Site iconSite icon Janayugom Online

‘സംഘ്’പരിവാർ ‘ഫ്രണ്ട്’ പരിവാറിനെ നിരോധിക്കുമ്പോൾ

RSSRSS

പ്രതീക്ഷിച്ച പോലെ പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചിരിക്കുന്നു. യുഎപിഎ നിയമം മൂന്നാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് കേന്ദ്ര ഗവൺമെന്റ് പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ എട്ട് സംഘടനകളെയും അഞ്ച് വർഷക്കാലത്തേക്ക് നിരോധിച്ച് ഉത്തരവ് ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടത്തി വരുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ പശ്ചാത്തലവും പുറം രാജ്യങ്ങളിലെ ഇസ്‌ലാമിക ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട് എന്നതും കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തുന്നത് എന്നാണ് കേന്ദ്ര സർക്കാർ ഉത്തരവിൽ പറയുന്നത്. കേരളത്തിലെ 2017ല്‍ ഉണ്ടായ ബിപിന്റെയും 2018ലെ അഭിമന്യുവിന്റെയും 2021 ലെ സഞ്ജിത്ത്, നന്ദു എന്നിവരുടെയും കൊലപാതകങ്ങൾ ഉൾപ്പെടെ കർണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലായി നടന്ന പത്ത് കൊലപാതകങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർക്ക് സജീവ പങ്കാളിത്തമുണ്ടെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവിൽ പറയുന്നത്. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ പറയുന്ന കാരണങ്ങളിൽ പലതും നമുക്ക് അറിയാവുന്നതും എന്നാൽ ചിലത് ഇനിയും ബോധ്യപ്പെടേണ്ടതുമാണ്. എന്നാൽ ജനാധിപത്യ രാജ്യത്ത് ഒരു സംഘടന സ്വീകരിക്കേണ്ട നിലപാടോ പ്രവർത്തനശൈലിയോ അല്ല പോപ്പുലർ ഫ്രണ്ട് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ കേരള ഹർത്താൽ.
“നിങ്ങൾ എന്തെ പീഡിതരായ അവശർക്ക് വേണ്ടി (സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ) രംഗത്ത് വരാത്തത്” എന്ന് അർത്ഥം വരുന്ന പരിശുദ്ധ ഖുർആന്റെ വാചകങ്ങൾ തെരുവിൽ മുദ്രാവാക്യങ്ങളാക്കി മാറ്റിയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഹർത്താലിൽ പങ്കെടുത്തത്. ഇസ്‌ലാം മതവിശ്വാസികളുടെ ഹർത്താലാണിതെന്നും മതവിശ്വാസ പ്രകാരം അനിവാര്യമായ പോരാട്ടമാണ് ഇതെന്ന് വരുത്താനുമുള്ള ശ്രമമാണ് പോപ്പുലർ ഫ്രണ്ട് ഈ ഹർത്താലിന്റെ ഭാഗമായി കേരളത്തിൽ നടത്തിയത്. തന്റെ പ്രവാചകത്വത്തിന്റെ അവസാന കാലത്താണ് മുഹമ്മദ് നബി തന്റെ ആദ്യത്തെയും അവസാനത്തെയും ഹജ്ജ് കർമ്മം നിർവഹിക്കുന്നത്. അവിടെ വച്ച് നടത്തിയ വിടവാങ്ങൽ പ്രസംഗം ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ മനുഷ്യാവകാശ പ്രഖ്യാപനങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. “ഈ മാസത്തിനും ദിവസത്തിനും എത്രമേൽ പ്രാധാന്യമുണ്ടോ, അത്രമേൽ മനുഷ്യരുടെ അഭിമാനവും ധനവും ജീവനും ആദരിക്കപ്പെടണമെന്ന്” ഈ പ്രസംഗത്തിലാണ് മുഹമ്മദ് നബി പ്രഖ്യാപിച്ചത്. ഇസ്‌ലാം സ്വീകരിക്കാനാണെന്ന വ്യാജേന വിഷം തേച്ചുണക്കിയ കഠാരയുമായി ഖൈബറിൽ നിന്ന് പ്രവാചകനെ വധിക്കാനെത്തിയ ആള്‍ കണ്ടുപിടിക്കപ്പെടുകയും അയാൾ മാനസാന്തരം വന്ന് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തതോടെ അയാളെ ശത്രുപക്ഷം വാഗ്ദാനം ചെയ്ത സർവ സൈന്യാധിപ സ്ഥാനത്ത് അവരോധിച്ചതും ഇസ്‌ലാമിക ചരിത്രത്തിലെ ശ്ലാഘനീയ മുഹൂർത്തങ്ങളാണ്. എന്നാൽ ഈ മതത്തെ പൊതുസമൂഹത്തിന്റെ മുന്നിൽ വക്രീകരിക്കുകയും തീവ്രവാദമല്ലാതെ ഇസ്‌ലാം മതത്തിൽ ഒന്നുമില്ലെന്ന സംഘ്പരിവാർ പ്രചരണത്തിന് ആയുധങ്ങൾ നൽകുകയുമാണ് പോപ്പുലർ ഫ്രണ്ട് ചെയ്യുന്നത്.
2018ൽ എന്‍ഐഎ രജിസ്റ്റർ ചെയ്ത ഒരു കേസിന്റെ പേരിലാണ് രാജ്യമെമ്പാടും പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ റെയ്ഡുകൾ നടത്തിയതും നൂറിലധികം നേതാക്കന്മാരെ അറസ്റ്റ് ചെയ്തതും. മംഗലാപുരത്തെ ആർഎസ്എസ് നേതാവായിരുന്ന പ്രവീൺകുമാറിന്റെ കൊലപാതകമുൾപ്പെടെയുള്ള സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളുടെ നിർദ്ദേശത്തിൽ ഭരണതലത്തിൽ ആസൂത്രണം ചെയ്തതുതന്നെയാണ് ഈ പരിശോധനകൾ എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ ലക്ഷണങ്ങളുമൊത്ത ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസിനും സംഘ്പരിവാറിനും അതേ സ്വഭാവമുള്ള പോപ്പുലർ ഫ്രണ്ടിനെതിരെ നിരോധനം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ എന്താണ് അവകാശമെന്ന ചോദ്യം ന്യായമാണ്. ഭീകരപ്രവർത്തനത്തിന് അറസ്റ്റിലായ പ്രഗ്യാസിങ് ഠാക്കൂർ, അസീമാനന്ദ, കേണൽ പുരോഹിത് തുടങ്ങിയവരുടെ പ്രസ്ഥാനമാണ് ആർഎസ്എസ്. രാജ്യത്ത് നടന്ന നിരവധി സ്ഫോടനങ്ങളിലും ആർഎസ്എസിന്റെയും സംഘ്പരിവാർ സംഘടനകളുടെയും പങ്ക് വ്യക്തമായതാണ്. ഈ സംഘ്പരിവാർ കാലത്ത് പൊളിറ്റിക്കൽ ഇസ്‌ലാം ഉയർത്തുന്ന ചില വിഷയങ്ങൾ അഡ്രസ് ചെയ്യപ്പെടേണ്ടതാണെങ്കിലും അതിന്റെ മാർഗം പോപ്പുലർ ഫ്രണ്ടിന്റേതല്ല. അതുകൊണ്ടാണ് സംഘ്പരിവാറിന്റെ ‘അയോഗ്യത’ പോപ്പുലർ ഫ്രണ്ടിന്റെ ‘യോഗ്യതയല്ല’ എന്നത് ഈ വിഷയത്തിലെ നിലപാടായി മാറുന്നത്. ആർഎസ്എസിന്റെ നടപടികൾക്ക് അതേ നാണയത്തിലുള്ള എതിർനടപടികളല്ല പൊതുസമൂഹം ആഗ്രഹിക്കുന്നത് എന്നതിനാണ് പ്രാമുഖ്യം.


