Site iconSite icon Janayugom Online

ലെബനനിൽ ദുരന്തം വിതച്ച് ശൈത്യകാലം; കെട്ടിടം തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 15 ആയി

വടക്കൻ ലെബനനിലെ ട്രിപ്പോളിയിൽ രണ്ട് പാർപ്പിട സമുച്ചയങ്ങൾ തകർന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. എട്ട് പേരെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ ഇമാദ് ഖ്‌റൈസ് അറിയിച്ചു. അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്ന രണ്ട് കെട്ടിടങ്ങളിലായി 22 പേരായിരുന്നു താമസിച്ചിരുന്നത്. കൂടുതൽ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് മുനിസിപ്പൽ അധികൃതർ പരിശോധിച്ചുവരികയാണ്. ഈ ശൈത്യകാലത്ത് ട്രിപ്പോളിയിൽ തകർന്നു വീഴുന്ന അഞ്ചാമത്തെ കെട്ടിടമാണിത്. 

വർഷങ്ങളായുള്ള അവഗണനയാണ് നഗരത്തെ ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന് ട്രിപ്പോളി മേയർ അബ്ദുൽ ഹമീദ് കരീം പറഞ്ഞു. നഗരസഭയുടെ പരിധിക്കപ്പുറമാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെന്ന് വ്യക്തമാക്കിയ അദ്ദേഹം ആഭ്യന്തര മന്ത്രിക്ക് രാജിക്കത്ത് സമർപ്പിച്ചു. ദുരന്തം ലജ്ജാകരമാണെന്നും ട്രിപ്പോളിയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Exit mobile version