ഉത്തര്‍പ്രദേശിലെ മദ്രസാ നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതിയില്‍ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി. മതപഠനം മതേതരത്വത്തിന് എതിരായ മതശാസനകളാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുപി മദ്രസാ നിയമം ഹൈക്കോടതി റദ്ദാക്കിയത്.മതപഠനം മതേതരത്വത്തിന് എതിരാണെങ്കില്‍ ഹരിദ്വാറിലും ഋഷികേശിലുമടക്കം പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഗുരുകുലങ്ങള്‍ അടച്ച് പൂട്ടുമോ എന്ന് മനു അഭിഷേക് സിങ്‌വി സുപ്രീം കോടതിയില്‍ ചോദിച്ചു.
അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയില്‍ യു.പിയിലെ മദ്രസാ കമ്മിറ്റിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് മനു അഭിഷേക് സിങ്‌വിയാണ്. മതപഠനം നടത്തുന്നതിന് അര്‍ഥം മതശാസനകള്‍ അടിച്ചേല്‍പ്പിക്കലല്ലെന്നും മതപഠനം രാജ്യത്ത് കാലങ്ങളായി നടന്ന് വരുന്നതതാണെന്നും സിങ്‌വി ചൂണ്ടിക്കാട്ടി. ഹരിദ്വാറിലും ഋഷികേശിലും നന്നായി പ്രവര്‍ത്തിക്കുന്ന പ്രസിദ്ധമായ ഗുരുകുലങ്ങള്‍ ഉണ്ട്. മതപഠനമാണ് അവിടെ നടക്കുന്നതെന്ന് പറഞ്ഞ് ആ ഗുരുകുലങ്ങളൊക്കെ ഇനി അടച്ച് പൂട്ടുമോയെന്നും സിങ്‌വി ചോദിച്ചു.120 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്തുള്ളതാണ് യു.പിയിലെ മദ്രസകള്‍. പെട്ടന്ന് അവ നിര്‍ത്തലാക്കണമെന്ന ഹൈക്കോടതി വിധി 17 ലക്ഷം വിദ്യാര്‍ത്ഥികളെയും പതിനായിരക്കണക്കിന് അധ്യാപകരെയും ബാധിക്കും. ഇവ അടച്ച് പൂട്ടിയാല്‍ ഇത്രയും അധ്യാപകരും വിദ്യാര്‍ത്ഥികളും എവിടെ പോകും,’ സിങ്‌വി ചോദിച്ചു.
മദ്രസകള്‍ക്കെതിരെ ഹരജി നല്‍കിയ ആള്‍ക്ക് അത് ചോദ്യം ചെയ്യാനുള്ള അവകാശമെന്താണെന്ന് ചോദിച്ച സിങ്‌വി ഹൈക്കോടതിയുടെ യുക്തിയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. യുപി മദ്രസകളില്‍ ആധുനിക വിദ്യാഭ്യാസം നല്‍കുന്നില്ലെന്ന ഹൈക്കോടതിയുടെ വാദവവും സിങ്‌വി തള്ളിക്കളഞ്ഞു.കണക്കും സയന്‍സും ഹിന്ദിയും ഇംഗ്ലീഷും മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ടെന്നും ഇതിനായി 1987ല്‍ നിയന്ത്രണവും 2004ല്‍ നിയമവും കൊണ്ട് വന്നിട്ടുണ്ടെന്നും സിങ്‌വി കൂട്ടിച്ചേര്‍ത്തു.
നിയമം റദ്ദാക്കിയാല്‍ മദ്രസകള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതാകുമെന്നും അദ്ദേഹം സുപ്രീം കോടതിയില്‍ വാദിച്ചു.അലഹാബാദ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതി വെള്ളിയാഴ്ച നടത്തിയത്. നിയമത്തിന്റെ വ്യവസ്ഥകള്‍ മനസിലാക്കുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് പറ്റിയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. യു.പി മദ്രസാ ബോര്‍ഡിന്റെ ലക്ഷ്യങ്ങള്‍ നിയമവിധേയമാണെന്നും ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മതേതര മൂല്യങ്ങള്‍ ലംഘിക്കുമെന്ന് പറഞ്ഞ് നിയമം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അവകാശമില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
English Summary:
Will the country’s Gurukuls be closed like Madrasahs; Manuabhishek Singhvi to the Supreme Court
You may also like this video: