Site iconSite icon Janayugom Online

അപ്രത്യക്ഷമാകുമോ ഐഎസ്എല്‍ ആരവങ്ങള്‍

എസ്എൽ മൽസരങ്ങൾ ഇനിയെന്ന് നടക്കും എന്ന ചിന്ത ഇന്ത്യൻ ഫുട്ബോളിന്റെ അനിശ്ചിതാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. സ്പോൺസർമാരുടെ പിൻവാങ്ങൽ തീരുമാനത്തോടെ, കഴിവുകെട്ട ലീഡർഷിപ്പിന്റെ ഏറ്റവും മോശമായ പ്രകടനമാണ് കാണാനാകുന്നത്. ഒരു ഘട്ടത്തിൽ ഫിഫ തന്നെ ഇടപെട്ടു. പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ കോടതിയിലെ കേസ് തീർക്കാനും ഭരണഘടന ഭേദഗതി ചെയ്യാനും നടപടിയുണ്ടായി. ഇപ്പോൾ ഐഎസ്എൽ പ്രതീക്ഷയുമായി കാത്തിരുന്ന കളിക്കാർ നിരാശ്രയരാവുകയാണ്. മിക്ക ടീമുകളിൽ നിന്നും കളിക്കാർ കൊഴിഞ്ഞു പോവുകയാണ്. ഈകാര്യത്തിൽ രാജ്യത്തിന്റെ കായിക മന്ത്രാലയം നോക്കുകുത്തിയുടെ റോളിലാണ്. ഒരു ദശകം മുമ്പാണ് ഐഎസ്എല്ലിന് ജന്മം നൽകിയത്. പ്രൊഫഷണൽ ക്ലബ്ബുകൾ ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തി. മലയാളികളിൽ ബ്ലാസ്റ്റേഴ്സ് എന്ന മഞ്ഞപ്പട ഒരു ഹരമായി മാറി. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർ ക്ലബ് ഉടമകളായി. ഇപ്പോൾ കളിക്കാരുടെ സ്ഥിതി പരുങ്ങലിലാണ്. എല്ലാവഴികളും ഏ­താ­ണ്ട് അടഞ്ഞ പരുവത്തിലാണ്. 

