Site iconSite icon Janayugom Online

വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക്

ക്യാമറയ്ക്ക് മുന്നിലേക്ക് വിസ്മയ മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാലിന്‍റെ മകള്‍ അഭിനയ അരങ്ങേറ്റം കുറിക്കുന്നത് സംവിധായകന്‍ ജൂഡ് ആന്റണിയുടെ ചിത്രത്തിലൂടെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്.

സിനിമ മേഖലയില്‍ നിന്ന് എപ്പോഴും മാറിനടന്നിരുന്ന വിസ്‍മയ പക്ഷേ കലയുടെ ലോകത്ത് സജീവമായിരുന്നു. എഴുത്തും ചിത്രരചനയും വിസ്മയയുടെ ലോകമായിരുന്നു. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ. മുവൈ തായ് എന്ന പേരിലുള്ള തായ് ആയോധനകല അഭ്യസിച്ചിട്ടുണ്ട്. ഇതിന്‍റെ പരിശീലന വീഡിയോകള്‍ വിസ്മയ തന്നെ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. അതേസമയം വിസ്മയയുടെ അരങ്ങേറ്റ ചിത്രം ഏത് ഗണത്തില്‍ പെടുന്നതാണെന്ന് അറിവായിട്ടില്ല. വിസ്മയയുടെ സഹോദരന്‍ പ്രണവ് മോഹന്‍ലാലിന്‍റെ നായകനായുള്ള അരങ്ങേറ്റചിത്രം ആദി എന്ന ആക്ഷന് പ്രാധാന്യമുള്ള ചിത്രത്തിലൂടെ ആയിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലാണ് പുറത്തെത്തിയത്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഒരു പ്രധാന പ്രഖ്യാപനം ഉണ്ടാവുമെന്ന് ആശിര്‍വാദ് സിനിമാസ് ഇന്ന് രാവിലെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മോഹന്‍ലാല്‍ നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ആയിരിക്കുമെന്ന തരത്തിലായിരുന്നു സിനിമാപ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടത്തിയത്.

Exit mobile version