Site iconSite icon Janayugom Online

മേഘാലയയില്‍ വ്യാപക സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മേഘാലയയില്‍ വ്യാപക സംഘര്‍ഷം. ഒരാള്‍ കൊല്ലപ്പെട്ടു. ഈസ്റ്റേണ്‍ വെസ്റ്റ് ഖാസി ഹില്‍സിലെ മയിരങ്, ഈസ്റ്റ് ഖാസി ഹില്‍സിലെ ഷെല്ല, വെസ്റ്റ് ജയന്തിയ ഹില്‍സിലെ മൊകയ്യാവ് നിയോജക മണ്ഡലങ്ങളിലാണ് സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊകയ്യാവിലെ സഹസ്നിയാങ് ഗ്രാമത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മയിരങ്ങിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവിടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫിസിനു നേരെയും ആക്രമണമുണ്ടായി.

ഓഫിസിന്റെ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ അഗ്നിക്കിരയാക്കി. മയിരങ് അസംബ്ലി മണ്ഡലത്തിലെ ഫലങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് അനുഭാവികൾ വ്യാഴാഴ്ച ഡിസിയുടെ ഓഫിസ് ഉപരോധിച്ചതിന് തൊട്ടുപിന്നാലെയാണ് അക്രമം നടന്നത്. മേഘാലയ അസംബ്ലി സ്പീക്കറും യുഡിപി അധ്യക്ഷനുമായ മെത്ബ ലിങ്‌ദോയാണ് മണ്ഡലത്തില്‍ വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബത്‌സ്‌കെം റിന്താത്തിയാങ്ങിനെതിരെ 155 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനായിരുന്നു ലിങ്ദോയുടെ ജയം. അതേസമയം സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഒരു ചാനല്‍ തെറ്റായ വാര്‍ത്ത നല്‍കിയതാണ് ഷെല്ലയിലെ സംഘര്‍ഷത്തിനു കാരണമായത്. മൊകയ്യാവിലെ സഹസ്നിയാങ് ഗ്രാമത്തില്‍ രണ്ട് വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് അക്രമം അഴിച്ചുവിടുകയായിരുന്നു. ഇവിടെ തുടര്‍ന്നും അക്രമ സാധ്യത ഉള്ളതിനാലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് വെസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം നിലവില്‍ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: vio­lence in Megha­laya: One killed
You may also like this video

Exit mobile version