കാൽപ്പന്ത് കളിയുടെ കാവ്യരസം നിറഞ്ഞാടുന്ന മൈതാനങ്ങൾ പുതുമയുടെ കഥകളാണ് പറയുന്നത്. ചരിത്രരേഖകൾ നിരത്തി പഴയകാലത്തിന്റെ കണക്കിൽ കളികളെ പ്രവചിക്കാൻ കഴിയാത്തതാണ് യാഥാർത്ഥ്യം. ചാമ്പ്യന്മാരായ അർജന്റീന സ്ഥായിയായ ജയത്തിന്റെ കഥപറയുന്നവരാണ്. എന്നാൽ അണ്ടർ 17 ൽ മെക്സിക്കോയോട് അവർ അടിയറവ് പറഞ്ഞു. കാരണം പുതുരക്തത്തിന്റെ കളിയാവേശത്തിന് മുന്നിൽ പാരമ്പര്യത്തിന്റെ ചങ്ങലക്കെട്ടുകൾ തകർന്നു വീഴുകയാണ്. മുഴുവൻ സമയവും സമനില പെനാൽറ്റി ഷൂട്ടൗട്ടിൽ മെക്സിക്കൻ ടീം വിജയം സ്വന്തമാക്കി. ബ്രസീൽ ടീം പരാഗ്വെയെ തോല്പിച്ചു ക്വാർട്ടർ ഫൈനലിലെത്തി. അർജന്റീനയും ബ്രസീലും ശക്തരായ ഫുട്ബോൾ മേഖലകളാണ്. പക്ഷെ, പുതിയ യുവനിര ഭാവിയുടെ പിൻതുടർച്ചയാവണം. പാരമ്പര്യത്തിന്റെ ചരിത്രവും പുതിയ കാലത്തെ വെല്ലുവിളികളും നേരിടാൻ കളിക്കാർക്ക് കഴിയണം. നാളെയുടെ വാഗ്‌ദാനങ്ങൾ അവരാണല്ലോ. ലാറ്റിനമേരിക്കൻ ഫുട്ബോളിൽ പുതിയ കളിക്കാരുടെ വരവ് പഴയതുപോലെ ഇല്ലെന്ന സത്യം അവശേഷിക്കുന്നു. യൂറോപ്യൻ ഫുട്ബോളിന്റെ മാറ്റുരയ്ക്കുന്ന ക്വാളിഫൈയിങ് മത്സരങ്ങളാണ് നടക്കുന്നത്. പോർച്ചുഗൽ ടീമുമായുള്ള മൽസരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ഫൗളും പോർച്ചുഗലിന്റെ തോൽവിയൂം വലിയ ചർച്ചയാണ്. ഇനി ഒരു കളികൂടിയാണ് പോർച്ചുഗലിനുള്ളത്. അതിൽ ജയം മാത്രം പോരാ, വൻ ജയം വേണം. എന്തായാലും ഇനിയുള്ള മത്സരങ്ങൾ ജീവൻ മരണ പോരാട്ടമാണ്. ക്രിസ്റ്റ്യാനോ കൈമുട്ട് കൊണ്ട് കുത്തിയത് കൊണ്ട് ഗുരുതരമായ പരിക്കാണ് വന്നതെന്ന് വീഡിയോ പരിശോധനയിൽ കാണുന്നതായി വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു കളിയിൽ നിന്ന് മാറ്റിനിൽക്കേണ്ടിവരുമെന്നാണ് റിപ്പോർട്ടുകളിൽ കാണുന്നത്.

കളിയുടെ ഭാഗമാണ് ഫൗൾ പ്ലേ. പക്ഷെ അതിലും ഒരു മയം വേണമെന്നാണ് ഫുട്ബോൾ നിയമം. ഇവിടെ കഠിനമായ ഫൗളാണ് എന്നാണ് വാർ നൽകുന്ന സൂചന. ഒരിക്കൽ ഫുട്ബോൾ രാജാവ് പെലെയെ ചവിട്ടി തൊഴിച്ച കളിക്കാരന് വാണിങ് മാത്രമായിരുന്നു നൽകിയത്. അന്ന് കരഞ്ഞു കൊണ്ട് പെലെ പറഞ്ഞത് ഞാനിനി ലോകകപ്പിനില്ലെന്നായിരുന്നു. തുടർന്ന് മൂന്ന് തവണ ലോകകപ്പ് നേടിയ ബ്രസീൽ ടീമിന്റെ എല്ലാമെല്ലാമായി പെലെ. അതാണ് സ്പോർട്സ്‌മാൻ സ്പിരിറ്റ്‌. ആധുനിക ഫുട്ബോളിൽ കളിനിരീക്ഷിക്കാൻ കാമറക്കണ്ണുകൾ ഉണ്ട്. അതുകൊണ്ട് മാരകമായ ഫൗളുകൾ വാറിൽ കുടുങ്ങും. അതാണ് റൊണാൾഡോയ്ക്ക് സംഭവിച്ചത്. പോർച്ചുഗലിന്റെ തോ­ൽ­­വി ഒരു ജോഡി ഗോളുകൾക്കായിരുന്നു. അടുത്ത മത്സരം വൻമാർജിനിൽ ജയിച്ചില്ലെങ്കിൽ പറങ്കിപ്പടയ്ക്ക് ഒരു പ്രതിസന്ധി കൂടി കഴിഞ്ഞേ ലോകകപ്പ് കവാടം തുറക്കുകയുള്ളു. അടുത്ത മത്സരം അർമേനിയയുമായാണ്. അതിൽ ജയിക്കുകയും പ്ലേഓഫിൽ ജയിക്കുകയും ചെയ്താലെ ലോകകപ്പിന് പാസ് കിട്ടുകയുള്ളു. യൂറോപ്പിലെ 12 ഗ്രൂപ്പുകളിൽ നിന്നുള്ള ഒന്നാം സ്ഥാനക്കാരും പ്ലേഓഫിൽ കയറിവരുന്നവരുമാണ് 2026ലെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കാനുള്ള 32 ടീമുകൾ. ഈ ലോകകപ്പിൽ നിശ്ചയമായും ഉണ്ടാവണമെന്ന് ജനകോടികൾ ആഗ്രഹിക്കുന്ന പ്രധാന കളിക്കാരാണ് മെസിയും റൊണാൾഡോയും നെയ്മറും എംബാപ്പെയും ഒക്കെ. 

