നുണ പറഞ്ഞ് കാട്ടിലെ മൃഗങ്ങളെ മുഴുവന്‍ കബളിപ്പിച്ച് രാജാവായ പന്നിയുടെ കഥയാണ് അലക്സ് ബിയേഡിന്റെ നുണയന്‍ രാജാവ് (ദി ലയിങ് കിങ്). ആന മുതല്‍ സിംഹത്തെ വരെ പറ്റിച്ച് അധികാരിയായ പന്നിയെ താഴെയിറക്കാന്‍ ഒടുവില്‍ പ്രേരണയായത് ഒരു പാവം എലിയാണ്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേര്‍ച്ചിത്രമെന്ന നിലയില്‍ അലക്സ് ബിയേഡിന്റെ പ്രസിദ്ധമായ ഈ കഥ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുതുതലമുറയ്ക്കും പരിചിതം. കഥയിപ്പോള്‍ ഓര്‍ക്കാനൊരു കാരണമുണ്ട്. അതിലേക്ക് വരുംമുമ്പ് നടന്‍ പ്രകാശ്‌രാജിന്റെ കഴിഞ്ഞദിവസത്തെ സമൂഹമാധ്യമക്കുറിപ്പിന്റെ തലക്കെട്ട് നോക്കാം. ‘എംജിആറെ പാത്തിര്ക്ക്, ശിവാജിയെ പാത്തിര്ക്ക്… ഉന്നൈ മാതിരി ഒരു നടികറെ പാത്തതേ ഇല്ലെെ’ എന്നാണത്. താന്‍കൂടി അഭിനയിച്ച വിക്രം നായകനായ അന്യന്‍ എന്ന സിനിമയിലെ വീഡിയോയോടൊപ്പമാണ് എക്സില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചത്. ‘അന്യന്റെ’ ഭാവമാറ്റങ്ങളുടെ പഞ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനകളുടെ ക്ലിപ്പിങ്ങുകളുമുണ്ട്. മുസ്ലിങ്ങള്‍ നുഴഞ്ഞുകയറ്റക്കാരാണെന്ന് താന്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന നരേന്ദ്ര മോഡിയുടെ വിശദീകരണം വന്നതിന് പിന്നാലെയാണ് സംഘ്പരിവാർ വിമർശകനായ പ്രകാശ് രാജിന്റെ പോസ്റ്റ്.
താന്‍ മുസ്ലിം വിരുദ്ധനല്ലെന്നും നുഴഞ്ഞുകയറ്റക്കാരെന്നും കൂടുതൽ കുട്ടികളുള്ളവരെന്നും പരാമർശിച്ചത് മുസ്ലിങ്ങളെ ഉദ്ദേശിച്ചല്ലെന്നും, തങ്ങള്‍ക്കനുകൂലമായി വാര്‍ത്ത നല്‍കുന്ന ഒരു ചാനലിലൂടെയാണ് നരേന്ദ്ര മോഡി വിശദീകരിച്ചത്. ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിക്കുന്നയാളല്ല താന്‍. അങ്ങനെ വിഭാഗീയത കാട്ടിയെന്ന് വന്നാൽ പൊതുപ്രവർത്തനത്തില്‍ നിന്ന് പിന്മാറുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. പ്രസംഗത്തിലെവിടെയും ഞാന്‍ ഹിന്ദു-മുസ്ലിം എന്ന് പറഞ്ഞിട്ടില്ല. കൂടുതൽ കുട്ടികളുള്ളവർ എന്ന് പറഞ്ഞാൽ അത് മുസ്ലിങ്ങൾ മാത്രമല്ല. ധാരാളം കുട്ടികളുള്ള രക്ഷിതാക്കൾക്ക് അവരെ നോക്കാൻ കൂടി കഴിയണമെന്നും സർക്കാർ നോക്കേണ്ട സാഹചര്യമുണ്ടാക്കരുതെന്നാണ് പറഞ്ഞതെന്നും മോഡി വികാരഭരിതനായി വിശദീകരിക്കുന്നു. വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡ വിശദീകരണം നൽകിയതിന് തൊട്ടു പിന്നാലെയാണ് തന്റെ ഭാഗം മോഡി ന്യായീകരിക്കാനിറങ്ങിയത്.
അഭിമുഖം പുറത്തുവന്നത് ബുധനാഴ്ചയാണ്. അതേദിവസം തന്നെ വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ പിംപാൽഗാവ് ബസ്വന്തിൽ പ്രധാനമന്ത്രി പ്രസംഗിച്ചത് “ബജറ്റിന്റെ 15 ശതമാനം ന്യൂനപക്ഷങ്ങൾക്കായി നീക്കിവയ്ക്കാനാണ് കോണ്‍ഗ്രസ് നീക്കം” എന്നാണ്. 2004 മുതൽ 14 വരെ കാലയളവിൽ ബിജെപിയിൽ നിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്നാണ് കോൺഗ്രസ് കേന്ദ്ര ബജറ്റിന്റെ 15 ശതമാനം ന്യൂനപക്ഷങ്ങൾക്കായി മാറ്റിവയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിൽ താനും അതിനെ ശക്തമായി എതിർത്തു. ഡോ. ബി ആർ അംബേദ്കർ പോലും മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണത്തെ എതിർത്തിരുന്നു‘വെന്നും മോഡി പറഞ്ഞു. ഒരിടത്ത് മുസ്ലിങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് അഭിമുഖം ഉണ്ടാക്കുകയും മറുവശത്ത് അതേസമയംതന്നെ ന്യൂനപക്ഷവിരുദ്ധത ഒരു മറയുമില്ലാതെ പ്രസംഗിക്കുകയും ചെയ്ത മോഡി ‘അന്യനാ‘ണോ ബിയേഡിന്റെ കഥാപാത്രമാണോ എന്നാണിനി പരിശോധിക്കേണ്ടത്.
ഏപ്രില്‍ 22ന് രാജസ്ഥാനിലെ ബന്‍സ്വാരയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലാണ് മോഡി മുസ്ലിം വിരുദ്ധ പ്രസ്താവന ആദ്യം നടത്തിയത്. നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികളുള്ളവർക്കും നിങ്ങളുടെ സ്വത്ത് വീതിച്ചു നൽകുന്നത് അംഗീകരിക്കാനാകുമോ എന്നാണദ്ദേഹം ചോദിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്ലിങ്ങൾക്ക് വീതിച്ചുനൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് ഭരണത്തില്‍ രാജ്യത്തിന്റെ സ്വത്തുക്കളുടെ ആദ്യ അവകാശികൾ മുസ്ലിങ്ങളായിരിക്കും. നിങ്ങളുടെ മംഗല്യസൂത്രം (താലിമാല) പോലും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നായിരുന്നു മോഡിയുടെ പ്രസംഗം. നേരത്തേ, കോൺഗ്രസിന്റെ പ്രകടനപത്രികയെ മുസ്ലിം ലീഗിന്റെ മുദ്രയെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
ഏപ്രില്‍ 23ന് രാജസ്ഥാനിലെ തന്നെ കോട്ടയില്‍ പ്രസംഗിക്കവേ, തന്റെ മുന്‍ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നുണ്ടെന്നും വിഭജനം എക്കാലത്തും കോൺഗ്രസിന്റെ അജണ്ടയാണെന്നും കുറ്റപ്പെടുത്തിയ മോഡി, കോൺഗ്രസായിരുന്നു ഇപ്പോൾ രാജ്യം ഭരിച്ചിരുന്നതെങ്കിൽ തീവ്രവാദം തഴച്ചു വളരുമായിരുന്നുവെന്ന് ആരോപിച്ചു. കശ്മീരിൽ അക്രമം തുടരുമായിരുന്നു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഹനുമാൻ ചാലിസ ചൊല്ലിയതിന് പാവപ്പെട്ട കച്ചവടക്കാരനെ മർദിച്ചു. രാമക്ഷേത്രം യാഥാർത്ഥ്യമാകാതിരിക്കാൻ പരമാവധി ശ്രമിച്ച കോണ്‍ഗ്രസ്, രാമനവമി ആഘോഷങ്ങൾക്ക് തടസമുണ്ടാക്കാൻ നോക്കി. ഹനുമാൻ ചാലിസ ചൊല്ലാനും, രാമനവമി ആഘോഷിക്കാനുമുള്ള സ്വാതന്ത്ര്യം തന്റെ ഗ്യാരന്റിയാണെന്നും പ്രസംഗിച്ച മോഡിയാണ് തെരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ താന്‍ മുസ്ലിങ്ങള്‍ക്കെതിരെ പറഞ്ഞിട്ടില്ല എന്ന് കണ്ണീരൊഴുക്കുന്നത്.
