Site iconSite icon Janayugom Online

ഡൊണാള്‍ഡ്‌ ട്രംപ്‌ മടങ്ങിയെത്തുമ്പോള്‍

ഇന്ന് ജനുവരി 20, നാല്‌ വര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ്‌ ട്രംപ്‌ മടങ്ങിയെത്തുകയാണ്‌. ഇത്തവണ കൂട്ടിന്‌ ആഗോള വ്യവസായിയും, വംശീയ തീവ്രവാദിയുമായ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കും ധനമൂലധനത്തിന്റെ കഴുകന്‍ കണ്ണുമായി കൂട്ടിനുണ്ട്‌. (കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിലാണ്‌ സാമ്രാജ്യത്വത്തിന്റെ പ്രതീകമായ കഴുകനെ യുഎസിന്റെ ദേശീയ മുദ്രയായി ഔദ്യോഗികമായി അംഗീകരിക്കുന്ന ബില്ലില്‍ പ്രസിഡന്റ്‌ ജോ ബൈഡന്‍ ഒപ്പിട്ടത്‌). അമേരിക്കയുടെ 47-ാം പ്രസിഡന്റായാണ്‌ ട്രംപിന്റെ രണ്ടാമൂഴം. 127 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ്‌ ഒരിക്കല്‍ തോറ്റ പ്രസിഡന്റ്‌ രണ്ടാമത്‌ അധികാരത്തിലെത്തുന്നത്‌. 

തീവ്രവലതുപക്ഷക്കാരനായ ട്രംപിന്റെ വിജയം സംഘര്‍ഷം നിറഞ്ഞ ലോക സാഹചര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന ലോകജനതയുടെ ആശങ്ക ബലപ്പെടുത്തുന്ന നിലപാടുകളാണ്‌ അദ്ദേഹത്തില്‍ നിന്നുമുണ്ടായിക്കൊണ്ടിരിക്കുന്നത്‌. രണ്ടാം തവണ പ്രസിഡന്റായതോടെ കടുത്ത കുടിയേറ്റ വിരുദ്ധ സമീപനമാണ്‌ ട്രംപ്‌ സ്വീകരിക്കുന്നത്‌. കുടിയേറ്റം തടഞ്ഞില്ലെങ്കില്‍ കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക്‌ 25ശതമാനം നികുതി ചുമത്തുമെന്ന്‌ ഭീഷണി മുഴക്കിയിരിക്കുകയാണ്‌. കാനഡയെ അമേരിക്കയോട്‌ കൂട്ടിച്ചേര്‍ക്കുവാന്‍ സാമ്പത്തികമായി സമ്മര്‍ദം ചെലുത്തുമെന്ന്‌ ഫ്ലോറിഡയിലെ വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ച ട്രംപ്‌, കാനഡയെ അമേരിക്കയുടെ ഭാഗമാക്കിയ പുതുക്കിയ ഭൂപടവും പ്രസിദ്ധീകരിച്ചു. കാനഡയെ അമേരിക്കയുടെ 51-ാമത്‌ സ്റ്റേറ്റാക്കുമെന്നാണ്‌ ട്രംപിന്റെ പ്രഖ്യാപനം. പനാമ കനാലും ഗ്രീന്‍ലാന്റും തങ്ങളുടെ ദേശീയ സുരക്ഷയ്ക്കുവേണ്ടി സൈനികശക്തി ഉപയോഗിച്ച്‌ പിടിച്ചെടുക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്‌.

