Site icon Janayugom Online

ജലഗുണനിലവാര പരിശോധനാ ലാബ് ഉദ്ഘാടനം ചെയ്തു

ഹരിത കേരളം മിഷന്റെ ഏകോപനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കോയിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്രാഥമിക ജലഗുണനിലവാര പരിശോധനാ ലാബിന്റെ ഉദ്ഘാടനം എം നൗഷാദ് എംഎൽഎ നിർവ്വഹിച്ചു.
പുനലൂർ നിയോജകമണ്ഡലത്തിലെ അഞ്ചൽ, ഏരൂർ, ഇരവിപുരം നിയോജകമണ്ഡലത്തിലെ കോയിക്കൽ, തട്ടാമല, വെളളമണൽ, ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പരവൂർ തെക്കുംഭാഗം, പൂതക്കുളം, നെടുങ്ങോലം, ചാത്തന്നൂർ, ആദിച്ചനല്ലൂർ എന്നീവടങ്ങളിലെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലാണ് വാട്ടർ ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കുന്ന പ്രവർത്തനം പൂർത്തിയായത്. സെപ്തംബർ മാസത്തോടെ ജില്ലയിലെ ബാക്കിയുളള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വാട്ടർ ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കും.
ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി കെമസ്ട്രി ടീച്ചർമാർക്ക് ഹരിതകേരളം മിഷൻ പരിശീലനം നൽകിയിട്ടുണ്ട്. കെമസ്ട്രി ടീച്ചറിന്റെ നേതൃത്വത്തിൽ ഹയർ സെക്കന്ററി സ്കൂളിലെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. പഠനത്തിന്റെ ഭാഗമായാണ് ജലത്തിന്റെ ഗുണനിവാരം പരിശോധിക്കുന്നത്.
കിളികൊല്ലൂർ കോയിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ് ഐസക്ക്, പ്രിൻസിപ്പൽ മഞ്ചു എസ്, പിടിഎ പ്രസിഡന്റ് ദിലീപ് കുമാർ എസ്, കോർപ്പറേഷൻ കൗൺസിലർ സന്തോഷ് ബി, വിദ്യാഭ്യാസ- കായികകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് സവിതാ ദേവി, സ്കൂൾ വികസന സമിതി ചെയർമാൻ എ എം റാഫി, ഹെഡ്‌മിസ്ട്രസ് നജീബ എൻ എം, യമുനാ സി, മഞ്ചുഷ എം ജി തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version