Site iconSite icon Janayugom Online

ഫാസിസം അജ്മീർ ദർഗയിലെത്തുമ്പോൾ

ഹിന്ദുത്വ എന്ന രാഷ്ട്രീയാശയം വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വിനായക് ദാമോദർ സവർക്കർ തന്റെ ‘ഹിന്ദുത്വ: ആരാണ് ഹിന്ദു?’ എന്ന പ്രത്യയശാസ്ത്ര ലഘുലേഖയിൽ ഹിന്ദുയിസവും ഹിന്ദുത്വയും തമ്മിലുള്ള അന്തരം വരച്ചു കാട്ടുന്നുണ്ട്. “ഹിന്ദുയിസം ഹിന്ദുത്വയിൽ നിന്നും തീർത്തും വിഭിന്നമാണ്. ഹിന്ദുയിസം ആത്മീയ‑മത ആശയസംഹിതകളെ കുറിക്കുമ്പോൾ, ഹിന്ദുത്വ ഹിന്ദുതീവ്രതയുടെ എല്ലാ പ്രവർത്തനങ്ങളെയും ആശയങ്ങളെയും ഉൾക്കൊള്ളുന്നതാണ്” (പേജ് 4).

സംഘ്പരിവാറിനെ കേവലം ഒരു സംവിധാനം എന്നതിനപ്പുറം അപകടകരമായ പൊതുബോധമായി വീക്ഷിക്കുകയും അവരുടെ പൊതുബോധ രൂപീകരണത്തിനെതിരായ സാംസ്കാരിക ചെറുത്തുനില്പെന്ന രാഷ്ട്രീയ ജാഗ്രത രൂപപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് സവർക്കറുടെ ലഘുലേഖ നമ്മോട് പറയുന്നത്. അപ്രകാരം വിദ്വേഷത്തിലധിഷ്ഠിതമായ ഫാസിസ്റ്റുകളുടെ വിഭജന രാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് രാജസ്ഥാനിലെ അജ്മീർ ദർഗ നിർമ്മിച്ചത് ശിവക്ഷേത്രം നിലനിന്ന സ്ഥാനത്താണെന്ന ഹിന്ദുസേനയുടെ അവകാശവാദം. മുമ്പ് പഴയ നളന്ദ മഹാവിഹാരത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപം പുതുതായി നിർമ്മിച്ച സർവകലാശാല ഉദ്ഘാടനം ചെയ്തുകൊണ്ട് 12-ാം നൂറ്റാണ്ടിൽ വിദേശ അക്രമികൾ നളന്ദ സർവകലാശാല നശിപ്പിച്ചുകളഞ്ഞുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ മറ്റൊരു പതിപ്പ് തന്നെയാണിത്. മുസ്ലിം ഭരണാധികാരികള്‍ മത തീവ്രവാദം നിമിത്തം ഹൈന്ദവ ആരാധനാലയങ്ങളും രാജ്യത്തെ പുരാവസ്തുക്കളും ഇല്ലായ്മ ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമിക്കുന്ന പതിവ് വർഗീയ അജണ്ട. 

ഉത്തർ പ്രദേശിലെ സംഭാൽ ഷാഹി ജുമാ മസ്ജിദ് സർവേക്കിടയിലെ വെടിവയ്‌പിൽ അഞ്ച് പേർ മരിച്ചതിന് പിന്നാലെയാണ് അജ്മീർ ദർഗയിലും അവകാശവാദം ഉന്നയിച്ചുകൊണ്ട് സംഘ്പരിവാർ സംഘടന രംഗത്ത് വന്നിരിക്കുന്നത്. 1947 ഓഗസ്റ്റ് 15ന് നിലനിന്ന അവസ്ഥയിൽ ചരിത്രസ്മാരകങ്ങളെ അതേപടി സംരക്ഷിക്കുകയാണ് റിപ്പബ്ലിക്കിന്റെ സാംസ്കാരിക ധർമ്മമെന്നും ഏതെങ്കിലും സ്മാരകങ്ങൾ നൂറ്റാണ്ടുകൾക്ക് മുമ്പ് മറ്റേതോ മതവിശ്വാസ പ്രകാരമുള്ള നിർമ്മിതികളെ തകർത്തുകൊണ്ടാണെന്നുള്ള അവകാശവാദങ്ങൾ എവിടെ നിന്നെങ്കിലുമുയർന്നാൽ അവയ്ക്കനുസൃതമായി സ്മാരകങ്ങളെ നീക്കം ചെയ്യുന്നത് നിയമവാഴ്ചയുടെ തത്വങ്ങൾക്കെതിരാണെന്നുമുള്ള 1991ലെ നിയമത്തെ നഗ്നമായി ലംഘിച്ചുകൊണ്ടാണ് ‘കാശി മഥുര ബാക്കി ഹേ’ എന്ന മുദ്രാവാക്യം കേന്ദ്ര ഭരണത്തിന്റെ തണലിൽ സംഘ്പരിവാർ വ്യാപകമായി ഉയർത്തുന്നത്. 

പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി മിസ്റ്റിക് വിശുദ്ധനും തത്വചിന്തകനുമായിരുന്നു ഖാജ മുഈനുദ്ദീൻ ചിഷ്തി. (അസയ്യിദ് ശൈഖ് മുഈനുദ്ദീൻ ഹസൻ എന്നാണ് പൂർണ നാമം) ഹിജ്റ 522ൽ ഇറാനിലെ സജിസ്ഥാനിലാണ് അദ്ദേഹത്തിന്റെ ജനനം. ബാല്യം മുതൽ കടുത്ത മത ശിക്ഷണത്തിലും ആത്മീയാനുഭവങ്ങളിലും വളർന്ന അദ്ദേഹം പിതാവ് ശിയാസുദ്ധീൻ സൻജരിയുടെ ശിക്ഷണത്തിൽ പ്രാഥമിക പഠനം നടത്തിയ ശേഷം ശൈഖ് ഹുസാമുദ്ദീൻ എന്ന ഗുരുവിന്റെ അടുത്ത് നിന്ന് ‘ഖുർആൻ ‘മനഃപാഠമാക്കുകയും പിന്നീട് ഇറാഖിലെ ഖാജാ ഉസ്മാൻ ഹാറൂനിയെന്ന ശൈഖിനെ അന്വേഷിച്ച് പുറപ്പെടുകയും ചെയ്തു.
20 വർഷക്കാലം അദ്ദേഹത്തിൽ നിന്ന് വിജ്ഞാനവും ആത്മീയ പാഠങ്ങളും സ്വായത്തമാക്കിയ ശേഷം സ്ഥാന വസ്ത്രം (ഹിർക്ക) സ്വീകരിച്ച്, വിശ്രുതമായ
‘ചിഷ്തി ‘മാർഗത്തിൽ പ്രവേശിക്കുകയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. 

ഇദ്ദേഹത്തിന്റെ ഗുരുക്കളെല്ലാം ‘ചിഷ്ത്’ പ്രദേശത്തായിരുന്നുവെന്നതിനാൽ ഇദ്ദേഹവും ഈ പ്രദേശത്തോട് ചേർത്ത് അറിയപ്പെടുകയായിരുന്നു എന്നും പറയപ്പെടുന്നു. ഹിന്ദുസ്ഥാനിലേക്ക് പുറപ്പെടുകയെന്ന ബോധനത്തിന്റെ അടിസ്ഥാനത്തിൽ 40 അനുയായികൾക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര തിരിച്ച് ഹിജ്റ 561 മുഹറം മാസത്തിൽ ചിഷ്തി അജ്മീറിലെത്തി. ‘സുൽത്താനുൽ ഹിന്ദ്’ എന്ന നാമത്തിൽ അറിയപ്പെടുന്ന അദ്ദേഹം അനവധി അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്. 1236ലാണ്(ഹിജറ 633, റജബ് ആറ് ) മുഈനുദ്ദീൻ ചിഷ്തി അന്തരിക്കുന്നത്.
തുടർന്ന് ദേശീയ ഭരണാധികാരികൾ അടക്കം അദ്ദേഹത്തിന്റെ ഖബറിടത്തിൽ പ്രാർത്ഥിക്കാൻ വന്നതോടെ ഈ ദർഗയുടെ ഘടന വിപുലീകരിച്ചു. 1332ൽ ദില്ലി സുൽത്താൻ മുഹമ്മദ് ബിൻ തുഗ്ലക്കാണ് ഇന്ന് കാണുന്ന വിധത്തിൽ ദർഗ നിർമ്മിച്ചത്. അനന്തരം വിവിധ കാലങ്ങളിലായി നിരവധി ഭരണാധികാരികൾ ഈ ദർഗ വിപുലീകരിക്കുകയുണ്ടായി. ജാതി — മത ഭേദമന്യേ ആയിരങ്ങളാണ് ദർഗയിൽ സന്ദർശനം നടത്തുന്നത്. മുഈനുദ്ദീൻ ചിഷ്തിയുടെ ഉറൂസ് എല്ലാ വർഷവും അറബ് മാസം റജബ് ആറ്, ഏഴ് തീയതികളിലാണ് കൊണ്ടാടാറുള്ളത്. അന്താരാഷ്ട്ര വഖഫ് (എൻഡോവ്മെന്റ്) ആയ ചിഷ്തിയുടെ ദർഗ 1955ലെ ‘ദർഗാ ഖ്വാജാ സാഹിബ് ആക്ട്’ പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. സർക്കാർ നിയോഗിച്ച ദർഗ കമ്മിറ്റിക്ക് തന്നെയാണ് ഇതിന്റെ നടത്തിപ്പ് ചുമതല.
രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രം സ്ഥിതിചെയ്യുന്നത് ഹിന്ദുക്ഷേത്രത്തിന്റെ സ്ഥലത്താണെന്ന് അവകാശപ്പെട്ടുകൊണ്ട് ഹിന്ദുസേന നൽകിയ ഹർജിയിൽ ന്യൂനപക്ഷ മന്ത്രാലയത്തിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും ദർഗ കമ്മിറ്റിക്കും സിവിൽ കോടതി നോട്ടീസ് അയച്ചിരിക്കുകയാണ്. ദർഗ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ക്ഷേത്രം നില നിന്നിരുന്നു എന്ന് തെളിയിക്കത്തക്ക വിധം പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളോ ആധികാരിക രേഖകളോ ഒന്നും തന്നെ ലഭ്യമല്ലാതെയിരിക്കെയാണ് ബ്രിട്ടീഷ് ഭരണകാലത്തെ ഉദ്യോഗസ്ഥനായിരുന്ന ഹർ ബിലാസ് സർദ എന്നയാൾ 1910ൽ എഴുതിയ പുസ്തകത്തിലെ ചില പരാമർശങ്ങളുടെ ചുവടുപിടിച്ചുകൊണ്ട് തല്പരകക്ഷികൾ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ മുസ്ലിം ഭരണകാലത്തെ ഹിന്ദുവിരുദ്ധ യുഗമായി അവതരിപ്പിച്ചുകൊണ്ട് ചരിത്ര ദുർവ്യാഖ്യാനങ്ങളെ സ്ഥാപിച്ചെടുക്കാനുള്ള സാമ്രാജ്യത്വ ബുദ്ധിജീവികളുടെ അജണ്ടയുടെ ഫലമായി എഴുതപ്പെട്ട പുസ്തകങ്ങൾ ഇന്ത്യാ ചരിത്രത്തിന്റെ ഹിന്ദുത്വ വ്യാഖ്യാനത്തിന് സംഘ്പരിവാർ ആധികാരികമായി ഉപയോഗിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. കാരണം വിഭജനവും വിഘടനവുമാണവരുടെ എക്കാലത്തെയും മുഖമുദ്ര. നളന്ദ മഹാ വിഹാരത്തിന്റെ തകർച്ചയെ വർഗീയവല്‍ക്കരിച്ച കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.