മറ്റു രാഷ്ട്രങ്ങളുടെ സ്വാതന്ത്യ്രവും പരമാധികാരവും തങ്ങള്‍ അംഗീകരിക്കുകയില്ലെന്നുള്ള വ്യക്തമായ സന്ദേശമാണ്‌ ട്രംപ്‌ നല്‍കുന്നത്‌. മെക്സിക്കന്‍ ഉള്‍ക്കടലിന്റെ പേര്‌ അമേരിക്കന്‍ ഉള്‍ക്കടല്‍ എന്നാക്കി മാറ്റുമെന്നും പ്രഖ്യാപനം നടത്തി. എല്ലാം അമേരിക്ക നിശ്ചയിക്കുക, ലോകം അത്‌ അംഗീകരിക്കുക അതാണ്‌ ട്രംപിന്റെ നയം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്തയോഗം ട്രംപിനെ വിജയിയായി പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനവും പ്രഖ്യാപനവും അതീവ ഗൗരവമുള്ളതാണ്‌. അമേരിക്കയുടെ ആഭ്യന്തര ജനാധിപത്യം പോലും അപകടത്തിലാകുമെന്ന്‌ ആശങ്കപ്പെടുന്നവരാണ്‌ ലോക രാഷ്ട്രീയ നിരീക്ഷകരില്‍ പലരും.
2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായി ജോ ബൈഡണ്‍ തെരഞ്ഞെടുക്കപ്പെട്ടതിന്റെ പ്രഖ്യാപനം നടത്തുവാന്‍ 2021 ജനുവരി ആറിന്‌ കൂടിയ കോണ്‍ഗ്രസ്‌ സംയുക്തയോഗം ട്രംപ്‌ അനുകൂലികള്‍, അതിക്രമിച്ചു കയറി അലങ്കോലമാക്കിയത്‌ അമേരിക്കന്‍ ജനാധിപത്യത്തിനേറ്റ തീരാക്കളങ്കമായിരുന്നു. ക്യാപിറ്റോള്‍ കലാപം, സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ സ്വവസതിയില്‍ സൂക്ഷിക്കല്‍, നീലച്ചിത്ര നടിക്ക്‌ പണം നല്‍കിയതില്‍ കള്ളക്കണക്ക്‌ എഴുതിയത്‌ അടക്കം 38 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്‌ ട്രംപ്‌. ജയിച്ചാല്‍ വൈറ്റ്‌ഹൗസ്‌, തോറ്റാല്‍ ജയില്‍ എന്ന നിലയിലാണ്‌ ട്രംപ്‌ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. ചൈനയുമായുള്ള വ്യാപാരയുദ്ധം തുടരുമെന്നതിന്റെ സൂചനയാണ്‌ ചൈനീസ്‌ ഉല്പന്നങ്ങള്‍ക്ക്‌ 100 ശതമാനം നികുതി ചുമത്തുമെന്നുള്ള പ്രഖ്യാപനം.
കണ്‍സര്‍വേറ്റീവ്‌ യുവജന വിഭാഗത്തിന്റെ കണ്‍വെന്‍ഷനില്‍ വച്ച്, പ്രസിഡന്റായി അധികാരം ഏറ്റാലുടനെ ട്രാന്‍സ്‌ജെന്‍ഡറുകളെ നിരോധിക്കുമെന്ന്‌ ട്രംപ്‌ പ്രഖ്യാപിച്ചു. ആണ്‌, പെണ്ണ്‌ എന്നീ രണ്ടു ലൈംഗിക വിഭാഗങ്ങള്‍ മാത്രമേ ലോകത്തുള്ളുവെന്നത്‌ അമേരിക്കയുടെ ഔദ്യോഗിക നയമായിരിക്കും. കുട്ടികളിലെ ലൈംഗികമാറ്റ പ്രക്രിയകള്‍ നിരോധിക്കും. ട്രാന്‍ഡ്‌ജെന്‍ഡറുകളെ സ്കൂളുകളില്‍ നിന്നും സൈന്യത്തില്‍ നിന്നും പുറത്താക്കും എന്ന പ്രഖ്യാപനവും നടത്തി. പ്രസിഡന്റ്‌ പദവിയിലെ ആദ്യ ഊഴത്തില്‍ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ നിലപാടുകളാണ്‌ ട്രംപ്‌ സ്വീകരിച്ചിരുന്നത്‌.
ഈനാംപേച്ചിക്ക്‌ മരപ്പട്ടി കൂട്ട് എന്നു പറഞ്ഞതുപോലെയാണ് ട്രംപിന്‌ കൂട്ടായി ശതകോടീശ്വരനായ ഇലോണ്‍ മസ്കിനെ കിട്ടിയത്‌. ട്രംപിനെ വിജയിപ്പിക്കുവാന്‍ മസ്ക് ചെലവഴിച്ചത്‌ 28 കോടി ഡോളറാണ്‌ (2,286 കോടി രൂപ). ട്രംപിന്റെ പ്രചരണ സംവിധാനമാകെ മസ്കിന്റെ നിയന്ത്രണത്തിലായിരുന്നു. ട്രംപിന്റെ വലംകയ്യായി തീര്‍ന്ന മസ്കിന്‌ കാബിനറ്റ്‌ പദവിയും പ്രഖ്യാപിച്ചു കഴിഞ്ഞു. 

