Site iconSite icon Janayugom Online

പുതു വത്സര സമ്മാനമായി വയനാട് ടൗൺഷിപ്പ് പൂര്‍ത്തിയാകുന്നു

ദുരന്ത ബാധിതർക്കായുളള സംസ്ഥാന സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമായി ടൗൺഷിപ്പ് പൂര്‍ത്തീകരണത്തിലേക്ക്. മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ 200 വീടുകളുടെ കോണ്‍ക്രീറ്റിങ് പൂർത്തിയായി.
അഞ്ച് സോണുകളിലായി 350 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 330 വീടുകളുടെ അടിത്തറയൊരുക്കലും 330 വീടുകളുടെ എർത്ത് വർക്ക്, 310 വീടുകൾക്കായുള്ള പ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. 306 വീടുകളുടെ അടിത്തറ നിർമ്മാണം, 306 വീടുകളിലെ സ്റ്റമ്പ്, 293 വീടുകളുടെ പ്ലിന്ത്, 279 വീടുകളിൽ ഷിയർ വാൾ എന്നിവയുടെ പ്രവർത്തനങ്ങളും പൂർത്തിയായി. 200 വീടുകളുടെ സ്ലാബ്, ഏഴ് വീടുകളുടെ പ്ലാസ്റ്ററിങ്, 62 വീടുകളുടെ ഗ്രൈഡ് സ്ലാബ് പ്രവൃത്തിയും പൂർത്തീകരിച്ചു.
ടൗൺഷിപ്പിലൂടെ കടന്നുപോകുന്ന കെഎസ്ഇബിയുടെ വിതരണ ലൈൻ മാറ്റി സ്ഥാപിക്കുകയും 110 കെവി ലൈനിനായി നാല് പ്രധാന ടവറുകൾ സ്ഥാപിക്കുകയും ചെയ്തു. ടൗൺഷിപ്പിലെ റോഡ് നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മൂന്ന് ഘട്ടങ്ങളായാണ് റോഡ് നിർമ്മാണം. 12.65 മീറ്റർ വീതിയിലുള്ള പ്രധാന പാതയ്ക്ക് 1100 മീറ്റർ ദൈർഘ്യമാണുള്ളത്. 9.5 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡ് 2.770 കിലോമീറ്ററാണുണ്ടാവുക. ഇവ ടൗൺഷിപ്പിലെ വിവിധ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണ്.
ഇടറോഡുകള്‍ക്ക് 5.8 മീറ്ററാണ് വീതി. 7.553 കിലോ മീറ്റർ ദൈർഘ്യത്തിലാണ് ഇത്തരം റോഡുകൾ നിർമ്മിക്കുന്നത്. താമസ സ്ഥലങ്ങളിലേക്കുള്ള പ്രവേശനം ഈ റോഡിലൂടെയായിരിക്കും. പ്രധാനപാതയുടെ 490 മീറ്ററും രണ്ടാംഘട്ടത്തിലെ പാതയുടെ 906 മീറ്ററും നിർമ്മിച്ചു. ഇടറോഡുകൾക്കായുള്ള സ്ഥലത്ത് 812 മീറ്ററിൽ മണ്ണിട്ട് നികത്തിയിട്ടുണ്ട്.
പ്രാധാന റോഡിൽ ഇലക്ട്രിക്കൽ ഡക്ട് നിർമ്മാണവും അഴുക്കുചാല്‍ നിർമ്മാണവും പുരോഗമിക്കുകയാണ്. ആകെ 11.423 കിലോമീറ്റർ റോഡുകളാണ് ടൗൺഷിപ്പിൽ നിർമ്മിക്കുക. ഒമ്പത് ലക്ഷം ലിറ്റർ ശേഷിയുള്ള കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഡ്രെയ്നേജ് എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്.

Exit mobile version