വിവിധ കാരണങ്ങളാൽ സംസ്ഥാന്ന് തരിശു കിടക്കുന്ന ഭൂമികൾ കൃഷിയോഗ്യമാക്കാൻ നവോ-ഥാൻ പദ്ധതി വരുന്നു. പദ്ധതിയിൽ കൃഷിയോഗ്യമായ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളുടെയും വ്യക്തിഗത ഭൂഉടമകളുടെയും തരിശുഭൂമി കണ്ടെത്തും. അവിടെ അനുയോജ്യമായ കൃഷി ചെയ്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നതാണ് നവോ-ഥാൻ (NAWO-DHAN — New Agriculture Wealth Opportunities — Driving Horticulture and Agribusiness Networking) പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കു കീഴിൽ കൃഷിചെയ്യാൻ താല്പര്യമുള്ള കർഷകർ, ഭൂവുടമകൾ എന്നിവരിൽ നിന്നും കൃഷി വകുപ്പ് താല്പര്യപത്രം (EoI — Expression of Interest)ക്ഷണിച്ചു.
രജിസ്ട്രേഷൻ എങ്ങനെ?
കൃഷിവകുപ്പു നൽകുന്ന ഓൺലൈൻ ലിങ്ക് മുഖേന വെബ് പേജിൽ പ്രവേശിച്ച് താല്പര്യപത്രം നൽകാം. കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തി, സ്ഥാപനം, ഭൂമി കൈവശമുള്ള വ്യക്തി, സ്ഥാപനം എന്നിവർക്ക് താല്പര്യപത്രം സമർപ്പിക്കാം. കൃഷിക്ക് അനുയോജ്യമായ ഭൂമി കൈവശമുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, വ്യക്തികൾ എന്നിവർക്ക് കൃഷിഭൂമിയുടെ വിശദാംശങ്ങൾ നൽകി 750 രൂപ രജിസ്ട്രേഷൻ ഫീസും അടച്ചാൽ ഓൺലൈനായി ഭൂമിയുടെ ലഭ്യത ഉറപ്പാക്കാം.
കൃഷി ചെയ്യാൻ താല്പര്യമുള്ള വ്യക്തികൾ, കൃഷിക്കൂട്ടങ്ങൾ, എഫ്‌പിഒകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവരും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി 750 രൂപ ഫീസടച്ച് പദ്ധതിയിൽ പങ്കാളിയാകാം. സേവനതല കരാരിൽ (Service Level Agreement) ഏർപ്പെടാം കൃഷി ഒരു സേവനം എന്ന രീതിയിൽ ഭൂമി കൈവശമുള്ളവർക്ക് സേവനതല കരാരിൽ (Service Level Agreement) ഏർപ്പെടാം. കൃഷിചെയ്യുന്ന വ്യക്തിക്കും ഭൂമിയുടെ ഉടമസ്ഥനും ഉല്പാദനത്തിന്റെ കാര്യത്തിലും മൂലധന നിക്ഷേപങ്ങളുടെ കാര്യത്തിലും വായ്പകളുടെ കാര്യത്തിലും ഭൂമി ഉടമസ്ഥതയുടെ കാര്യത്തിലും കൂടുതൽ വ്യക്തത വരുത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും. രജിസ്റ്റർ ചെയ്യപ്പെട്ട ഭൂമിയിൽ മികച്ച സാങ്കേതിക സഹായത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി ചെയ്യുന്നതിനുള്ള അവസരമാണ് ഈ താല്പര്യപത്രത്തിലൂടെ കൈവരുന്നതെന്ന് കാർഷികോല്പാദന കമ്മിഷണർ ബി അശോക് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ വാണിജ്യ കൃഷിമേഖലയിൽ നവോ-ഥാൻ പദ്ധതി ഒരു പുതിയ കാൽവയ്പാണ്.
രജിസ്ട്രേഷനുള്ള ലിങ്ക്
നവോ-ഥാൻ പദ്ധതിയുടെ രജിസ്ട്രേഷൻ http: //nawodhan. kabco. co. in/eoi-registration എന്ന ലിങ്ക് മുഖേനെ പൂർത്തീകരിക്കാം. പദ്ധതിയിലൂടെ താല്പര്യപത്രം സമർപ്പിക്കുന്ന നടപടിക്രമങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക് പേജിലൂടെയും ലഭിക്കും.
പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത
ജനുവരിയിൽ കൃഷിവകുപ്പ് സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന സമ്പൂർണ്ണ പച്ചക്കറി യജ്ഞം പദ്ധതിയിലൂടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളം പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത നേടും. കൃഷി സമൃദ്ധി പദ്ധതി നിലവിൽ 107 പഞ്ചായത്തുകളിലും രണ്ടാം ഘട്ടത്തിൽ 500 പഞ്ചായത്തുകളിലേക്കും തുടർന്ന് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കും. കേര പദ്ധതിയിൽ 2365 കോടി രൂപ ലോക ബാങ്ക് സഹായത്തിന് അനുമതി ലഭിച്ചു. ഘട്ടം ഘട്ടമായി ഈ പദ്ധതി പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കും. 1980ന് ശേഷം ഇതാദ്യമായാണ് കേരളത്തിൽ കൃഷിവകുപ്പിന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി ലഭിക്കുന്നത്.