ഡോ. അരവിന്ദ് പനഗരിയ അധ്യക്ഷനായ 16-ാം ധനകാര്യ കമ്മിഷന്‍ ഈ മാസം എട്ടിന് കേരളത്തിലെത്തുകയാണ്. 2026 ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വര്‍ഷക്കാലം, കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി നല്‍കേണ്ട വിഹിതം നിശ്ചയിക്കുകയാണ് കമ്മിഷന്റെ പ്രധാന ദൗത്യം. ഓരോ സംസ്ഥാനത്തും നിലവിലുള്ള ജനസംഖ്യ, വരുമാനം, വിസ്തീര്‍ണം, വനം-പരിസ്ഥിതി കാര്യങ്ങള്‍, നികുതി പിരിവിലെ കാര്യക്ഷമത, സംസ്ഥാനത്തിന്റെ പ്രത്യേകതകള്‍, ജീവിത നിലവാര സൂചിക എന്നിവ മാനദണ്ഡമാക്കിയാണ് വിഹിതം നിശ്ചയിക്കുന്നത്. ഇവിടെ സംഭവിക്കുന്നത്, ജനസംഖ്യ കുറഞ്ഞാല്‍, ജീവിത നിലവാരം ഉയര്‍ന്നാല്‍, സാമൂഹ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ ഒരു സംസ്ഥാനത്തിന്റെ വിഹിതം കുറയും എന്നതാണ്. പുരോഗതിയുടെ അടിസ്ഥാനത്തിലുള്ള ഏത് മാനദണ്ഡം വച്ചു നോക്കിയാലും കേരളം മുന്നിലായിരിക്കും. ഫലത്തില്‍ കേരളം കെെവരിച്ച നേട്ടങ്ങള്‍ക്കെല്ലാം സംസ്ഥാനം പിഴ നല്‍കേണ്ടി വരും.
ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുകയാണ്. വിദ്യാഭ്യാസം, ചികിത്സ, സാമൂഹ്യക്ഷേമം, പൊതുവിതരണം, ഭൂപരിഷ്കരണം, ഭവനനിര്‍മ്മാണം, 62 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കുന്ന സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഇവയ്ക്കെല്ലാമായി പതിനായിരക്കണക്കിന് കോടി രൂപയാണ് സംസ്ഥാനം ചെലവഴിച്ചത്. അതിന്റെ ഫലമായി പൊതുകടം പരിധിവിട്ട് ഉയര്‍ന്നിട്ടുമുണ്ട്. മൊത്തം വരുമാനത്തിന്റെ 18 ശതമാനം പലിശ നല്‍കുന്ന അവസ്ഥയിലാണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്. രാജ്യത്തിനാകെ മാതൃകയാകുന്നവിധം നേട്ടങ്ങള്‍ കെെവരിച്ചതിന്റെ ഫലമായി കേന്ദ്രവിഹിതത്തില്‍ വലിയ കുറവ് സംഭവിച്ചാല്‍ കേരളം എങ്ങനെ മുന്നോട്ടുപോകും? നേട്ടങ്ങളെങ്ങനെ നിലനിര്‍ത്തും? കടമെടുക്കാന്‍പോലും കേന്ദ്രസര്‍ക്കാര്‍ എതിരുനിന്നാല്‍ സംസ്ഥാനത്തിന്റെ ഭാവി എന്താകും?
16-ാം ധനകാര്യ കമ്മിഷന്‍ കേരളത്തിലേക്ക് വരുമ്പോള്‍ ഉയരുന്നത് പ്രതീക്ഷയല്ല, ആശങ്കയാണ് എന്നതാണ് വസ്തുത. ക്രമത്തില്‍ നേട്ടങ്ങള്‍ കെെവരിച്ചുകൊണ്ടിരിക്കുകയാണ് കേരളം. അതേ ക്രമത്തില്‍ത്തന്നെ ഓരോ ധനകാര്യ കമ്മിഷനില്‍ നിന്നുമുള്ള വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്. ഏറ്റവുമൊടുവില്‍ 15-ാം ധനകാര്യ കമ്മിഷന്‍ നിശ്ചയിച്ച വിഹിതം 1.92 ശതമാനം മാത്രമാണ്. അതിനു മുമ്പ് ലഭിച്ചിരുന്നത് 3.57 ശതമാനമായിരുന്നു. ജനസംഖ്യാനുപാതികമാണെങ്കില്‍ക്കൂടി 2.77 ശതമാനം വിഹിതം കിട്ടേണ്ടതായിരുന്നു. അതുണ്ടായില്ല. ഇനി പുതിയ കമ്മിഷന്‍ ശുപാര്‍ശ എങ്ങനെയായിരിക്കും? വിഹിതം കൂടുമോ കുറയുമോ? ഏതായാലും ഈ കമ്മിഷന്റെ ശുപാര്‍ശ കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഭരണഘടനയിലെ വ്യവസ്ഥയനുസരിച്ചാണ് ധനകാര്യ കമ്മിഷന്‍ നിയമിക്കപ്പെടുന്നതെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത് ഭരണഘടനാ പ്രകാരമല്ല എന്നതാണ് വസ്തുത.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് 75 വര്‍ഷമായിരിക്കുന്നു. 1990കളില്‍ പുത്തന്‍ സാമ്പത്തികനയം നടപ്പിലാക്കി തുടങ്ങിയതിനു ശേഷം സ്വാതന്ത്ര്യം, പൗരാവകാശം, ക്ഷേമരാഷ്ട്ര സങ്കല്പം ഇതിലെല്ലാം രാജ്യം പുറകോട്ടുപോയി എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇങ്ങനെയൊരവസ്ഥയില്‍ 2014ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി വന്നതിനുശേഷം കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞില്ല. എന്നാല്‍ ഇക്കാര്യങ്ങളിലെല്ലാം തീവ്രവേഗത കെെവന്നു. ജനാധിപത്യം, സ്വാതന്ത്ര്യം, സമത്വം, മതനിരപേക്ഷത, പൗരാവകാശങ്ങള്‍, മാധ്യമസ്വതന്ത്ര്യം, സ്ത്രീസ്വാതന്ത്ര്യം, പട്ടികജാതി — പട്ടികവര്‍ഗ ക്ഷേമം ഇവയിലെല്ലാം രാജ്യം പുറകോട്ടുപോയി. അതേസമയം കോര്‍പറേറ്റുകളുടെ സ്വാര്‍ത്ഥതാല്പര്യങ്ങളും ജാതി-മത ശക്തികളുടെ നിക്ഷിപ്ത താല്പര്യങ്ങളും പൂര്‍ണമായും താലോലിക്കപ്പെടുകയും ചെയ്യുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത്, 1930ലെ കണക്കുപ്രകാരം രാജ്യത്തെ സമ്പന്നരായ ഒരു ശതമാനത്തിന്റെ കെെവശം 21 ശതമാനം സമ്പത്തുണ്ടായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം നെഹ്രു സര്‍ക്കാരിന്റെ നടപടികളിലൂടെ, ഒരു ശതമാനത്തിന്റെ കെെവശം 21 ശതമാനം എന്ന സ്ഥിതിക്ക് മാറ്റം വരികയും ആറ് ശതമാനമായി കുറയുകയും ചെയ്തു. 1980 വരെ മിക്കവാറും ഈ സ്ഥിതി നിലനിന്നു. 1990ന് ശേഷം സ്ഥിതിയില്‍ വീണ്ടും മാറ്റം വന്നു. കോര്‍പറേറ്റുകള്‍ അതിവേഗം വളരാന്‍ തുടങ്ങി. ഒരു ശതമാനത്തിന്റെ കെെവശമിരിക്കുന്ന സമ്പത്ത് 22.62 ശതമാനമായി ഉയര്‍ന്നു. മോഡി ഭരണം 10 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇത് 41.15 ശതമാനമായി കുതിച്ചുയര്‍ന്നു.
