ഓഫിസിൽ ഒരു വെള്ള പേപ്പറിൽ വെറുതെ വരച്ചെടുത്ത ‘തക്കുടു’ ചരിത്രത്തിന്റെ ഭാഗമായതിന്റെ സന്താേഷത്തിലാണ് തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച് എച്ച്എസ്ഇ വിഭാഗം സീനിയർ ക്ലാർക്കായ വിനോജ് സുരേന്ദ്രൻ.
സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്നതിന്റെ ആലോചന യാേഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ആവശ്യമായിരുന്നു നിഷ്‌കളങ്കതയുള്ള ഒരു ഭാഗ്യചിഹ്നം വേണമെന്നത്. അണ്ണാറക്കണ്ണന്റെ ചിത്രത്തിന് വ്യത്യസ്ത ഭാവങ്ങൾ നൽകിയത് ലോഗോയ്ക്കായി അപേക്ഷ ക്ഷണിച്ചപ്പോൾ മാതൃകയായി നൽകുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ മാതൃകയോളം എത്താത്ത അപേക്ഷകളെ പിന്തള്ളിയതോടെ തക്കുടു പിറന്നു.
ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന സ്കൂൾ കായികമേളയുടെ ‘വൈബാ‘ണ് ഇന്ന് തക്കുടു. സ്പോർട്സ്‌മാൻ സ്പിരിറ്റോടെ ചിരിതൂകി നിൽക്കുന്ന തക്കുടു എന്ന അണ്ണാറക്കണ്ണൻ മേളയിൽ വ്യത്യസ്തവും പ്രിയങ്കരവുമായി. തക്കുടു എന്ന പേര് നൽകിയത് അന്നത്തെ പൊതുവിദ്യാദ്യാസ ഡയറക്‌ടറായ എ ഷാജഹാൻ ആണ്.
ഡിജിറ്റൽ ക്രിയേറ്റർ, എഐ സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിനോജ് ആണ് കഴിഞ്ഞ വൊക്കേഷണൽ എക്‌സ്‌പോയുടെയും ലോഗോ വരച്ചത്. ഇ ഗവേണൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ ദേശീയ പരിശീലനം ലഭിച്ച വിനോജിനെ തേടി ഇ ഗവേണൻസ് പ്രവർത്തനത്തിന് രണ്ടുവട്ടം ദേശീയ അവാർഡ്, രാഷ്ട്രപതിയുടെ അംഗീകാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. സംസ്ഥാന ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിന്റെ ഛായാഗ്രഹണത്തിനുള്ള അവാർഡ് ജേതാവ് കൂടിയാണ്. വിഎച്ച്‌എസ്‌ഇ വകുപ്പിലെ ഐടി നോഡൽ ഓഫീസർ കൂടിയായ വിനോജ് കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട സ്വദേശിയാണ്.