഡിപ്പാർട്മെന്റിൽ മുകളിലേക്ക് ആഞ്ഞുവലിച്ച് ആകുലതയോടെ നെഞ്ചിൽ കൈ വെച്ച് ‘ദൈവമേ ’ എന്ന് വിളിക്കുന്ന സാധാരണക്കാരനും, ‘ദൈവത്തെ ശല്ല്യപ്പെടുത്തരുത് ’ എന്ന പുസ്തകമെഴുതിയ ഇന്നസെന്റും. പെൺകുട്ടികൾ മാത്രമുള്ള അച്ഛന്റെ മകളായി ജീവിച്ച് ആൺമക്കൾ മാത്രമുള്ള അച്ഛന്റെ മരുമകളായപ്പോൾ അവരെന്നെ ഒട്ടും നിരാശപ്പെടുത്തിയില്ല. ഒരുപാട് സ്നേഹം തന്നു. “എടി വിജിയേ ഒരു ഗ്ലാസ് വെള്ളം എടുത്തേ “ന്ന് പറഞ്ഞ് വരുന്ന അച്ഛനിങ്ങനെ മുന്നിൽ നിൽക്കണ പോലെ തോന്നും. അച്ഛനെ പലപ്പോഴും നോക്കുമ്പോൾ മുത്തച്ഛാ എന്ന് വിളിക്കാൻ തോന്നും. തല നരച്ച് വൃദ്ധനായിട്ടും എന്നും പണിക്ക് പോയി ഒരു ചെമ്പ് നിറയെ മീനും കൊണ്ടാവും വരവ്. സിഗരറ്റ് മണത്താൽ ഭാര്യക്കും മക്കൾക്കും പ്രശ്നമാണെന്ന ചിന്താഗതിയുള്ള വിജയച്ഛൻ പുകവലിക്കുന്നവരുടെ ഇടയിൽപ്പോലും ഞങ്ങളെ നിർത്താറില്ല. മദ്യപാനികൾക്ക് മക്കളെ പരിചയപ്പെടുത്താറില്ല. അഥവാ റോഡിലൂടെ പോകുന്ന ആരെങ്കിലും വലിച്ച ബാക്കികുറ്റി പണ്ട് എട്ടായിരം രൂപ സെന്റിന് കൊടുത്ത് വാങ്ങിയെന്ന് പറയുന്ന പറമ്പിലേക്ക് എറിഞ്ഞാൽ പിന്നെ ഹൈഡ് ആൻഡ് സീക് കളിക്കുംപോലെ തിരഞ്ഞു പിടിച്ച് ആ കുറ്റി എടുത്ത് റോഡിലേക്ക് ഒറ്റ ഏറാണ്.
ഒപ്പം വിമർശനാത്മക നിലപാടിലെ പിറുപിറുക്കലും. സിഗരറ്റിന്റെ മണം ഞങ്ങൾക്കൊട്ടും ഇഷ്ടമായിരുന്നില്ല. മദ്യവും ബീഫും വീട്ടിൽ ഹറാമാണ് അന്നും, ഇന്നും. ഉഷാമ്മയുടെ വിളക്ക് വെപ്പും, പ്രാർത്ഥനയുമൊക്കെയാണ് ഉഷസ്സിന്റെ നിയമാവലി. സിഗരറ്റ് വലിക്കാരൻ അമ്മായിഅപ്പനായിരുന്നു കയറി വന്ന വീടിന്റെ ഐശ്വര്യം. സത്യം പറഞ്ഞാ അല്പം ദുഃശീലമുള്ളവരെ എനിക്കിഷ്ടമാണ്. മക്കൾക്കാർക്കും ഇല്ലാത്ത ഈ ശീലഗുണം അച്ഛൻ എവിടന്നു പഠിച്ചു എന്നത് അത്ഭുതം തന്നെ. ടോവിനോ തോമസിന് തീവണ്ടി എന്നു പേരിട്ട പോലെ അച്ഛനൊരു മിനിമം കൊച്ചിമെട്രോ എന്നു പേരിടണമായിരുന്നു. ഒന്ന് കഴിഞ്ഞാൽ അടുത്തത് എന്നായിരുന്നു അവസ്ഥ. ചുണ്ടും നാവും കറുപ്പ് പടർന്ന് കുമാരൻ എന്ന പേരിനെ പറയിപ്പിക്കും വിധം പടുകിളവനായിരുന്നു അച്ഛൻ. എന്റെ കണ്ണ് അച്ഛന് വലിയ ഇഷ്ടമായിരുന്നു. വലിയ കണ്ണും, ചെറിയ കാലും ഉള്ള പെൺകുട്ടികൾ ഭാഗ്യവതികളാണെന്ന് എന്നോട് പറയുമായിരുന്നു. അച്ഛൻ എന്റടുത്ത് നല്ല കമ്പനി ആയിരുന്നു. കുറേ നേരം സംസാരിക്കും, അമ്മയോട് പോലും പറയാത്ത രഹസ്യങ്ങൾ പറയും. ചൂണ്ടുവിരലും, നടുവിരലും മുകളിലേക്കുയർത്തി മോതിരവിരലിനു നടുവിൽ വെച്ച് വ്യത്യസ്തമായ രീതിയിൽ സിഗരറ്റ് വലിക്കുന്നത് അച്ഛന്റെ കഴിവായിരുന്നു. കാണാൻ നല്ല രസമാണ്. കറ പിടിച്ച തടിച്ചു തിണർത്ത ചുണ്ടുകൾ അച്യുതാനന്ദൻ സ്റ്റൈലിൽ ആക്കിയാണ് അച്ഛൻ “വിജിയേ “ന്ന് വിളിക്കാറ്. ഇടക്ക് ഞങ്ങൾ സിനിമ കാണുമ്പോ ‘ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശം പിഴിഞ്ഞാൽ’ എന്നു കേൾക്കുമ്പോൾ, പിഴിയുന്ന കരിവെള്ളം കാണുമ്പോൾ ഞങ്ങൾ അച്ഛനെ നോക്കും. “അത് ശരാശരിക്കാരനാടീ , ഇത് അതുക്കും മേലെ ” എന്ന് അച്ഛൻ തമാശ പറയും. നേരംപോക്കി സംസാരങ്ങളിൽ, അടുക്കള പാചകങ്ങളിൽ, വിഷു കൈനീട്ടങ്ങളിൽ അമ്മയേക്കാളും തിളക്കമുള്ള മുഖം അച്ഛന്റേതു തന്നെ. തണുപ്പ്കാലമായാൽ ഞാനും അച്ഛനും ചുമ തുടങ്ങും.