മോഡിയുടെ മുസ്ലിം വിരുദ്ധതയെ വെെകാരികമായി ഉറപ്പിക്കാനെന്നമട്ടില്‍, രാജ്യത്ത് മുസ്ലിം ജനസംഖ്യയിൽ വൻ വർധനവും ഹിന്ദുക്കളുടേതിൽ ഇടിവുമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി- പിഎം) കഴിഞ്ഞദിവസം ഒരു റിപ്പോർട്ടും പുറത്തിറക്കിയിരുന്നു. ഹിന്ദുസമൂഹം ഭയപ്പെടേണ്ട അവസ്ഥയാണ് എന്ന നിലയിലായിരുന്നു ദേശീയ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്ന ഗോദി മീഡിയ ഇത് റിപ്പോർട്ട് ചെയ്തത്. റിപ്പോർട്ട് പ്രകാരം, 1950ൽ 9.84 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യ 2015 ആയപ്പോൾ 14.09 ആയി വർധിച്ചു. അതായത് 4.25 ശതമാന പോയിന്റിന്റെ വ്യത്യാസം. പക്ഷേ ഇതിനെ ശതമാനക്കണക്കിലേക്കു മാറ്റി 43.15 എന്ന നിലയിലാണ് അവതരിപ്പിച്ചത്. ഹിന്ദു, ക്രൈസ്തവ, സിഖ് വിഭാഗങ്ങളുടെയെല്ലാം കണക്കുകൾ ഇങ്ങനെ തന്നെയാണ് നൽകിയത്.
അതേസമയം, ജനസംഖ്യാ ശാസ്ത്രജ്ഞരും സ്വതന്ത്ര ഏജൻസികളും സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് ശാസ്ത്രീയമല്ലെന്നും രാഷ്ട്രീയ ലക്ഷ്യമുള്ളതാണെന്നും വെളിപ്പെടുത്തി. 1881ന് ശേഷം ഒരു ദശാബ്ദം സെൻസസ് നടത്താതെ കടന്നുപോകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി പറയുന്ന ‘വേഗത്തിലുള്ള ജനസംഖ്യാ വളർച്ച’യെ സാധൂകരിക്കാനുള്ള കണക്കുകൾ ലഭ്യമല്ലെന്നവര്‍ ചൂണ്ടിക്കാട്ടി. 2021ല്‍ നടക്കേണ്ട സെന്‍സസ് ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ജനസംഖ്യാ കണക്കുകള്‍ പഴയതാണ്. നമ്മുടേത് ഇപ്പോൾ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണെങ്കിലും ജനസംഖ്യാ വളർച്ച ആശങ്കപ്പെടാവുന്നത്ര വേഗത്തിലാണോ എന്നതും വ്യക്തമല്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഹിന്ദു-മുസ്ലിം വർഗീയവിഭജനത്തിന്റെ പേരില്‍ മാതൃകാ പെരുമാറ്റച്ചട്ടം (എംസിസി) ലംഘിച്ചുവെന്നതിന് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്യപ്പെട്ട ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോഡി എന്നകാര്യം ചരിത്രമാണ്. ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിക്കാരൻ, തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാതെ നേരിട്ട് കോടതിയിലെത്തി എന്ന കാരണത്താൽ മാത്രം ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. പെരുമാറ്റച്ചട്ട ലംഘനത്തിന് നരേന്ദ്ര മോഡിക്കെതിരെ പ്രതിപക്ഷം കമ്മിഷന് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നത് വേറെകാര്യം. മാത്രമല്ല മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ നടപടിക്രമത്തില്‍ നരേന്ദ്ര മോഡിക്കുവേണ്ടി കമ്മിഷന്‍ മാറ്റവും വരുത്തിയിരിക്കുന്നു. മോഡിയുടെ വിഷം ചീറ്റലിനെതിരെ തുരുതുരാ പരാതികള്‍ ലഭിച്ചതോടെ ചട്ടലംഘനം നടത്തിയ വ്യക്തികള്‍ക്ക് പകരം പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കുന്ന രീതിയിലേക്ക് കമ്മിഷന്‍ മാറുകയായിരുന്നു. ഇക്കാര്യം മേയ് 14ന് പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ വീശദീകരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉള്‍പ്പെടെ സകല ഭരണഘടനാ സംവിധാനങ്ങളും തന്റെ കെെവെള്ളയിലായിരിക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടയ്ക്കിടെ തന്ത്രം മാറ്റുന്ന ഗതികേടിലേക്ക് മോഡിയും കൂട്ടരും എത്തിച്ചേര്‍ന്നത് ജനവിധിയിലുണ്ടാകാവുന്ന തിരിച്ചടിയില്‍ ഭയം കൊണ്ടുതന്നെയാണ്. മോഡിയുടെ ഗ്യാരന്റിയും 400 സീറ്റുമെന്ന പ്രചരണം രണ്ടാംഘട്ടത്തോടെ കൃത്യമായ ഹിന്ദു-മുസ്ലിം വിഭജനത്തിലേക്ക് മാറി. നാലാംഘട്ടം പിന്നിട്ടപ്പോഴും തന്റെ ഗ്യാരന്റികള്‍ക്ക് ജനം കല്പിക്കുന്നത് പുല്ലുവിലയാണ് എന്ന് തിരിച്ചറിഞ്ഞിട്ടാവാം മുസ്ലിം വിരുദ്ധത തെളിയിച്ചാല്‍ പൊതുജീവിതം നിര്‍ത്തുമെന്ന കരച്ചിലിലേക്ക് മാറിയത്. 2016ലെ നോട്ട് നിരോധനകാലത്ത് അരങ്ങേറിയ ’50 ദിവസം കൊണ്ട് പ്രതിസന്ധി തീര്‍ക്കും, ഇല്ലെങ്കില്‍ എന്നെ കവലയില്‍ കെട്ടിയിട്ട് അടിച്ചോളൂ’ എന്ന നാടകത്തിന്റെ രണ്ടാം ഭാഗമായേ പക്ഷേ ജനം ഇതിനെ കാണുകയുള്ളൂ.
ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഇന്ത്യൻ സുപ്രീം കോടതിയുടെ വിധിയിൽ, പിന്നീട് എല്ലാവരും പശ്ചാത്തപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. സംഭാവന നൽകിയവരുടെയും സ്വീകരിക്കുന്നവരുടെയും പേരുകൾ പ്രസിദ്ധപ്പെടുത്തിയതോടെ ഗുണഭോക്താക്കളായ രാഷ്ട്രീയ പാർട്ടികളുടെ പേരുകൾ സംശയാതീതമായി തെളിയുകയും കേന്ദ്ര അന്വേഷണ ഏജൻസികൾ കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ നടത്തിയ ഭീഷണി വെളിപ്പെടുകയും ചെയ്തത് ജനം തിരിച്ചറിഞ്ഞു. കർണാടകയില്‍ ബലാത്സംഗക്കേസ് പ്രതികൾക്കുവേണ്ടി പോലും മോഡിയും അദ്ദേഹത്തിന്റെ പാർട്ടിയും പ്രചരണം നടത്തുന്നതും തിരിച്ചടിയായി. “നാരി ശക്തി“ക്കുവേണ്ടി പോരാടുന്ന പാർട്ടിയെന്ന് വീമ്പിളക്കിക്കൊണ്ട് വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ മകന് ടിക്കറ്റ് നൽകി. കർഷകരുടെ കൊലയാളിയുടെ പിതാവിനും സീറ്റ് നൽകിയിട്ടുണ്ട്.
പ്രതിപക്ഷത്തെ അടിച്ചമർത്തൽ, കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖേന വിയോജിപ്പുള്ള മാധ്യമപ്രവർത്തകരെയും മറ്റ് വ്യക്തികളെയും വേട്ടയാടുന്ന സ്വേച്ഛാധിപത്യ മനോഭാവം എന്നിവ ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഒരു രാഷ്ട്രം-ഒരു തെരഞ്ഞെടുപ്പ്, ഒരു രാഷ്ട്രം-ഒരു നിയമം തുടങ്ങിയവ ഏകാധിപത്യത്തിനുള്ള ജനാധിപത്യാഹ്വാനമാണെന്നു പൊതുജനം തിരിച്ചറിഞ്ഞു തുടങ്ങി. ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയെ സുപ്രീം കോടതി വിട്ടയച്ച ദിവസമാണ് മോഡിയുടെ മുതലക്കണ്ണീര്‍ എന്നതും ചിന്തനീയമാണ്. പുര്‍കായസ്തയെ യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമാണെന്ന് പറഞ്ഞാണ് അദ്ദേഹത്തെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവിട്ടത്. വിയോജനത്തോടുള്ള മോഡിയുടെ യഥാര്‍ത്ഥ നിലപാടിനെ സുപ്രീം കോടതി തീരുമാനം പൂർണമായും അനാവരണം ചെയ്യുമ്പോള്‍ അടുത്ത നാടകത്തിനുള്ള അരങ്ങൊരുക്കമായിരിക്കും മോഡി അണിയറയില്‍ നടത്തുന്നത്.