‘ജനങ്ങളെ രക്ഷിക്കൂ, ജന്മനാടിനെ രക്ഷിക്കൂ’ എന്നതാകട്ടെ പോരാട്ടത്തിന്റെ ഈ യുദ്ധമുഖത്ത് തൊഴിലാളി — കര്‍ഷക ബഹുജന പ്രസ്ഥാനങ്ങള്‍ മുഴക്കുന്ന രണഭേരി എന്നാണ് 2021 നവംബര്‍ 11ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 10 കേന്ദ്ര തൊഴിലാളി സംഘടനകളുടെയും വിവിധ ദേശീയ ഫെഡറേഷനുകളുടെയും സംയുക്ത കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയത്തില്‍ പ്രഖ്യാപിച്ചത്. കേന്ദ്ര ഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളി വര്‍ഗം നിരവധി വര്‍ഷക്കാലമായി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 2022 മാര്‍ച്ച് 28, 29 തീയതികളില്‍ ദേശവ്യാപകമായ പണിമുടക്ക് നടത്തുവാനും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. പണിമുടക്ക് വിജയിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സംഘടിതരും അസംഘടിതരുമായ ഇന്ത്യയിലെ തൊഴിലാളികള്‍. ഇന്ത്യയിലെ കര്‍ഷകരും വിവിധ സ്ഥാപനങ്ങളിലും കേന്ദ്ര – സംസ്ഥാന സര്‍വീസിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുവന്നിട്ടുണ്ട്. അധ്യാപകരും വിദ്യാര്‍ത്ഥികളും സ്ത്രീകളും മറ്റ് വിഭാഗം ജനങ്ങളും സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബുദ്ധിജീവി വിഭാഗവും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. 1990 മുതല്‍ രാജ്യത്ത് നടപ്പിലാക്കുവാന്‍ ആരംഭിച്ച പുത്തന്‍ സാമ്പത്തിക നയം ലോകത്തുടനീളം നടപ്പിലാക്കിവരികയാണ്. ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും പുത്തന്‍ സാമ്പത്തിക നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോകത്തുടനീളം നടപ്പില്‍ വരുന്നു. ഈ നയത്തിന്റെ ഇരകളായ തൊഴിലാളികളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും സ്ത്രീകളും വിദ്യാര്‍ത്ഥികളും യുവാക്കളും സര്‍വീസ് മേഖലയുടെ വിവിധ തുറകളില്‍ ജോലി ചെയ്യുന്നവരും ലോകത്തെമ്പാടും ഇന്ന് സമരത്തിന്റെയും ചെറുത്തുനില്പിന്റെയും പാതയിലാണ്. ലോകത്തെ രണ്ടാമത്തെ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ നരസിംഹറാവു തുടങ്ങിവച്ച പുതിയ സാമ്പത്തിക പരിഷ്കരണ നടപടിക്ക് രണ്ടാം യുപിഎ ഗവണ്‍മെന്റ് മുന്നോട്ടു കൊണ്ടുപോയി. നരേന്ദ്രമോഡിയുടെ ഒന്നാമത്തെ ഗവണ്‍മെന്റും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയ രണ്ടാം നരേന്ദ്രമോഡി ഗവണ്‍മെന്റും പുത്തന്‍ സാമ്പത്തിക നയങ്ങള്‍ വളരെ വേഗതയില്‍ നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. പുതിയ സാമ്പത്തിക നയം നടപ്പില്‍വരുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ സമ്പദ്ഘടന ആഗോള‑ആഭ്യന്തര ധനമൂലധന ശക്തികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സമ്പദ്ഘടനയുടെ എല്ലാ തലങ്ങളിലും ധന, മൂലധന ശക്തികള്‍ കൈയടക്കുകയാണ്. മുതലാളിത്ത സമ്പദ്ഘടനയിലൂടെ മുന്നോട്ടുവന്ന ഇന്ത്യയില്‍ അതിശക്തമായ പൊതുമേഖലയാണ് ഉണ്ടായിരുന്നത്. പ്രധാനപ്പെട്ടതും അടിസ്ഥാന മേഖലയില്‍ ഉള്ളതുമായ വ്യവസായ സ്ഥാപനങ്ങള്‍ പൊതുമേഖലയില്‍ വളര്‍ന്നുവന്നു. ബൊക്കാറോ ഭീലായ്, വിശാഖപട്ടണം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സ്ഥാപിച്ച വന്‍ ഉരുക്കുവ്യവസായ സ്ഥാപനങ്ങള്‍ രാജ്യത്തെ ചെറുകിട, ഇടത്തരം സ്വകാര്യമേഖലയിലെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വളര്‍ന്നുവരുവാനുള്ള അടിസ്ഥാന സൗകര്യം ലഭ്യമാക്കി. പെട്രോളിയം, ഖനി, ധാതുസമ്പത്ത്, ഗ്യാസ്, റയില്‍വേ, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങി രാജ്യത്തിന്റെ മറ്റ് പ്രധാന മേഖലകള്‍ പൊതുമേഖലയില്‍ അതിശക്തമായി വളര്‍ന്നു. അതെല്ലാം ലാഭകരമായിരുന്നു. ബാങ്കുകള്‍ സ്വകാര്യവ്യക്തികളുടെ കയ്യിലായിരുന്നു. ബാങ്കുകളിലെ നിക്ഷേപം, ഇന്ത്യയിലെ ജനങ്ങളുടേതും. നിക്ഷേപിച്ച പണം അതിന്റെ ഉടമകളായ മുതലാളിമാര്‍, അവരുടെ വ്യവസായ സാമ്രാജ്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി ഉപയോഗിച്ചു. ഇതിനെതിരെ രാജ്യത്ത് ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു. ബാങ്കുകള്‍ ദേശസാല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് സി കെ ചന്ദ്രപ്പന്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചു.
