ഇസ്ലാമികനിയമം അനുശാസിക്കുന്ന മതപരമോ ആത്മീയമോ സേവനപരമോ ആയ പ്രവർത്തനങ്ങൾക്കുവേണ്ടി ദാനം ചെയ്തിട്ടുള്ള സ്ഥാവരമോ ജംഗമമോ ആയ സ്വത്തിനെയാണ് വഖഫ് എന്ന് പറയുന്നത്. വിശ്വാസികള്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ദൈവപ്രീതി മാത്രം കാംക്ഷിച്ചു നൽകുന്ന ദാനമാണത്. ‘തടഞ്ഞു വയ്ക്കുക’, ‘വിലക്കുക’ അല്ലെങ്കിൽ ‘നിർത്തുക’ എന്നർത്ഥം വരുന്ന അറബി പദത്തിൽ നിന്നാണ് വഖഫ് എന്ന പദം ഉത്ഭവിച്ചിട്ടുള്ളത്. ‘മുറിഞ്ഞു പോകാതെ എന്നും നിലനിൽക്കുന്ന ദാനം’ (സ്വദഖതുൻ ജാരിയ) എന്നതാണ് ഇതിന്റെ ആശയം. ഒരു മനുഷ്യന്റെ മരണത്തോടെ മൂന്ന് വഴികളിലൂടെയുള്ളതല്ലാത്ത പ്രവർത്തന ഫലങ്ങളെല്ലാം നിഷ്ഫലമായിപ്പോകുമെന്നും സ്ഥായിയായ ധർമ്മവും ഉപകാരപ്രദമായ അറിവും അവനുവേണ്ടി പ്രാർത്ഥിക്കുന്ന സദ്‌വൃത്തരായ സന്താനങ്ങളുമാണ് മരണാനന്തര ഫലങ്ങൾ നൽകുന്ന ആ മൂന്ന് കാര്യങ്ങളെന്നും ഹദീസിൽ വായിക്കാൻ കഴിയുന്നുണ്ട്. ഹദീസിൽ പറയുന്ന സ്ഥായിയായ ധർമ്മം എന്നതിന്റെ വിവക്ഷ വഖഫാണെന്ന് ഇസ്ലാമിക പണ്ഡിതലോകം വ്യക്തമാക്കുന്നു. ഇസ്ലാമിലെ ആദ്യ വഖഫ് പിന്നീട് ഖലീഫയായ ഉമറിന്റേതായിരുന്നുവെന്നും കാണാം.
ഒരിക്കൽ വഖഫ് ആയി നൽകിയ സ്വത്ത് ദൈവനാമത്തിൽ നൽകപ്പെടുന്നവയായതിനാൽ തിരിച്ചെടുക്കാനോ പുനഃപരിശോധിക്കാനോ അസാധുവാക്കാനോ സാധിക്കുന്നതല്ലെന്നതാണ് വ്യവസ്ഥ. വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ആദ്യനിയമനിർമ്മാണം ബ്രിട്ടീഷ് ഇന്ത്യയിൽ ഉണ്ടാകുന്നത് 1913ലാണ്. സ്വാതന്ത്ര്യാനന്തരം വഖഫ് നിയമം നിലവിൽ വരുന്നത് 1954 ലാണ്. 1964ൽ സെൻട്രൽ വഖഫ് കൗൺസിൽ ഓഫ് ഇന്ത്യ സ്ഥാപിച്ചു. 1995ൽ പാർലമെന്റിനകത്തും പുറത്തുമുള്ള ഒട്ടനവധി ചർച്ചകൾക്കുശേഷം കൂടുതൽ മെച്ചപ്പെട്ട ഭരണനിർവഹണം ലക്ഷ്യംവച്ചുകൊണ്ട് പുതിയ വഖഫ് നിയമം പാസാക്കുകയും 2013ൽ അതിന് ഭേദഗതിയുണ്ടാവുകയും ചെയ്തു. എന്നാൽ രാജ്യത്തെ വഖഫ് സ്വത്തിന്റെ നിയന്ത്രണത്തിലും പരിപാലനത്തിലും വമ്പിച്ച മാറ്റങ്ങൾ നിർദേശിക്കുന്ന 2024 ഓഗസ്റ്റ് എട്ടിൽ ബിജെപി സർക്കാർ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ ഭരണഘടനയുടെ 26-ാം വകുപ്പ് പ്രകാരം വിവിധ മതവിഭാഗങ്ങൾക്ക് തങ്ങളുടെ സ്ഥാപനങ്ങൾ നിർമ്മിക്കാനും കൈകാര്യം ചെയ്യാനുമുറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് കാണാൻ കഴിയും.
