Site iconSite icon Janayugom Online

വേജ്കോഡിൽ പതിയിരിക്കുന്ന ചതിക്കുഴികള്‍

കേന്ദ്ര സർക്കാർ ധൃതിപിടിച്ച് തയാറാക്കിയ വേജ്കോഡിൽ പതിയിരിക്കുന്ന തൊഴിലാളി വിരുദ്ധതയ്ക്കെതിരെ വലിയ പ്രതിഷേധമാണ് രാഷ്ട്രീയഭേദമന്യേ തൊഴിലാളി സംഘടനകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 29 തൊഴിൽ നിയമങ്ങൾ റദ്ദുചെയ്ത് നാല് ലേബർ കോഡുകളാക്കി മാറ്റുവാൻ കേന്ദ്രസർക്കാർ തീരുമാനിക്കുകയായിരുന്നു.തൊഴിലാളി യൂണിയനുകളുമായി ചർച്ചചെയ്ത് അവരുടെ ആശങ്കകൾ അകറ്റി വിശ്വാസം നേടിയെടുത്തുകൊണ്ടായിരിക്കണം തൊഴിൽ നിയമ പരിഷ്കരണം എന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടതേയില്ല.നാലു ലേബർ കോഡുകളിൽ വേജ് കോഡാണ് ആദ്യമേ പാസാക്കി പ്രസിഡന്റിന്റെ അംഗീകാരം നേടിയത്. 2019 ജൂലൈ 30ന് ലോക്‌സഭയിലും ഓഗസ്റ്റ് രണ്ടിന് രാജ്യസഭയിലും പാസാക്കിയ വേജ്കോഡ് 2019 ഓഗസ്റ്റ് മാസം എട്ടാം തീയതി തന്നെ പ്രസിഡന്റിന്റെ അംഗീകാരം വാങ്ങി നിയമം പ്രാബല്യത്തില്‍ വന്നു.നിലവിലെ നാല് തൊഴിൽ നിയമങ്ങളാണ് വേജ്കോഡ് നിലവിൽ വന്നപ്പോൾ റദ്ദാക്കപ്പെട്ടത്. 1936‑ലെ പേയ്‌മെന്റ് ഓഫ് വേജസ് ആക്ട്, 1948‑ലെ മിനിമം വേജസ് ആക്ട്, 1965‑ലെ പേയ്മെന്റ് ഓഫ് ബോണസ് ആക്ട്, 1976ലെ ഈക്വൽ റെമ്യൂണറേഷൻ ആക്ട് എന്നീ നാലു നിയമങ്ങളാണ് റദ്ദുചെയ്യപ്പെട്ടത്.നാളിതുവരെ തൊഴിൽ നിയമങ്ങളെക്കുറിച്ച് ഉണ്ടായിരുന്ന കാഴ്ചപ്പാട് തൊഴിൽ സുരക്ഷ, മാന്യമായ ശമ്പളം, ജോലി സമയം ക്ലിപ്തപ്പെടുത്തൽ, ശമ്പളത്തിലുള്ള വ്യതിയാനം ഇവയ്ക്കെല്ലാം നിയമപരമായ പരിരക്ഷ എന്നതായിരുന്നു. എന്നാൽ കേന്ദ്രസർക്കാർ നിലപാട് പുതിയ ലേബർ കോഡുകൾ വരുന്നതോടുകൂടി നിലവിലെ നാൽപ്പത്തിനാല് തൊഴിൽ നിയമങ്ങളും കോർപറേറ്റ് ഭീമൻമാർക്കുവേണ്ടി പൊളിച്ചെഴുതുക എന്നതായിരുന്നു.തൊഴിലാളി സംഘടനകൾ ഇല്ലാതാക്കിയും നിലവിലെ തൊഴിലാളികളുടെ സേവന വേതനവ്യവസ്ഥകൾ തകിടംമറിച്ചുകൊണ്ട് വ്യവസായ വളർച്ചയ്ക്കുവേണ്ടി എന്ന പേരിൽ നിയമം മാറ്റി എഴുതുക എന്നതായിരുന്നു സർക്കാർ ലക്ഷ്യം.സാമ്പത്തിക ശാസ്ത്രത്തിലുള്ള 2021‑ലെ നൊബേൽ സമ്മാനം യുഎസിലെ മൂന്ന് ഗവേഷകരായ ഡേവിഡ് കാഡ്, ജോഷ്വ ആലങ്മിസ്റ്റി,ഹിതോ ഇമ്പൻസ് എന്നിവർക്കായിരുന്നു. പുരസ്കാര ജേതാക്കളിൽ ഡേവിഡ്കാഡിന്റെ കണ്ടെത്തൽ ഇത്തരുണത്തിൽ ശ്രദ്ധേയവും പഠനാർഹവുമാണ്.ഉയർന്ന മിനിമം വേതനം തൊഴിലവസരം കുറയ്ക്കില്ല എന്ന ഡേവിഡ്കാഡിന്റെ ഗവേഷണ കണ്ടെത്തലുകളാണ് സ്വീഡിഷ് അക്കാദമി അദ്ദേഹത്തിന് പുരസ്കാരം നൽകുവാൻ തീരുമാനിച്ചത്.അവാർഡുതുകയിൽ പകുതിയും ഡേവിഡ്കാഡിനു തന്നെ നൽകുവാനും അവാർഡ് കമ്മിറ്റി തീരുമാനിച്ചു. ഉയർന്ന മിനിമം വേതനത്തിന്റെ ഫലങ്ങളെ സംബന്ധിച്ച് ന്യൂജഴ്സിയിലെയും, പെൻസിൽ വാനിയയിലെയും റസ്റ്റോറന്റുകളിലാണ് പഠനം നടത്തിയത്. മിനിമം കൂലി വർധിപ്പിച്ചാൽ തൊഴിലവസരം കുറയുമെന്നും വ്യവസായത്തിന് തളർച്ച ഉണ്ടാകുമെന്നും ഉള്ള പരമ്പരാഗതധാരണകളെയാണ് ഈ കണ്ടെത്തൽ നിരാകരിച്ചത്.