അച്ഛന്റെ സിഗരറ്റ് ചുമയും, എന്റെ അലർജി ചുമയും വീട് കുലുക്കും. ‘നമ്മള് രണ്ടാളും ഉള്ളോണ്ട് കള്ളൻ വരൂല പെണ്ണേ‘ന്ന് അച്ഛൻ തമാശ പറയും. കാലം മാറിയപ്പോ എന്റെ ചുമ മാറി, അച്ഛൻ രാവും പകലും ചുമയ്ക്കാൻ തുടങ്ങിയതിന് ശേഷമാണ് വീട് കുലുക്കം നിർത്തി നിശ്ചലമാവാൻ തുടങ്ങിയത്. കാണുന്നിടത്തുനിന്നെല്ലാം സിഗരറ്റെടുത്ത് അമ്മ നശിപ്പിക്കാൻ തുടങ്ങി, തീപ്പെട്ടി, ലൈറ്റർ ഇത്യാദി വസ്തുവകകൾ ഒളിപ്പിക്കാൻ തുടങ്ങി. സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ ആ ഗൃഹനാഥൻ കള്ളത്തരങ്ങളും പഠിക്കാൻ തുടങ്ങി. ഏട്ടന്മാരും, അമ്മയും ഇടക്കിടക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകുമായിരുന്നു. ഞങ്ങൾക്കൊന്നും അസുഖത്തെക്കുറിച്ച് അറിയില്ല. അച്ഛന്റെ ശബ്ദത്തിന് പെട്ടന്ന് പ്രശ്നം വന്നു. പറ്റായ്മകളിലാണ് ഒരാൾക്ക് ആസക്തി കൂടുന്നതെന്ന് പലപ്പോഴും എനിക്ക് തോന്നി. ‘മാറ്റാനാവാത്ത ഒന്നേയുള്ളു, മാറ്റം ’ എന്നത് ശുദ്ധഅസംബന്ധമാണ്. പതിവായി ശീലിച്ച ഒരു ലഹരിയെ അത്ര എളുപ്പത്തിലൊന്നും മാറ്റാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. ശീലങ്ങളെ വളരെ എളുപ്പം കുടഞ്ഞെറിഞ്ഞിട്ട് തിരിച്ചു നടക്കാൻ പറ്റില്ലെന്നത് പച്ചപരമാർഥം ! അച്ഛനത് ജീവിതം കൊണ്ട് തെളിയിച്ചു. ആശുപത്രി സന്ദർശനങ്ങൾ കൂടി. ഉളിയും, മുഴക്കോലും താഴെ വെച്ച്, അച്ഛൻ വീണ്ടും അസുഖങ്ങളിലേക്ക് ചുരുങ്ങി. ഓരോ തവണ ആശുപത്രിവാസം കഴിഞ്ഞു വരുമ്പോഴും അച്ഛന്റെ മുടിയിഴകൾ പൊഴിഞ്ഞു വീഴാൻ തുടങ്ങി. “വിജീ, ന്റെ മുടിയൊക്കെ പോണെടീ ” എന്ന് പറയുമ്പോ ഞാൻ പറയും. “ഇപ്പൊ മുടി കൊഴിയണ കാലമാച്ഛാ, അതാവും ” അപ്പൊ നീളൻ താടിയെല്ല് കുലുക്കി ചിരിക്കും. അമ്മ എങ്ങോടേലും പോണ സമയത്ത് അച്ഛൻ ടോയ്‌ലറ്റില്‍ കയറും സിഗരറ്റിന്റെ പുക പുറത്തേക്ക് വരും. “അച്ഛാ, പുക എവിടുന്നാ? ” “അമ്മയോട് പറയണ്ട ട്ടാ, ഇനി വലിക്കൂല ” എന്ന് സത്യം ചെയ്യും. ലഹരിക്കടിമപ്പെട്ടവരെ കാണുമ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നാറുണ്ട്.