2023–24ല്‍ കോടീശ്വരന്‍മാരില്‍ 90 ശതമാനം സവര്‍ണ വിഭാഗമായി മാറിയിരിക്കുന്നു. ഇവരുടെ എണ്ണം ജനസംഖ്യയില്‍ 10 ശതമാനത്തിന് താഴെ മാത്രമാണ്. കോടീശ്വരന്‍മാരില്‍ ഒബിസി വിഭാഗക്കാരുടെ പ്രാതിനിധ്യം എട്ട് ശതമാനത്തില്‍ താഴെയാണ്. പട്ടികജാതിക്കാര്‍ നാമമാത്രമാണ്. പട്ടികവര്‍ഗത്തില്‍ നിന്ന് ഒരാള്‍ പോലും രാജ്യത്ത് കോടീശ്വര പട്ടികയിലെത്തിയിട്ടില്ല. 2014ല്‍ ഒബിസി വിഹിതം 21 ശതമാനമായിരുന്നു എന്ന് ഓര്‍ക്കണം. ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ട് പ്രകാരം 2000ത്തില്‍ ഒമ്പത് കോടീശ്വരന്മാരാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്നത് 119 ആയി വര്‍ധിച്ചിരിക്കുന്നു. ഈ സാമ്പത്തിക അസമത്വം അടിസ്ഥാനപരമായി ഭൂരിപക്ഷത്തിന്റെ സ്വാതന്ത്ര്യം തന്നെ പരിമിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിക്ക് എന്തെങ്കിലും മാറ്റം വരുത്തുവാന്‍ 16-ാം ധനകാര്യ കമ്മിഷന് കഴിയുമോ?
നിലവില്‍ കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ സംയോജിത വരുമാനത്തിന്റെ 63 ശതമാനം ലഭിക്കുന്നത് കേന്ദ്രസര്‍ക്കാരിനാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി ലഭിക്കുന്നത് 37 ശതമാനം മാത്രവും. എന്നാല്‍ ജനജീവിതവുമായി ബന്ധപ്പെട്ട പൊതുചെലവിന്റെ 62.41 ശതമാനം നിര്‍വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരുകളാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര‑സംസ്ഥാന വിഹിതം 50:50 ആക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മോഡി തന്നെ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നതാണ്. എന്നാല്‍ അദ്ദേഹം പ്രധാനമന്ത്രിയായി വന്നപ്പോള്‍ സംസ്ഥാനങ്ങളുടെ വിഹിതം 41 ശതമാനമായി കുറയ്ക്കുകയാണുണ്ടായത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കടക്കെണിയിലാകുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതാണ്.
2011–12ല്‍ മൊത്തം നികുതിവരുമാനത്തിന്റെ 8.16 ശതമാനം മാത്രമായിരുന്നു സെസുകളും സര്‍ചാര്‍ജുകളും. എന്നാല്‍ മോഡി സര്‍ക്കാരിന്റെ കാലത്ത് അത് 28.08 ശതമാനമായി മാറി. ഇതിന്റെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടതില്ല എന്നതിനാല്‍ ബോധപൂര്‍വമാണ് പെട്രോളിയം ഉല്പന്നങ്ങളുടെ പുറത്ത് സെസും സര്‍ചാര്‍ജും വന്‍തോതില്‍ ചുമത്തിയത്. 2019 മുതല്‍ 24 വരെയുള്ള അഞ്ച് വര്‍ഷക്കാലയളവില്‍ ഈ വഴിയിലൂടെ കേന്ദ്രം സമാഹരിച്ചത് 22.11 ലക്ഷം കോടി രൂപയാണ്. ഇതില്‍ ഒരു രൂപ പോലും സംസ്ഥാനങ്ങള്‍ക്ക് കെെമാറിയിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍, റിസര്‍വ് ബാങ്കിന്റെ ലാഭവിഹിതം, സ്പെക്ട്രം ലേലത്തിലൂടെ ലഭിക്കുന്ന വന്‍ തുക ഇവയുടെയൊന്നും വിഹിതവും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ധനകാര്യ കമ്മിഷനുകള്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കേണ്ടതാണെങ്കിലും മൗനം അവലംബിക്കുകയാണ് പതിവ്.