യൂറോപ്പിൽ ഫ്രാൻസ് ഗ്രൂപ്പിൽ ഒന്നാമതായത് ഉക്രെയ്‌നെതിരായ ഗോൾ മഴയോടെയാണ്. നാലു ഗോളിനാണ് അവർ ഉക്രെയ്നെ തകർത്തത്. എംബാപ്പെ നിറഞ്ഞാടി. ഇറ്റലിയാണ് യൂറോപ്പിൽ നിന്ന്‌ വരേണ്ട മറ്റൊരു പ്രധാന ടീം. രണ്ടു തവണ ചാമ്പ്യന്മാരായവർ. പക്ഷെ യൂറോ ചാമ്പ്യന്മാരായിട്ട് പോലും കഴിഞ്ഞ തവണ ക്വാളിഫൈ ചെയ്യാത്തവരാണവർ. ഇപ്പോഴും പ്രവേശനം തുലാസിൽ ആടി നിൽക്കുകയാണ്. അംഗോളക്കാർ മെസിയേയും ടീമിനെയും കൊണ്ട് വന്നത് എങ്ങനെയായിരുന്നുവെന്നത് നമുക്ക് ഒരു പാഠമാണ്. ഫിഫയുടെ അനുമതിയാണ് ആദ്യം തേടിയത്. രാജ്യങ്ങളിലെ അസോസിയേഷനുകൾ തമ്മിലാണ് കോൺട്രാക്ട്. ഇടനിലക്കാരില്ല. അവിടെ കളികാണാൻ ടിക്കറ്റ് വില ഒരു ഡോളർ മാത്രമായിരുന്നു എന്നാണ് വാർത്ത. നമ്മുടെ നാട്ടിൽ വരുമെന്ന് കരുതിയ തീയതിയിലാണ് അംഗോളയിൽ ചെന്നു അവർ കളിച്ചത്. അടുത്ത കാലത്തൊന്നും അർജന്റീന ടീം കേരളത്തിൽ വരുമെന്ന് കരുതുന്നില്ല. കാരണം, ഇനി വരുന്നത് കളിയുടെ കാലമാണ്. അർജന്റീന യുടെ ഫൈനലസീമാ മത്സരങ്ങൾ മാർച്ചിലാണ്. അത് അവരുടെ അഭിമാന മത്സരമാണ്. അതുകഴിഞ്ഞാൽ അവരെല്ലാം ക്ലബ് മത്സരങ്ങളിൽ മുഴുകും. ഏറ്റവുമധികം മെസി ആരാധകരുള്ള ഒരു നാടാണ് കേരളം. ഈ കാര്യം അർജന്റീനയ്ക്കും അറിയാം. അവർക്കും വരുവാൻ താല്പര്യം കാണും. കൃത്യമായ രീതിയില്‍ ഇടപെട്ടാല്‍ ഈ ആഗ്രഹം നടക്കുമെന്നാണ് കരുതേണ്ടത്. 

Exit mobile version