പാശ്ചാത്യ രാജ്യങ്ങളില്‍ പ്രതിഷേധിക്കാനുള്ള അവകാശങ്ങള്‍ക്കെതിരെ നിരന്തര അടിച്ചമര്‍ത്തലുണ്ടാകുന്നുവെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്‌സി (എഫ്ഐഡിഎച്ച്) ന്റെ റിപ്പോര്‍ട്ട്. യുകെ, യുഎസ്, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളില്‍ നടന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികളോടുള്ള സര്‍ക്കാര്‍ സമീപനം വിലയിരുത്തിയാണ് എഫ്ഐഡിഎച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിനായി സര്‍ക്കാരുകള്‍ തീവ്രവാദ വിരുദ്ധ നിയമങ്ങളാണ് ഉപയോഗിക്കുന്നത്. യുഎസില്‍ ജൂതവിരുദ്ധത ആരോപിച്ചാണ് ഇത്തരം പ്രകടനങ്ങളെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എതിര്‍ ശബ്ദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അസാധാരണമായ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം അത് നിയമപരമായ മാര്‍ഗമാണെന്ന് ഭരണകൂടങ്ങള്‍ ന്യായീകരിക്കുകയും ചെയ്യുന്നു. 2023 ഒക്ടോബറിനും 2025 സെപ്റ്റംബറിനും ഇടയിൽ നടത്തിയ ഈ ഗവേഷണം യുകെ, ഫ്രാൻസ്, ജർമ്മനി, യുഎസ് എന്നിവിടങ്ങളിലെ സെൻസർഷിപ്പ്, മാധ്യമ, അക്കാദമിക് സ്വാതന്ത്ര്യ ലംഘനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തുന്നു.
പ്രതിഷേധങ്ങളുമാി ബന്ധപ്പെട്ട നിയമങ്ങൾ യുകെ, യുഎസ്, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ വ്യത്യസ്തമാണെങ്കിലും പലസ്തീൻ ഐക്യദാർഢ്യത്തെ അടിച്ചമർത്തുന്നതില്‍ സമാന നടപടികളാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലസ്തീന്‍ ഐക്യദാർഢ്യത്തിന്റെ ഭാഗമായി അമേരിക്കയിൽ അറസ്റ്റുകൾ, നിയമനടപടികൾ, ഭീഷണികൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഫ്രാൻസിലും ജര്‍മ്മനിയും പലസ്തീനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവരെ അടിച്ചമർത്തുന്നതിന് സര്‍ക്കാര്‍ ഇതിനോടകം വിമര്‍ശനം നേരിടുന്നുണ്ട്.
പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് രീതികള്‍ നിയന്ത്രിക്കാന്‍ യുകെ ഒരു സ്വതന്ത്ര സ്ഥാപനം സ്ഥാപിക്കണമെന്നും, 2000 ലെ ഭീകരവാദ നിയമത്തിലെ സെക്ഷൻ 12 പുനഃപരിശോധിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പ്രകടനം തടയാനും പ്രതിഷേധക്കാരെ പരശോധിക്കാനും അനുവദിക്കുന്ന 2023 ലെ പബ്ലിക് ഓർഡർ ആക്ടിലെ സെക്ഷൻ 11 റദ്ദാക്കാനും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ആത്യന്തികമായി, പലസ്തീനുമായുള്ള ഐക്യദാർഢ്യത്തിനെതിരായ അടിച്ചമർത്തൽ, അധിനിവേശ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളുടെ മാത്രമല്ല, ജനാധിപത്യമെന്ന് അവകാശപ്പെടുന്ന സമൂഹങ്ങളിലെ സ്വാതന്ത്ര്യ ലംഘന പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാശ്ചാത്യ സര്‍ക്കാരുകള്‍ പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്നു: റിപ്പോര്‍ട്ട്