മസ്കിന്റെ അടുത്തലക്ഷ്യം ട്രംപിന്‌ ശേഷം യുഎസ്‌ പ്രസിഡന്റാകുകയെന്നതാണ്‌. അതിനായി ആഗോള രാഷ്ട്രീയരംഗത്ത്‌ ചുവടുറപ്പിക്കുവാനുള്ള ശ്രമത്തിലാണ്‌. ജര്‍മ്മന്‍ തെരഞ്ഞെടുപ്പില്‍ നാസി അനുകൂല തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഓള്‍ട്ടര്‍നേറ്റീവ്‌ ഫോര്‍ ജര്‍മ്മനി (എഎഫ്‌ഡി)ക്കു വേണ്ടി മസ്ക് രംഗത്തുണ്ട്‌. ജര്‍മ്മനിയെ രക്ഷിക്കാന്‍ എഎഫ്‌ഡിക്കെ കഴിയൂവെന്ന്‌ അദ്ദേഹം എക്സില്‍ കുറിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സമൂഹമാധ്യമമായ എക്സിന്റെ നിയന്ത്രണം കയ്യിലുള്ളത്‌ ഉപയോഗപ്പെടുത്തിയാണ്‌ മസ്കിന്റെ നീക്കങ്ങള്‍. ബ്രിട്ടനില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ റിഫോം യുകെ പാര്‍ട്ടിക്കൊപ്പമുള്ള മസ്ക്, ബ്രിട്ടന്‍ വംശീയ വിദ്വേഷം ആളിക്കത്തിച്ചതിന്റെ പേരില്‍ തടവിലിട്ടിരുന്ന വലതുതീവ്രവാദി ടോമി റേബിന്‍സണെ മോചിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. നവനാസികള്‍ അടക്കം എല്ലാ തീവ്ര ദേശീയവാദികള്‍ക്കും പിന്തുണ നല്‍കുകയാണ്‌ ട്രംപ്‌. അതിനായി കുടിയേറ്റ വിരുദ്ധതയും ഇസ്ലാം ഭീതിയും വളര്‍ത്തിയെടുക്കുകയാണ്‌. വംശീയതയും വലതുപക്ഷ തീവ്രവാദവും ഒരു കയറ്റുമതി ചരക്കാക്കുവാനാണ്‌ ട്രംപും കൂട്ടാളികളും ശ്രമിക്കുന്നത്‌.

ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പുകളെ വിവേകത്തോടെ കാണുവാന്‍ കഴിയാത്ത ഭരണാധികാരികള്‍ ലോകത്തിനൊരു വിപത്തായിരിക്കുമെന്ന്‌ കാണിക്കുന്നതാണ്‌ ട്രംപ്‌ ഒന്നാം ഊഴത്തില്‍ (2017–21) എടുത്ത പല തീരുമാനങ്ങളും. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, കാട്ടുതീ, പ്രളയം, പകര്‍ച്ച വ്യാധികള്‍, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങളില്‍ ശാസ്ത്രലോകം നല്‍കിയ മുന്നറിയിപ്പുകളെ അവജ്ഞയോടെ തള്ളിക്കളയുകയും അവഗണിക്കുകയുമാണ്‌ ട്രംപ്‌ ചെയ്‌തിട്ടുള്ളത്‌. കാലാവസ്ഥാ വ്യതിയാനം ശാസ്ത്രലോകത്തിന്റെ ഒരു തട്ടിപ്പാണെന്ന്‌ പരിഹസിച്ച ട്രംപ്‌ ആഗോളതാപനം തടയുന്നതിനുള്ള ലോകരാഷ്ട്രങ്ങളുടെ പാരിസ്‌ കരാറില്‍ നിന്നും 2018 ജൂണില്‍ പിന്‍വലിയുകയും അക്കാര്യത്തിനായി നീക്കിവയ്ക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന ഫണ്ട്‌ നിഷേധി ക്കുകയും ചെയ്‌തു.
അണുവായുധങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ലോകരാഷ്‌ട്രങ്ങളുടെ ഇന്റര്‍മീഡിയറ്റ്‌ റേഞ്ച്‌ ന്യൂക്ലിയര്‍ ഫോഴ്‌സ്‌ (ഐഎന്‍എഫ്‌) കരാര്‍ 2018 നവംബറില്‍ ട്രംപ്‌ റദ്ദാക്കി. 2015ല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക്‌ ഒബാമ മുന്‍കയ്യെടുത്ത്‌ ഇറാനുമായുണ്ടായിരുന്ന ആണവ നിര്‍വ്യാപന കരാറില്‍ നിന്നും 2018 മേയ്‌ എട്ടിന്‌ യുഎസ്‌ ഏകപക്ഷീയമായി പിന്‍വാങ്ങി. ഇതൊക്കെ ലോകരാഷ്ട്രങ്ങളുടെ ഐക്യവേദികളെ തളര്‍ത്തുന്നതും ലോക സമാധാനത്തിനുതന്നെ ഭീഷണി ഉണ്ടാക്കുന്നതുമാണ്‌. രണ്ടാമത്തെ ഊഴത്തിലും ട്രംപ്‌ ഈ നിലപാടാണ്‌ തുടരുന്നതെങ്കില്‍ അതിന്റെ ഭവിഷ്യത്ത്‌ ലോകജനത നേരിടേണ്ടി വരും.
ആഗോളവല്‍ക്കരണം സൃഷ്ടിച്ച അസമത്വം ലോകത്ത്‌ സമാധാനവും സുരക്ഷയും നല്‍കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ അതില്‍ നിന്നുമുണ്ടായ രോഷവും വിദ്വേഷവും വംശീയതയും ഇസ്ലാം വിരുദ്ധതയും തീവ്ര ദേശീയതയുമായി വളര്‍ത്തിയാണ്‌ അമേരിക്കയില്‍ ട്രംപ്‌ രണ്ടാമൂഴവും, ഇന്ത്യയില്‍ മോഡി മൂന്നാമൂഴവുമായി മടങ്ങിയെത്തിയത്‌.

Exit mobile version