 


ഇതുകൂടി വായിക്കാം; ലോക്ഡൗണ്‍ കാലത്തെ വേതനം; ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണം: സുപ്രീം കോടതി


വേജ്കോഡ് നിലവിൽ വന്നു കഴിഞ്ഞാൽ ലേബർ ഓഫീസർമാരെ ഇൻസ്പെക്ടർ കം ഫെസിലിറ്റേറ്റർ എന്ന തസ്തികയിലേക്ക് മാറ്റപ്പെടുത്തുകയാണ്. തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകളെ ഉപദേശിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഓഫീസർമാരായിരിക്കണം ഈ ഉദ്യോഗസ്ഥൻമാർ. തൊഴിലാളികളുടെ ആവലാതികൾ കേൾക്കുകയും തീർപ്പു കല്പിക്കേണ്ടതും ഒരു ഗസറ്റഡ് ഓഫീസർ തസ്തികയിൽ ഉള്ള ആൾ ആയിരിക്കും. അദ്ദേഹത്തിന്റെ തീരുമാനത്തിൻമേൽ അപ്പീൽ നൽകുന്നതിന് ഗസറ്റഡ് ഓഫീ സറേക്കാൾ ഒരു റാങ്ക് കൂടിയ ഉദ്യോഗസ്ഥനെ സർക്കാർ നിയമിക്കണം.ഗസറ്റഡ് ഓഫീസർക്കോ അപ്പലേറ്റ് അതോറിറ്റിക്കോ യാതൊരുവിധ ക്വാളിഫിക്കേഷനും നിഷ്കർഷിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. നിയമത്തെക്കുറിച്ച് യാതൊരു വിധ പരിജ്ഞാനവുമില്ലാത്ത ഉദ്യോഗസ്ഥൻമാരായിരിക്കും അപ്പീൽ കേട്ട് തീർപ്പു കല്പിക്കുന്നത്.തൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യവും സുപ്രീം കോടതി ഉൾപ്പെടെയുള്ള കോടതികളുടെ നിർദ്ദേശവുമായിരുന്നു തൊഴിൽ നിയമങ്ങൾ ആവർത്തിച്ച് ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ കടുത്ത ശിക്ഷ നല്കിയെങ്കിൽ മാത്രമേ തൊഴിൽ നിയമങ്ങൾ പാലിക്കാൻ തൊഴിലുടമകൾ തയാറാവുകയുള്ളൂ എന്നുള്ളത്.സുപ്രീം കോടതിയുടെ ചരിത്ര പ്രസിദ്ധമായ ആസിഡ് കേസിൽ (പീപ്പിൾസ് യൂണിയൻ ഫോർ ഡമോക്രാറ്റിക് റൈറ്റ്സ് & അദേഴ്സ് Vs യൂണിയൻ ഓഫ് ഇന്ത്യ) കോടതിയുടെ വിധിന്യായത്തിൽ പറഞ്ഞിട്ടുള്ളത്.തൊഴിൽ നിയമങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ നല്കുന്നില്ലെങ്കിൽ പല്ലും നഖവുമില്ലാത്ത കടലാസ് പുലികൾ മാത്രമായിരിക്കും തൊഴിൽ നിയമങ്ങൾ എന്നാണ്.എന്നാൽ റദ്ദുചെയ്ത തൊഴിൽ നിയമങ്ങൾക്ക് പകരമായി കൊണ്ടുവന്ന വേജ്കോഡ് പ്രകാരം ജൂഡീഷ്യൽ മജിസ്ട്രേറ്റ് എന്നതിനു പകരമായി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് എന്നു മാറ്റി എഴുതിയതിനെ തുടർന്ന് കോടതികളുടെ ജുഡീഷ്യൽ നടപടിക്രമങ്ങളിൽ നിന്ന് തൊഴിലുടമകൾക്ക് സംരക്ഷണം നല്കുകയാണ് ഉണ്ടായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചാൽ ക്രിമിനൽ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നു എന്ന് മാത്രമല്ല ആവർത്തിച്ച് കുറ്റം ചെയ്താലും നാമമാത്രമായ ഫൈൻ അടച്ച് തൊഴിലുടമക്ക് രക്ഷപ്പെടാനുള്ള മാർഗവും ലേബർ കോഡ് ഉറപ്പാക്കി. ശിക്ഷ വിധിച്ചു കഴിഞ്ഞാലും കേസുകൾ ഒത്തുതീർപ്പാക്കുന്നതിനും പ്രതികൾക്ക് ഡിസ്ചാര്‍ജ് ലഭിക്കുന്നതിനുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയപ്പോൾ തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ തൊഴിലുടമകൾക്ക് കൂടുതൽ അവസരം നല്കുകയാണ് ഉണ്ടായത്. തുല്യജോലിക്ക് തുല്യവേതനം എന്ന ആശയം തന്നെ അപ്രസക്തമാവുകയാണ് ലേബർ കോഡുകളിലൂടെ.

Exit mobile version