കഴിഞ്ഞ അഞ്ചു വർഷമെങ്കിലും ഇസ്ലാം മതം പിന്തുടർന്നിരുന്ന ഒരാൾക്കുമാത്രമേ വഖഫ് പ്രഖ്യാപിക്കാനാകൂ എന്ന് ഭേദഗതിയിൽ പറയുമ്പോൾ അമുസ്ലിങ്ങളായ അനവധി വ്യക്തികൾ വഖഫായി ദാനം നൽകിയ സ്വത്തുക്കളും രാജ്യത്ത് ഉണ്ടെന്നുള്ള വസ്തുത കണ്ടില്ലെന്ന് നടിക്കുകയാണ് കേന്ദ്രം. 1995ലെ നിയമത്തിലെ ‘വഖഫ് ബൈ യൂസ്’ എന്ന വ്യവസ്ഥ പുതിയ ഭേദഗതിയോടെ ഇല്ലാതാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആശങ്ക. നിലവിലെ വ്യവസ്ഥ പ്രകാരം വഖഫ് എന്ന് പരാമർശിക്കുന്ന രേഖയില്ലാത്ത വസ്തുക്കളെയും വഖഫ് ആയി പരിഗണിച്ചിരുന്നു. യഥാർത്ഥ പ്രമാണം നിലവിൽ ലഭ്യമല്ലാത്തതോ, അല്ലെങ്കിൽ കേടുപാടുകൾ സംഭവിച്ചതോ ആകാം എന്നതിനാലാണ് അപ്രകാരമുള്ള ഇളവ് ലഭിച്ചിരുന്നത്. എന്നാൽ വഖഫ് എന്ന് കൃത്യമായി രേഖയുള്ളവയെ മാത്രം വഖഫായി പരിഗണിച്ച് ‘വഖഫ് ബൈ യൂസ്’ ആയി കണക്കാക്കിയിട്ടുള്ള സ്വത്തുക്കളെല്ലാം കണ്ടുകെട്ടുന്നതിനുള്ള അപകടകരമായ നീക്കം ഇവിടെ ഒളിഞ്ഞുകിടപ്പുണ്ട്.
നിയമപരമായുള്ള അനന്തരാവകാശികൾക്കെല്ലാമുള്ള സ്വത്തുക്കൾ നീക്കിവച്ച ശേഷം മാത്രമേ ഒരാൾ വഖഫിനായി സ്വത്തു മാറ്റിവയ്ക്കാവൂ എന്ന് പുതിയ ഭേദഗതിയിൽ അനുശാസിക്കുമ്പോൾ കാലങ്ങളായി ഉപയോഗംകൊണ്ട് വഖഫ് ആയി, നാളിതുവരെയുള്ള നിയമങ്ങളിൽ കണക്കാക്കിയിരുന്നതിനെയാണ് റദ്ദ് ചെയ്യുന്നത്. നിലവിൽ ഭൂരിപക്ഷം വഖഫ് ബോർഡ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടവരാണെന്നിരിക്കെ പുതിയ ബിൽ നിയമമാകുന്നതോടെ എല്ലാ അംഗങ്ങളെയും സർക്കാരിന് നോമിനേറ്റ് ചെയ്യാൻ കഴിഞ്ഞേക്കും. ഈ വ്യവസ്ഥ ഭരണത്തിലിരിക്കുന്നവർക്ക് ബോർഡിൽ പൂർണ നിയന്ത്രണം ഉറപ്പാക്കുമെന്ന ആശങ്ക മുസ്ലിം സംഘടനകൾക്കിടയിലുണ്ട്.
