Site iconSite icon Janayugom Online

വിഴിഞ്ഞം തുരങ്ക റെയില്‍ അഡാനിക്ക് ഭൂമി കയ്യേറാന്‍

വിഴിഞ്ഞം തുറമുഖത്തിലേക്കുള്ള റയില്‍പാത ഭൂഗര്‍ഭ റയില്‍ ആക്കി മാറ്റിമറിക്കാനുള്ള അഡാനിയുടെ നീക്കത്തിനു പിന്നില്‍ ആയിരക്കണക്കിനേക്കര്‍ ഭൂമി തട്ടിയെടുക്കാനുള്ള ഗൂഢാലോചന. പദ്ധതിരൂപരേഖയില്‍ ഭൂമിക്ക് മുകളിലൂടെയുള്ള റയില്‍പ്പാത ഭൂമിക്കടിയിലൂടെയാക്കി പുതിയ രൂപരേഖ തയാറാക്കാന്‍ കേന്ദ്ര റയില്‍ മന്ത്രാലയവും ഒത്താശ നല്കിയെന്ന് വ്യക്തം. രൂപരേഖ പ്രകാരമുള്ള തുറമുഖ നിര്‍മ്മാണം നടന്നു മൂന്നു വര്‍ഷം കഴിഞ്ഞ് 2019 ഫെബ്രുവരി ഏഴിന് ആയിരുന്നു രൂപരേഖാലംഘനം നടത്തി ഭൂഗര്‍ഭ റയില്‍ സ്ഥാപിക്കാനുള്ള അഡാനി പദ്ധതിക്ക് കേന്ദ്ര റയില്‍ മന്ത്രാലയം പച്ചക്കൊടി കാട്ടിയതെന്ന് ഇതുസംബന്ധിച്ച രേഖകളില്‍ പറയുന്നു. ബാലരാമപുരം മുതല്‍ വിഴിഞ്ഞം തുറമുഖം വരെ 10.7 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റയില്‍പാതയില്‍ 9.02 കിലോ മീറ്റര്‍ ഭൂഗര്‍ഭ തുരങ്ക റയിലിന്റെ നിര്‍മ്മാണം, കൊങ്കണ്‍ റയില്‍ കോര്‍പ്പറേഷനായിരിക്കുമെന്നും അന്ന് ഇറങ്ങിയ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. 

കശ്മീരിലെ പിര്‍പഞ്ജാല്‍‍ ഭൂഗര്‍ഭ റയില്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ തുരങ്ക റയില്‍പ്പാത വിഴിഞ്ഞത്തേക്ക് ആയിരിക്കുമെന്നും റയില്‍വേ മന്ത്രാലയം പറയുന്നു. ഭൂമിയുടെ തുറമുഖത്തേക്കുള്ള കിടപ്പ് സമതലമല്ലാത്തതിനാലാണ് ഭൂഗര്‍ഭ റയില്‍ പദ്ധതിയെന്ന് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) എന്ന അഡാനിയുടെ കരാര്‍ കമ്പനി റയില്‍വേക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതെല്ലാം നടക്കുമ്പോള്‍ റയില്‍വേയും അഡാനി ഗ്രൂപ്പും തമ്മില്‍ ഭൂമിക്ക് മുകളിലൂടെയുള്ള റയില്‍പ്പാത എന്ന കരാറിലെ വ്യവസ്ഥ മറച്ചുവയ്ക്കുകയായിരുന്നു. ഈ ഭൂഗര്‍ഭ റയില്‍ പദ്ധതിക്കും ഭൂമി നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിനും നീക്കിവച്ചത് വെറും 1069 കോടിയായിരുന്നു. വിഴിഞ്ഞം റയില്‍വേ പദ്ധതിയുടെ മുന്നോടിയായ പാത തുടങ്ങുന്ന ബാലരാമപുരം റയില്‍വേ സ്റ്റേഷനില്‍ വന്‍ നിര്‍മ്മാണ പരിപാടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. 

ഭൂഗര്‍ഭ റയിലിനുവേണ്ടി രൂപരേഖ പൊളിച്ചെഴുതി കരാര്‍ ലംഘനം നടത്തിയത് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമി കൊള്ളയ്ക്കായിരുന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു. ഭൂഗര്‍ഭ റയില്‍വേയുടെ മറവില്‍ നടക്കാനിരിക്കുന്ന ഭൂമി കൊള്ളയിലൂടെ ബാലരാമപുരം മുതല്‍ വിഴിഞ്ഞം വരെയുള്ള പ്രദേശത്ത് തുരങ്കപാതയുടെ ഇരുവശവും മുപ്പതു മീറ്റര്‍ വീതം 60 മീറ്റര്‍ വിസ്തൃതിയില്‍ ബഫര്‍ സോണാണുണ്ടാക്കുക. ഈ ബഫര്‍സോണില്‍ തുറമുഖം വരെയുള്ള ആയിരക്കണക്കിനേക്കറില്‍ മാളുകള്‍, വ്യാപാരസമുച്ചയങ്ങള്‍, നക്ഷത്ര ഹോട്ടലുകള്‍, മള്‍ട്ടി പ്ലെക്സുകള്‍, വിനോദ കേന്ദ്രങ്ങള്‍, ബാറുകള്‍ എന്നിവ അങ്ങോളമിങ്ങോളം ആരംഭിക്കാനാണ് പദ്ധതി. തുറമുഖ പദ്ധതി കരാര്‍ 40 വര്‍ഷത്തേക്കായതിനാല്‍ ഈ ദീര്‍ഘകാലം ബഫര്‍സോണിലെ ഈ മഹാനിക്ഷേപം അഡാനിയുടെ കൈകളില്‍ ഭദ്രവുമായിരിക്കും. ഭൂമിക്കു മുകളിലൂടെയാണ് പാതയെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ തൊട്ടരികിലെ ബഫര്‍സോണില്‍ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസവുമായിരിക്കും.

Eng­lish Summary:Vizhinjam tun­nel rail to grab land for Adani
You may also like this video

Exit mobile version