ഇതുകൂടി വായിക്കൂ:  മത തീവ്രവാദം വളര്‍ത്തുന്ന മൂലധനശക്തികള്‍


ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഭരണഘടനാപരമായി ഉറപ്പുനൽകുന്ന രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. എങ്കിലും അശുഭകരമായ അനേകം സംഭവ പരമ്പരകൾ കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ആസൂത്രിതമായി നടക്കുകയുണ്ടായി. ഇത് പെട്ടെന്ന് അവസാനിക്കുന്ന പ്രവണതകളല്ലെന്നും വ്യക്തമാണ്. എന്നാൽ അവയ്ക്കെതിരെ ഇന്ത്യയിലെ ജനാധിപത്യ വാദികൾ കൂട്ടായി നടത്തുന്ന പ്രതിഷേധ സ്വരങ്ങൾക്കിടയിലെ തങ്ങളുടെ ഇടം ഉറപ്പിക്കാനാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ശ്രമിച്ചത്. കേരളത്തിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്ന ആർഎസ്എസിന് പരവതാനി ഒരുക്കുകയാണ് പോപ്പുലർ ഫ്രണ്ട്. ഇവർ പീഡിത ന്യൂനപക്ഷത്തിന്റെ പ്രതീക്ഷയല്ല, മറിച്ച്, ഒരു സമുദായത്തെ തീവ്രവാദത്തിന്റെ മുഖചാർത്തു നൽകി അപമാനിക്കുക മാത്രമാണ് ചെയ്യുന്നത്. എത്ര ആഴത്തിൽ തീവ്രവാദം കുഴിച്ചാലും കേരളത്തിലെ മുസ്‌ലിം സമുദായം പോപ്പുലർ ഫ്രണ്ടിന്റെ ആലയിൽ കിടക്കുകയില്ലെന്ന് കഴിഞ്ഞ ദിവസത്തെ ഹർത്താൽ തെളിയിക്കുന്നു.
സംഘ്പരിവാർ കാലത്ത് ന്യൂനപക്ഷ സംരക്ഷണം പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ കയ്യിൽ ഭദ്രമാണെന്ന വാദം ബാലിശവും പൊള്ളത്തരവുമാണ്. ബാബരി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം അരക്ഷിതമായ ഇന്ത്യൻ ന്യൂനപക്ഷത്തിന്റെ താല്ക്കാലിക അവസ്ഥയെ മുതലെടുത്താണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മൂലരൂപം കേരളത്തിൽ ഉദയം ചെയ്യുന്നത്. പേരുകൾ പലത് മാറി കഴിഞ്ഞ 30 വർഷത്തിലേറെയായി പോപ്പുലർ ഫ്രണ്ട് ഒളിഞ്ഞും തെളിഞ്ഞും നിരവധി വിധ്വംസക പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. 2010ലെ കൈവെട്ടൽ കൊണ്ടും അഭിമന്യു ഉൾപ്പെടെയുള്ളവരുടെ കൊലപാതകം കൊണ്ടും പോപ്പുലർ ഫ്രണ്ട് എന്ത് സമുദായ സംരക്ഷണമാണ് നടത്തിയത്. കേരളത്തിലെ ഹർത്താൽ പ്രഖ്യാപനവും പോപ്പുലർ ഫ്രണ്ടിന്റെ “അപരാധമല്ലാത്ത പ്രതിരോധത്തിന്റെ” ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. തങ്ങൾ ആസൂത്രണം ചെയ്യുന്ന തീവ്രവാദപ്രവർത്തനങ്ങളെ ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരിൽ സാമാന്യവല്ക്കരിക്കുവാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കാറുള്ളത്. രാജ്യത്തെ ന്യൂനപക്ഷ തീവ്രവാദത്തിന്റെ എല്ലാ തലത്തിലും പോപ്പുലർ ഫ്രണ്ടിന്റെ സാന്നിധ്യമുണ്ട്. ആർഎസ് എസിന് ബദലാവാൻ പിഎഫ്ഐക്ക് സാധിക്കുമെന്ന് കരുതുന്ന ആരെങ്കിലും നാട്ടിലുണ്ടോ? സമുദായത്തിന് തീവ്രവാദത്തിന്റെ മുദ്ര ചാർത്താൻ മാത്രമാണ് ഇവർക്ക് സാധിച്ചത്. മതാധിഷ്ഠിത വിഷയങ്ങൾ ഏറ്റെടുക്കുന്നതല്ലാതെ ഏതെങ്കിലും ജനകീയ പ്രശ്നങ്ങളുടെ പേരിൽ എപ്പോഴെങ്കിലും ഇക്കൂട്ടരെ നാം തെരുവിൽ കണ്ടിട്ടില്ല.