സകലമാന സുഖസൗകര്യങ്ങളും വേണ്ടെന്നു വെച്ച് നീറുന്ന മരണം തരുന്ന വസ്തുവിലേക്കുള്ള പതനം ഭീകരമാണ്. കണ്ടു നിൽക്കാനുള്ള ത്രാണിയില്ലെങ്കിലും ആ നിമിഷം ആ വസ്തു കൊടുക്കുന്ന സന്തോഷം അവരുടെ കണ്ണുകളിൽ തെളിയും. ആ നോക്കിനിൽപ്പിന് നിസ്സഹായത എന്ന് വിളിപ്പേരിടാൻ എനിക്കിഷ്ടമില്ല. സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുന്നവരെ കാണുമ്പോൾ ഹൃദയം പൊട്ടിയാണെങ്കിലും നോക്കി നിൽക്കുന്നതിനെ എന്ത് വിളിക്കണമെന്ന് അറിയില്ല. ഒന്നും വിളിക്കാതെ നോക്കി നിൽക്കുക, അത്ര തന്നെ. കീമോ അച്ഛന്റെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബലഹീനമാക്കി. കവിതയെഴുതാറുള്ള വിജിഷ, ചിലപ്പോഴൊക്കെ നേഴ്സ് വിജിഷയായി. ഗുളികയൊക്കെ കൊടുക്കുമ്പോൾ കുഞ്ഞുകുട്ടികളെപ്പോലെ ഇരിക്കും. മകളായിക്കണ്ട കണ്ണുകളിൽ അജ്ഞത നിഴലിക്കാൻ തുടങ്ങിയതിനാൽ ഭീതിയിലാണ്ടു. പിജി ക്ലാസിന് പോകുന്ന എന്നോട് പലപ്പോഴും കയർത്തു. രാത്രി റൂമിലിരുന്ന് പഠിക്കുന്നതിന് വെറുതെ ദേഷ്യപ്പെട്ടു. മിണ്ടാതിരുന്നു. ഒറ്റപ്പെടലിൽ ഒരാൾക്കുണ്ടാവുന്ന വികാരങ്ങളെ അന്നാണ് ഞാൻ കണ്ടറിഞ്ഞത്. ഭ്രാന്തമായ, വന്യമായ മറ്റേതോ ജീവിയാകുന്ന നേരങ്ങളിൽ പരസ്പരം എന്തൊക്കെയോ പിറുപിറുത്ത് ഉമ്മറത്തിരിക്കുന്ന അച്ഛനെക്കണ്ട് ഞങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടു.
അടുക്കളയിൽ നിന്ന് മീൻ വറുത്തത് കട്ടു തിന്നുന്ന, കുളിക്കാൻ കയറി മേല് വെള്ളമൊഴിക്കാതെ ഇറങ്ങിപ്പോരുന്ന, വെറുതെ കൈകൊണ്ട് സിഗരറ്റ് വലിയുടെ ആംഗ്യം കാണിക്കുന്ന, അർധരാത്രികളിൽ വാവിട്ട് കരയുന്ന പുതിയൊരു മുഖമുള്ള അച്ഛനെ ചില നേരങ്ങളിൽ പേടിയായി. യൂറോപ്യൻ ഫിക്ഷൻ എക്സാം കഴിഞ്ഞിറങ്ങിയപ്പോൾ ഫോണിൽ നാല് മിസ്സ്ഡ് കോൾസ്. തിരിച്ചു വിളിച്ചപ്പോൾ ട്രെയിൻ കാത്തു നിൽക്കേണ്ട വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞു. എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി. “വിജിഷയോട് അച്ഛന് പ്രത്യേക വാത്സല്യമുണ്ടായിരുന്നു അവൾ വന്നിട്ട് എടുക്കാം ” എന്ന കുടുംബക്കാരുടെ സംസാരത്തിൽ ഞാൻ വരുവോളം അച്ഛൻ വെള്ളമുണ്ടിൽ പൊതിഞ്ഞു കിടന്നു. കണ്ണീരോടെ അവസാനമായി തീർത്ഥമുറ്റിക്കുമ്പോൾ എന്നോ കരിഞ്ഞുപോയ ചുണ്ടിൽ ഇനിയും തീരാത്ത സ്നേഹമുണ്ടായിരുന്നു. നല്ല സ്നേഹങ്ങൾക്ക് കാലാവധി കുറയുമെന്നത് പ്രപഞ്ചസത്യമാണ്. വരിഞ്ഞിരുക്കിയ ഞണ്ടിൻ കൂട്ടങ്ങൾ കൂട്ടത്തോടെ തറവാട്ട് ശവപ്പറമ്പിൽ കുഴിച്ചു മൂടപ്പെട്ടു. മരിച്ചവരെകുറിച്ചെഴുതാൻ എനിക്കിഷ്ടമില്ല. ആരും മരിച്ചുപോകുന്നില്ല. എന്നിട്ടും ഈ കുറിപ്പെഴുതുമ്പോൾ എവിടന്നാണ് സിഗരറ്റ് മണക്കുന്നത്?