കൽപറ്റ: കൽപറ്റയിൽ പടിഞ്ഞാറത്തറ റോഡില്‍ സ്ഥിതിചെയ്യുന്ന ഫാത്തിമാ മാത മിഷന്‍ ആശുപത്രിയിൽ നിന്നും തൊട്ടടുത്തുള്ള തോട്ടിലേക്ക് കക്കൂസ് മാലിന്യം അടക്കമുളള മാലിന്യങ്ങള്‍ ഒഴുക്കുന്നതില്‍ ജനകീയ പ്രതിഷേധം ഉയരുന്നു. ഈ ആശുപത്രി കഴിഞ്ഞ കുറെ കാലമായി ഇത്തരത്തിൽ ജനവാസ കേന്ദ്രങ്ങളിലൂടെ ഒഴുകുന്ന ഈ തോട്ടിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നു. ഈ തോടിന്റെ കരയിലായി നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന മുണ്ടേരി ഹയർസെക്കന്ററി സ്കൂളിന്റെ പുറകിലൂടെ ഒഴുകുന്ന തോട്ടിലൂടെ മണിയങ്കോട് പുഴയിലാണ് എത്തിച്ചേരുന്നത്. ഈ പുഴ ചെന്ന് ചേരുന്നത് കോട്ടത്തറ- വെങ്ങപ്പളളി പഞ്ചായത്തിലെ കുടിവെള്ള സംഭരണിയിലേക്കണ്. കൽപറ്റയിലെയും കോട്ടത്തറയിലെയും പുഴയിലേക്ക് എത്തുന്ന ഈ മാലിന്യം ജന ജീവിതത്തെ ദുഷ്ക്കരമാക്കിയിരിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കുന്ന പ്രദേശവാസികളെ കളളക്കേസില്‍ കുടുക്കുന്നതടക്കമുളള പ്രതികാര നടപടിയുമായിട്ടാണ് ആശുപത്രി അധികൃതർ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം നഗരസഭയിലെ അധികൃതര്‍ സ്ഥലത്തെത്തി നാട്ടുകാരുടെ സാന്നിധ്യത്തിൽ നേരിട്ട് കണ്ട് പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടതാണ്. പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതിനെതിരെ അടിയന്തരമായി നടപടി ആവശ്യപ്പെട്ടുകൊണ്ട് ജനകീയ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍. ലെനി സ്റ്റാന്‍സ് ജേക്കബ്ബ് (ചെയര്‍മാന്‍), റംഷീദ് സി, രാധാകൃഷ്ണന്‍ സി, റിയാസ് സി പി (വൈസ് ചെയര്‍മാന്‍) സിറാജ് പി സി, (കണ്‍വീനര്‍), പ്രജീഷ് ഗോപിക, ഷൈജല്‍ കൈപ്പേങ്ങല്‍, (ജോയിന്റ് കണ്‍വീനര്‍), ഡിന്റോ ജോസ് (ട്രഷറര്‍)
ഫോട്ടോ—- സ്വകാര്യ ആശുപത്രിയില്‍ നിന്നും തോട്ടിലേക്ക് ഒഴുക്കുന്ന മാലിന്യം