Site iconSite icon Janayugom Online

ട്രെയിൻ ഇറങ്ങി പാളം മുറിച്ചുകടക്കവേ മറ്റൊരു ട്രെയിനിടിച്ചു; കടലുണ്ടിയിൽ വിദ്യാർഥിനിക്ക് ദാരുണാ ന്ത്യം

കോഴിക്കോട് കടലുണ്ടിയിൽ ട്രെയിൻ തട്ടി ബിടെക് വിദ്യാർഥിനി മരിച്ചു. മലപ്പുറം വള്ളിക്കുന്ന് ആനയറങ്ങാടി ഒഴുകിൽ തട്ടയൂർമന രാജേഷ് നമ്പൂതിരി മകൾ ഒ ടി സൂര്യയാണ് (20) മരിച്ചത്. കൂറ്റനാട് വാവന്നൂർ ശ്രീപതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജി കോളജ് വിദ്യാർഥിനിയാണ്. ശനിയാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയാണ് സംഭവം. കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി നടക്കുന്നതിനിടെ മറ്റൊരു ട്രെയിൻ തട്ടി മരിച്ചത്. കോയമ്പത്തൂർ ഫാസ്‌റ്റ് പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങിയ രണ്ടാം പ്ലാറ്റ്ഫോമിൻ്റെ ഭാഗത്തേക്ക് നടക്കുന്നതിനിടെ സൂര്യയെ കോഴിക്കോട് ഭാഗത്തുനിന്ന് എത്തിയ ചെന്നൈ മെയിൽ ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ ഹോൺ കേട്ട് പരിഭ്രാന്തയായി പാളം മാറിക്കയറിയതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സ്റ്റോപ്പില്ലാത്തതിനാൽ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു. എയ്‌ഡ്‌ പോസ്റ്റ് പൊലീസും റെയിൽവേ അധികൃതരും നാട്ടുകാരും ചേർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു. പിതാവ്: ആനയറങ്ങാടി തട്ടയൂർ മന രാജേഷ് നമ്പൂതിരി. അമ്മ: പ്രതിഭ (മണ്ണൂർ സി.എം.എച്ച്.എസ് ഹയർ സെക്കൻഡറി വിഭാഗം കംപ്യൂട്ടർ സയൻസ് അധ്യാപിക), സഹോദരൻ: ആദിത്യൻ (രാമനാട്ടുകര സേവാമന്ദിരം പി.ബി.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥി).

Exit mobile version