മുഹമ്മദ് ഗോറിയുടെ കൊട്ടാരത്തിലെ ഭക്തിയാർ ഖിൽജിയാണ് പ്രസിദ്ധമായ നളന്ദ മഹാവിഹാരം കത്തിച്ചതെന്ന ആർഎസ്എസ്-ബിജെപി ആരോപണം പരിശോധിക്കുമ്പോൾ അന്നത്തെ ചരിത്രവുമായി ബന്ധപ്പെട്ട മിക്ക പ്രാഥമിക സ്രോതസുകളിലും ഖിൽജി നളന്ദയിലേക്ക് പോയതായി പരാമർശിക്കുന്നേയില്ല എന്നതാണ് വസ്തുത. മിൻഹാജ്-ഇ‑സിറാജ് എഴുതിയ ‘തബകത്ത്-എ-നസിരി‘യിലും ഇതേക്കുറിച്ച് പറയുന്നില്ല. ബിഹാറിലെ ‘ആന്റിക്വേറിയൻ റിമെയിൻസി’ൽ ഡി ആർ പാട്ടീൽ ഉദ്ധരിച്ച ‘ഹിസ്റ്ററി, ഓഫ് ഇന്ത്യൻ ലോജിക്’ ആകട്ടെ ഈ സംഭവം ബുദ്ധ — ബ്രാഹ്മണ സന്യാസിമാർ തമ്മിലുള്ള കലഹത്തെ സൂചിപ്പിക്കുന്നുവെന്നാണ് പറയുന്നത്. എന്നാൽ ഖിൽജിയെ വിഷയത്തിലേക്ക് വലിച്ചിഴച്ച് ഇസ്ലാം വിരുദ്ധത ആളിക്കത്തിക്കാനാണ് സംഘ്പരിവാറിന് താല്പര്യം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വർഗീയ വിഭജനങ്ങൾ സൃഷ്ടിക്കുന്ന സംഘ്പരിവാർ അജ്മീർ ദർഗയിലുന്നയിച്ച അവകാശവാദത്തിലൂടെ വ്യക്തമാകുന്നതും മറ്റൊന്നല്ല. 

Exit mobile version