സംസ്ഥാനങ്ങള്‍ ജിഡിപിയുടെ മൂന്ന് ശതമാനം മാത്രമേ കടമെടുക്കാവൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ. എന്നാല്‍ കേന്ദ്രം കഴിഞ്ഞ വര്‍ഷം ജിഡിപിയുടെ 6.42 ശതമാനം തുകയാണ് വായ്പയെടുത്തത്. 2023–24ലെ കേന്ദ്രസര്‍ക്കാരിന്റെ മൊത്തം കടം 171.78 ലക്ഷം കോടി രൂപയാണ്. ഇതില്‍ 7.67 ലക്ഷം കോടി ആ വര്‍ഷം വായ്പ എടുത്തതാണ്. ഒരു വര്‍ഷം, മൊത്തം വരവിന്റെ 20 ശതമാനം തുകയാണ് കേന്ദ്രം പലിശയ്ക്കായി നല്‍കുന്നത്. ധനകാര്യ കമ്മിഷനുകള്‍ ഇതൊന്നും കാണാറില്ല എന്നതാണ് കൗതുകകരം.
കേന്ദ്രസര്‍ക്കാരിന്റെ മൊത്തം കടം 171.78 ലക്ഷം കോടി രൂപയാണെങ്കില്‍, സംസ്ഥാനങ്ങളുടെ മൊത്തം കടം 52.18 ലക്ഷം കോടി രൂപയാണ്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് രാജ്യത്തെ മൊത്തം കടത്തിന്റെ 77 ശതമാനം കേന്ദ്രത്തിന്റേതും 23 ശതമാനം സംസ്ഥാനങ്ങളുടേതുമാണ് എന്നാണ്. ഈ അവസ്ഥ നിലനില്‍ക്കുമ്പോഴാണ് വായ്പയുടെ പേരില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ കേന്ദ്രസര്‍ക്കാര്‍ വരിഞ്ഞുമുറുക്കി നിര്‍ത്തുന്നത്. കേരളത്തില്‍ പ്രതിപക്ഷമായ യുഡിഎഫ് പോലും ഇക്കാര്യം പറയുന്നില്ല. മാധ്യമങ്ങളുടെ സ്ഥിതിയും ഇതുതന്നെ എന്നതാണ് ദുഃഖകരം.
കേന്ദ്രസര്‍ക്കാരിന്റെ കടം കുതിച്ചുയരേണ്ട ഒരു സാഹചര്യവും രാജ്യത്ത് നിലനില്‍ക്കുന്നില്ല എന്നതാണ് വസ്തുത. സെസ്, സര്‍ചാര്‍ജുകള്‍ വര്‍ധിപ്പിക്കല്‍, ഓഹരി വിറ്റഴിക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കല്‍, റിസര്‍വ് ബാങ്കിന്റെ ലാഭം ഊറ്റിയെടുക്കല്‍, സബ്സിഡികള്‍ വെട്ടിക്കുറയ്ക്കല്‍, കൃഷി, തൊഴിലുറപ്പ് പദ്ധതി, വിദ്യാഭ്യാസം, ചികിത്സ ഇവയ്ക്ക് ആവശ്യമായ തുക അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തല്‍, കേന്ദ്ര സര്‍വീസില്‍ 10 ലക്ഷത്തിലധികം തസ്തികകള്‍ ഒഴിച്ചിട്ട് ശമ്പള ചെലവ് കുറയ്ക്കല്‍, പുതിയ പെന്‍ഷന്‍ പരിഷ്കരണം (പിഎഫ്ആര്‍ഡിഎ) നടപ്പിലാക്കി പെന്‍ഷന്‍ ചെലവ് കുറയ്ക്കല്‍, ആദായ നികുതി വരുമാനം വര്‍ധിപ്പിക്കല്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക്, സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറയ്ക്കല്‍, ജിഎസ്‌ടി നടപ്പിലാക്കിയതിലൂടെയുള്ള വരുമാന വര്‍ധനവ് ഇങ്ങനെ നിരവധി വഴികളിലൂടെ കേന്ദ്രത്തിന്റെ വരുമാനം കുതിച്ചുയരുകയാണ്. അതേസമയം തന്നെ കടവും കുതിച്ചുയരുന്നു. എന്താണിതിന്റെ രഹസ്യം?
(അവസാനിക്കുന്നില്ല)