ഇതുകൂടി വായിക്കൂ:  തീവ്രവാദ സംഘടനകളെ ഒറ്റപ്പെടുത്തുക


80 ശതമാനത്തോളം ഹിന്ദു മതവിശ്വാസികളുള്ള ഇന്ത്യയിൽ വെറും 39 ശതമാനത്തിന്റെ പിന്തുണ മാത്രമാണ് ബിജെപി ഉൾപ്പെടെയുള്ള സംഘ്പരിവാർ സംഘടനകൾക്ക് ലഭിച്ചിട്ടുള്ളത്. ഇത് തെളിയിക്കുന്നത് ഇന്ത്യൻ ന്യൂനപക്ഷത്തിന്റെ സംരക്ഷണം കറകളഞ്ഞ മതേതരവാദികളായ ഭൂരിപക്ഷ സമുദായത്തിന്റെ കൈകളിലാണ് എന്ന് തന്നെയാണ്. രാജ്യത്തിന്റെ ചരിത്രം പല ഘട്ടങ്ങളിൽ ഈ യാഥാർത്ഥ്യം അടയാളപ്പെടുത്തിയതുമാണ്. ജനാധിപത്യവും മതേതരത്വവും അപകടപ്പെടുന്ന ഇന്ത്യയിൽ ഈ മതേതര ചേരിയുടെ കൂട്ടായ്മയ്ക്കുള്ള ശ്രമങ്ങളെയാണ് ആർഎസ്എസിന് വേണ്ടി പോപ്പുലർ ഫ്രണ്ട് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത്. രാജ്യത്ത് ഒന്നാകെ ഉണ്ടായ റെയ്ഡിന്റെയും അറസ്റ്റിന്റെയും പേരിൽ കേരളത്തിൽ മാത്രം ഹർത്താലും അക്രമവും നടത്തിയ പോപ്പുലർ ഫ്രണ്ടിന്റെ ബുദ്ധി കേന്ദ്രങ്ങൾ ലക്ഷ്യംവയ്ക്കുന്നത് എന്താണെന്ന് പച്ചവെള്ളം പോലെ വ്യക്തമാണ്. യഥാർത്ഥത്തിൽ ആർഎസ്എസിന്റെ ലക്ഷ്യവും അതുതന്നെയാണ്. ഇരുകൂട്ടർക്കും വേരുറപ്പിക്കാൻ കഴിയാത്ത കേരളത്തെ കലാപത്തിലൂടെ കൈവശപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേരളത്തിന്റെ മതേതര മനസുകളെ വിഭജിക്കുകയെന്ന സ്വപ്നമാണ് ഇരുകൂട്ടർക്കുമുള്ളത്. എന്നിട്ട് അവിടെ പായ വിരിക്കണം. അതിനുവച്ച വെള്ളമാണ് ഇത്തവണയും തിളയ്ക്കാതെ പോയത്. ഇസ്‌ലാമിക ചിഹ്നങ്ങളെ കൂട്ടുപിടിച്ച് ഇസ്‌ലാമിക ആശയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് തീവ്രവാദത്തിന്റെ റിക്രൂട്ടിങ് മേഖലയാണ് കേരളമെന്ന സംഘ്പരിവാർ വാദത്തിന് അടിവരയിടാനുള്ള സാഹചര്യമാണ് ഒരുക്കി നൽകുന്നത്. എത്രയൊക്കെ കലഹവും കലാപവുമുണ്ടാക്കിയാലും മുസ്‌ലിം മതവിശ്വാസികൾ പോപ്പുലർ ഫ്രണ്ടിലേക്ക് പോവുകയില്ല. ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെ ഒരുപോലെ എതിർക്കുന്ന സമീപനമാണ് കേരളത്തിന്റേത്. കൃത്യമായ വിഭജനത്തിന് ഇരുകൂട്ടരും ശ്രമിച്ചാലും കേരളത്തിൽ അത് വിലപ്പോവില്ല. ഇവരുടെ പരീക്ഷണങ്ങൾ ഇനിയും ഏറെ കാണേണ്ടിവരുമെന്ന കാര്യത്തിൽ സംശയവുമില്ല. നിരോധിച്ചാലും ഇല്ലെങ്കിലും കളംനിറഞ്ഞു കലാപമൊരുക്കാൻ ഈ ജനാധിപത്യ വിരുദ്ധർ ശ്രമിക്കുകതന്നെ ചെയ്യും. വിദ്വേഷ മനസുകളെ കാത്തിരിക്കുന്നതിൽ മാത്രം പോപ്പുലറായ ഇത്തരക്കാരുടെ പോപ്പുലാരിറ്റിയെ കേരളീയ സമൂഹം എന്നേ തിരിച്ചറിഞ്ഞുകഴിഞ്ഞിട്ടുണ്ട്. ആർഎസ്എസിനെ സഹായിക്കാനുള്ള ക്വട്ടേഷൻ മടക്കിക്കൊടുക്കുകയേ പോപ്പുലർ ഫ്രണ്ടിന് തല്ക്കാലം നിവൃത്തിയുണ്ടായിരുന്നുള്ളു. പേരും വേഷവും മാറി ഇക്കൂട്ടരെല്ലാം ഇനിയും ഈ വഴി വരുമെന്ന് നാം തിരിച്ചറിയണം. അവയെ ആട്ടിയോടിക്കാനുള്ള ബുദ്ധിയും വിവേകവും നമ്മുടെ നാടിനുണ്ട്. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്, ‘ഫ്രണ്ട്’ പരിവാറിനെ നിരോധിച്ച ‘സംഘ്’പരിവാറിനെ ആര് നിരോധിക്കും എന്നത്.

Exit mobile version