ഒരു വസ്തു അല്ലെങ്കിൽ സ്വത്ത് വഖഫാണോ അല്ലയോ എന്ന് തീർച്ചപ്പെടുത്താനുള്ള അധികാരം നിലവിൽ വഖഫ് ബോർഡിനായിരുന്നുവെങ്കിൽ ഭേദഗതി പ്രകാരം ജില്ലാ കളക്ടർമാരിൽ നിക്ഷിപ്തമാവുകയാണ്. അതുപോലെ വഖഫ് സ്വത്തുക്കളുടെ സർവേയ്ക്ക് സർവേ കമ്മിഷണർമാരെയും അഡീഷണൽ കമ്മിഷണർമാരെയും നിയമിക്കണമെന്ന് നിയമത്തിൽ പറഞ്ഞിരിക്കുമ്പോൾ ഭേദഗതിയിൽ ഇത് ഒഴിവാക്കുകയാണ്. പകരം സർവേ നടത്താനുള്ള അധികാരവും കളക്ടർമാർക്ക് നൽകാനാണ് നിർദേശം. പുതിയ ബിൽ പ്രകാരം മുസ്ലിം അല്ലാത്തവർക്ക് പോലും സിഇഒ ആകാൻ കഴിയും. കുറഞ്ഞത് രണ്ട് അംഗങ്ങളെങ്കിലും മുസ്ലിം അല്ലാത്തവരായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിലകൊള്ളുന്ന ഒരു സംവിധാനത്തിലേക്കാണ് മതത്തിന്റെ അടിസ്ഥാനകാര്യങ്ങളിൽ പോലും ഗ്രാഹ്യം ഉണ്ടാകാൻ സാധ്യതയില്ലാത്തവരെ നിയമിക്കാൻ വ്യഗ്രത കാണിക്കുന്നത്.
കേന്ദ്ര വഖഫ് കൗൺസിലിന്റെയും സംസ്ഥാന വഖഫ് ബോർഡുകളുടെയും ഘടനയിലും ഇപ്രകാരം രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും വിരുദ്ധമായ ഭേദഗതിയാണ് കേന്ദ്രം നിർദേശിക്കുന്നത്. കേന്ദ്ര വഖഫ് കാര്യ മന്ത്രി ചെയർമാനായ കൗൺസിലിൽ നിലവിലെ നിയമപ്രകാരം അംഗങ്ങളെല്ലാവരും മുസ്ലിങ്ങളും രണ്ടുപേർ വനിതകളുമായിരിക്കണം. പുതിയ ബിൽ പ്രകാരം രണ്ട് അമുസ്ലിം അംഗങ്ങളും മുസ്ലിം അംഗങ്ങളിലെ രണ്ടുപേർ വനിതകളും ആകണമെന്ന് വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന വഖഫ് ബോർഡുകളിൽ നിലവിലെ നിയമമനുസരിച്ച്, മുസ്ലിം എംപിമാരിൽ നിന്നും എംഎൽഎമാരിൽ നിന്നും ബാർ കൗൺസിൽ അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് അംഗങ്ങളാണെങ്കിൽ ഭേദഗതി ബില്ലിൽ തെരഞ്ഞെടുപ്പിനുപകരം ഇത് ഈ വിഭാഗങ്ങളിൽനിന്നുള്ള സംസ്ഥാന സർക്കാരിന്റെ നാമനിർദേശമായി മാറുകയാണ്. അവർ മുസ്ലിങ്ങളോ അമുസ്ലിങ്ങളോ ആകാം. രണ്ട് മുസ്ലിങ്ങളല്ലാത്ത അംഗങ്ങൾ വേണമെന്നും ബിൽ നിർദേശിക്കുന്നുണ്ട്. വഖഫ് സ്വത്തുക്കളെ സംബന്ധിച്ച തർക്കങ്ങളുണ്ടായാൽ അത് പരിഹരിക്കുന്നതിനായി നിലവിലെ നിയമമനുസരിച്ച് സംസ്ഥാനങ്ങൾ രൂപീകരിക്കുന്ന ട്രിബ്യൂണലുകളിലെ ഒരംഗം ഇസ്ലാമിക നിയമങ്ങളിൽ അവഗാഹമുള്ള വ്യക്തിയായിരിക്കണമെന്ന വ്യവസ്ഥയെയും ഭേദഗതിയിൽ അപ്രസക്തമാക്കിയിരിക്കുകയാണ്.
നിലവിൽ ട്രിബ്യൂണൽ ഉത്തരവുകളെ അന്തിമമായി കണക്കാക്കുമ്പോൾ, ഭേദഗതിയിൽ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാനുള്ള അവസരം നൽകുകയാണ് ചെയ്യുന്നത്. ഇസ്ലാം മത നിയമ പ്രകാരം വഖഫ് ആയിക്കണ്ട് ഉപയോഗിച്ചുവരുന്ന വസ്തുക്കളെ സംബന്ധിച്ച അന്തിമ തീരുമാനങ്ങളിൽ വഖഫ് ബോർഡിനെ നോക്കുകുത്തിയാക്കുക വഴി ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന കാഴ്ചപ്പാടുകളെയാണ് മോഡി സർക്കാർ കുഴിച്ചുമൂടുന്നത്. ഏത് മത വിഭാഗത്തിന്റെ മത എൻഡോവ്മെന്റ് നിയമങ്ങൾ ഭേദഗതി ചെയ്യാനൊരുങ്ങുമ്പോഴും സമുദായ നേതൃത്വങ്ങളുമായി കൂടിയാലോചന നടത്തിയും അവരെ വിശ്വാസത്തിലെടുത്തുകൊണ്ടുമായിരിക്കണമെന്ന സാമാന്യതത്വത്തെ പോലും വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാർ കാറ്റിൽപ്പറത്തിയിരിക്കുകയാണ്.
അമുസ്ലിങ്ങളുടെ ദാനത്തിന് നിരോധനം ഏർപ്പെടുത്തുകയും വഖഫ് ഭരണത്തിൽ അവർക്ക് പങ്കാളിത്തം അനുവദിക്കുകയും ചെയ്യുന്നതിലൂടെ സംഘ്പരിവാർ വിധേയത്വമുള്ളവരെ ബോർഡുകളിൽ പ്രതിഷ്ഠിച്ച് നൂറ്റാണ്ടുകളായി വഖഫ് സ്വത്തായി ഉപയോഗിച്ചുവന്ന വസ്തുവകകൾപോലും ഭേദഗതിയുടെ മറവിൽ പിടിച്ചെടുക്കാനുള്ള ഭരണകൂടത്തിന്റെ ഹിഡൻ അജണ്ട തന്നെയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. ഒരു മതവിഭാഗത്തിന്റെ വിശ്വാസപ്രമാണമനുസരിച്ചുള്ള സ്വത്തുക്കളുടെ പരിപാലനത്തിൽ അന്യമതസ്ഥരെ ഉൾപ്പെടുത്താനുള്ള വ്യഗ്രത ഇന്ന് വഖഫ് വിഷയത്തിലാണെങ്കിൽ നാളെ അത് ക്രൈസ്തവ സഭകളുടെ സ്ഥാപനങ്ങളിലേക്കും സിക്ക് സമുദായത്തിന്റെ ഗുരുദ്വാര നടത്തിപ്പിലേക്കുമടക്കം വ്യാപിപ്പിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കണ്ടുകൊണ്ടുള്ള ജാഗ്രതയും ഇടപെടലുകളുമാണ് അനിവാര്യം.
അയോധ്യ പ്രശ്നപരിഹാരത്തിനായി തീരുമാനമെടുക്കുന്ന ഘട്ടത്തിൽ താൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നുവെന്നും മൂന്നുമാസത്തോളം പരിഗണനയിലുണ്ടായിരുന്ന കേസിൽ തീരുമാനത്തിലെത്താൻ കഴിയാത്ത സാഹചര്യത്തിൽ വിഗ്രഹത്തിനുമുമ്പിൽ ഇരുന്ന് കേസ് തീർപ്പാക്കിത്തരണമെന്ന് അപേക്ഷിച്ചുവെന്നുമുള്ള മുൻ ചീഫ് ജസ്റ്റിസിന്റെ പ്രഖ്യാപനം ഓർമ്മയുണ്ടാകും. സംഘ്പരിവാർ ഭരണത്തിൽ നമ്മുടെ രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ പോലും നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയാണ്. ചില അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും സമവായത്തിലൂടെയും വിവേകത്തോടെയും പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ വെമ്പൽ കൊള്ളുന്ന കുറുക്കന്റെ കൗശലത്തിൽ നാം വീണുപോകരുത്.