Site iconSite icon Janayugom Online

പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് തടസമാകുമോ!

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആഹ്വാനം കഴിഞ്ഞയാഴ്ച പട്നയില്‍ നിന്നുണ്ടായി. പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും പൊതുപ്രവര്‍ത്തകരും പ്രമുഖവ്യക്തികളും ഒത്തുചേര്‍ന്നായിരുന്നു ആഹ്വാനം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (എംഎൽ‑ലിബറേഷൻ) സംഘടിപ്പിച്ച ‘ഭരണഘടന സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന കൺവെൻഷനാണ് അതിന് വേദിയായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് എന്നിവരുൾപ്പെടെയുള്ള നേതാക്കള്‍ സ്വേച്ഛാധിപത്യപരവും ഫാസിസത്തിലേക്ക് നീങ്ങുന്നതുമായ നരേന്ദ്ര മോഡി സർക്കാരിന്റെ പ്രവർത്തനത്തെ ഒരുപോലെ ചൂണ്ടിക്കാണിച്ചു. ബിഹാറിലെ ഭരണസഖ്യത്തിന്റെ ഭാഗമായ സിപിഐ (എംഎൽ‑ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയാണ് തുടക്കമിട്ടത്. 

‘ഭരണഘടനയും ജനാധിപത്യവും അപകടത്തിലാകുമ്പോള്‍ അതിനെ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രക്ഷിക്കാൻ നിർണായക പോരാട്ടം ആവശ്യമാണ്. അതിനായി നമുക്കിടയില്‍ ഐക്യം ആവശ്യമാണെ‘ന്ന് ദീപങ്കർ പറഞ്ഞു. രാഷ്ട്രീയ ജനതാദൾ, ജനതാദൾ (യുണൈറ്റഡ്), ഇടതുപക്ഷ പാർട്ടികൾ കോൺഗ്രസ് എന്നിവയുൾപ്പെടുന്ന ബിഹാറിലെ മഹാസഖ്യം ദേശീയ തലത്തിലുള്ള പ്രതിപക്ഷ മുന്നണിയുടെ മാതൃകയാകുമെന്നും അഭിപ്രായമുയര്‍ന്നു.

പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെക്കുറിച്ച് വ്യക്തമായ നിലപാടറിയിച്ചത് നിതീഷ് കുമാറാണ്. ‘കോൺഗ്രസ് മറ്റുപാര്‍ട്ടികളോടൊപ്പം നിന്ന് പോരാടിയാല്‍ ബിജെപി 100 സീറ്റിൽ താഴേക്ക് പോകും. പക്ഷേ അവർ (കോണ്‍ഗ്രസ്)എന്റെ നിർദേശം സ്വീകരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നും നിങ്ങൾക്കറിയാം’ എന്നായിരുന്നു നിതീഷിന്റെ വാക്കുകള്‍. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾക്ക് കോൺഗ്രസുമായി മത്സരിക്കേണ്ടി വരികയാണെന്നും പല മണ്ഡലങ്ങളിലും ദുർബലരാണെങ്കിലും അവർക്ക് ഒരു ദേശീയ പാര്‍ട്ടിയാണെന്ന വല്യേട്ടന്‍ മനോഭാവമുണ്ട് എന്നും തുറന്നു പറച്ചിലുണ്ടായി. ‘പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ അനുനയിപ്പിക്കാനും വ്യക്തിപരമായ അഭിലാഷങ്ങൾക്കപ്പുറം ചിന്തിപ്പിക്കാനും കോൺഗ്രസ് സ്വയം ചുമതലയേറ്റാലേ പ്രതീക്ഷിച്ച ഐക്യം ഉണ്ടാകൂ എന്ന് ‌രാഷ്ട്രീയ ജനതാദൾ നേതാവ് പറഞ്ഞു. 

Exit mobile version