കേരള മഹിളാ സംഘം ജില്ലാ പഠന ക്യാമ്പ് കരുനാഗപ്പള്ളി ലാൽക്വില ഹാളിൽ നടന്നു. മഹിളാ സംഘം ആദ്യകാല പ്രവർത്തകരിൽ ഒരാളായ പി രാജമ്മ പതാക ഉയർത്തി. മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. രാജ്യത്തിനുതന്നെ മാതൃകയാകുന്ന വിദ്യാഭ്യാസ, ആരോഗ്യ മേഖലയെ സൃഷ്ടിക്കാൻ ഇടത് സർക്കാരിന് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും പുതിയ സംരംഭങ്ങൾ ആരംഭിക്കാനും ഈ കാലയളവിൽ സർക്കാരിന് കഴിഞ്ഞു.
അഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് വീട് നൽകിയ സർക്കാരാണ് കേരളത്തിലുള്ളത്. എന്നാൽ കേന്ദ്ര സർക്കാര്‍ വലിയ അവഗണനയാണ് കേരളത്തോട് ഉള്ളതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ലോകത്ത് എവിടെയായാലും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. പൊതു സമൂഹം ഒറ്റക്കെട്ടായി ഇതിനെതിരെ പ്രതികരിക്കണം. തൊഴിലിടങ്ങളിൽ സ്ത്രീ-പുരുഷ തുല്യത ഉറപ്പ് വരുത്തണം. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ഒരു അതിക്രമവും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സ്വാഗതസംഘം ചെയർപേഴ്സണ്‍ വിജയമ്മ ലാലി അധ്യക്ഷത വഹിച്ചു. കൺവീനര്‍ അഡ്വ. എം എസ് താര സ്വാഗതം ആശംസിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി ബഞ്ചമിൻ അഭിവാദ്യം ചെയ്തു സംസാരിച്ചു.
മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി വസന്തം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍, മഹിളാസംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ: ആർ ലതാദേവി എന്നിവര്‍ വിവിധ വിഷയത്തില്‍ ക്ലാസ് നയിച്ചു. ജില്ലാ പ്രസിഡന്റ് കെ ജഗദമ്മ ടീച്ചർ ക്യാമ്പിന്റെ ലീഡറായി പ്രവർത്തിച്ചു. കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ഷേർളി ശ്രീകുമാർ നന്ദി പറഞ്ഞു.