Site iconSite icon Janayugom Online

വിരാട് തുടരും; 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍, 18-ാം സീസണില്‍, 18-ാം നമ്പറുകാരന് കിരീടം

ഐപിഎല്‍ കിരീടം വിരാട് കോലിയെ പോലെ ആഗ്രഹിച്ച മറ്റൊരു താരമുണ്ടാകുമോ, ഇല്ലായെന്നാണ് ഉത്തരം. ഒടുവില്‍ 18ലെ മാജിക്കില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനും വിരാട് കോലിക്കും സ്വപ്നകിരീടം സഫലമായി. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 18-ാം സീസണില്‍ 18-ാം നമ്പറുകാരന്‍ കോലി കിരീടമുയര്‍ത്തിയപ്പോള്‍ താരത്തിനൊപ്പം ആരാധകരും ആനന്ദകണ്ണീര്‍ പൊഴിച്ചു. 

പഞ്ചാബ് കിങ്സിനെതിരെ അവസാന ഓവര്‍ ജോഷ് ഹെയ്സല്‍വുഡ് എറിയാനെത്തിയപ്പോള്‍ അവസാന പന്തിന് മുമ്പെ ബംഗളൂരു വിജയമുറപ്പിച്ചിരുന്നു. എന്നാല്‍ കാമറകണ്ണുകള്‍ ലക്ഷ്യം വച്ചത് ഒരാളിലേക്കായിരുന്നു. നിറഞ്ഞ കണ്ണുകളോടെ അയാള്‍ കരച്ചിലടക്കിപിടിക്കുന്നത് ദൃശ്യങ്ങളിലൂടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കണ്ടു. ടീമിനായി ഏറ്റവും മികച്ചത് നല്‍കിയിട്ടും പലതവണയായി നഷ്ടമായ കിരീടം നേടിയെടുത്തതിന്റെ ആ വൈകാരിക നിമിഷമായിരുന്നു കോലിയുടെ മുഖത്തുണ്ടായിരുന്നത്. ഒരുപക്ഷേ എതിര്‍ ടീമുകളുടെ ആരാധകര്‍ പോലും ആഗ്രഹിച്ചിരുന്നു, കോലി ഐപിഎല്‍ കിരീടമുയര്‍ത്തുന്നത് കാണാന്‍.
ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ചായിരുന്നു 17-ാം സീസണ്‍ വരെയും ബംഗളൂരു കളിച്ചത്. ഐപിഎല്ലിലെ ഏറ്റവും മാരകമായ കോമ്പിനേഷനായ എ ബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും വിരാട് കോലിയും ഒരുമിച്ച് ആര്‍സിബിക്കായി കളിച്ചിട്ടും കിരീടം മാത്രം ബംഗളൂരുവിലെത്തിക്കാനായില്ല. ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് എന്ന (2016, 973 റൺസ്) റെക്കോഡ് കോലി സ്വന്തമാക്കിയ വർഷം, അ­ന്ന് കോലിയായിരുന്ന ക്യാപ്റ്റന്‍. എന്നിട്ടും കിരീടം നേടാനായില്ല. പിന്നാലെയായിരുന്നു ഇന്ത്യന്‍ ടീമിന്റെയും ആര്‍സിബിയുടെയും നായകപദവി കോലിയുപേക്ഷിച്ചത്. എന്നാല്‍ ഇന്നും ബംഗളൂരുവിനായി സീസണില്‍ മികച്ച പ്രകടനം നടത്തിയത് കോലി തന്നെയാണ്. ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റര്‍മാരുടെ ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തിൽ 657 റൺസുമായി 36കാരനായ വിരാട് കോലി മൂന്നാം സ്ഥാനത്തായി. 

നേരത്തെ മൂന്ന് തവണയാണ് ആര്‍സിബി ഫൈനലിലെത്തിയത്. 2009ൽ ഡെക്കാൻ ചാർജേഴ്‌സ്, 2011ൽ ചെന്നൈ സൂപ്പർ കിങ്സ് എന്നിവരോട് ഫൈനലിൽ പരാജയപ്പെട്ടു. 2016 സീസണിലെ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരബാദിനോട്‌ 10 റൺസിന് പരാജയപ്പെട്ടു. രണ്ടാം തവണയാണ് പഞ്ചാബ് ഫൈനലിനെത്തുന്നത്. 2014നാണ് മുമ്പ് പഞ്ചാബ് കലാശപ്പോരിനെത്തിയത്. അന്ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനോട് മൂന്ന് വിക്കറ്റിന്റെ തോല്‍വി വഴങ്ങി. 

Exit mobile version