ഇതുകൂടി വായിക്കാം; കുതിക്കുന്ന കാർഷിക രംഗവും കിതയ്ക്കുന്ന ഇന്ത്യയിലെ കര്‍ഷകനും
തുടര്‍ന്ന് ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളിലൂടെയാണ് സ്വകാര്യ ബാങ്കുകള്‍ രാജ്യത്തിന്റെ പൊതു ബാങ്കുകളായി മാറിയത്. രാജ്യത്തെ ഗ്രാമങ്ങളില്‍ പൊതുമേഖലാ ബാങ്കുകളുടെ ശാഖകള്‍ പ്രവര്‍ത്തനം തുടങ്ങി. കര്‍ഷകര്‍ക്കും ഗ്രാമീണ ജനതയ്ക്കും കൈത്തൊഴില്‍, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്കും വിവിധ ജനവിഭാഗങ്ങള്‍ക്കും വായ്പ ലഭിക്കുന്ന സൗകര്യം ലഭിച്ചു. ഗ്രാമീണ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ പൊതുമേഖലാ ബാങ്കുകള്‍ വലിയ പങ്കുവഹിക്കുകയാണ്. പൊതുമേഖലാ ബാങ്കുകള്‍ ഓരോന്നായി ആഗോള – ധന, മൂലധന ശക്തികള്‍ക്ക് ഓഹരി വില്പനയിലൂടെ കൈമാറുകയാണ്. അതിശക്തമായ പൊതുമേഖലാ ബാങ്കുകള്‍ പൂര്‍ണമായും ആഗോള‑ദേശീയ ധന, മൂലധന ശക്തികള്‍ കൈവശപ്പെടുത്തുകയാണ്. രാജ്യത്തിന്റെ വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ വഹിച്ചത്. ഇന്‍ഷുറന്‍സ് മേഖലയും സ്വകാര്യമേഖലയും കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് കേന്ദ്ര ഗവണ്‍മെന്റ് മുന്നോട്ടു പോവുകയാണ്. പ്രധാനപ്പെട്ട പൊതുസംരംഭങ്ങളെയെല്ലാം വില്പന നടത്തുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പന ദൃതഗതിയില്‍ ആക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇതോടൊപ്പം നാഷണല്‍ അസ്റ്റ് മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ എന്ന പദ്ധതികൂടി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ്. വെയര്‍ഹൗസ്, തുറമുഖങ്ങള്‍, സ്റ്റേഡിയങ്ങള്‍, റയില്‍വേ ഗുഡ്ഷെഡുകള്‍, തീവണ്ടികള്‍, റയില്‍വേ സ്റ്റേഷനുകള്‍, ദേശീയ ഹൈവേ, വൈദ്യുതി ലൈനുകള്‍, വൈദ്യുതി നിലയങ്ങള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍, പെട്രോള്‍ പൈപ്പ് ലൈനുകള്‍, ടെലി ടവറുകള്‍, ടെലിഫോണ്‍ ലൈനുകള്‍ തുടങ്ങിയ പ്രധാനപ്പെട്ട ദേശീയ സമ്പത്തിന്റെ മോണിറ്റൈസേഷന്‍ പദ്ധതിയിലൂടെ തുച്ഛമായ വിലയ്ക്ക് കൈമാറാനുള്ള നീക്കമാണ് നടക്കുന്നത്. കര്‍ഷകരുടെ ശക്തമായ ചെറുത്തുനില്പിനെ തുടര്‍ന്ന് കേന്ദ്ര ഗവണ്‍മെന്റ് തല്ക്കാലം പിന്മാറിയിട്ടുണ്ട്. 138 കോടിയിലധികം ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതാണ് ഇന്ത്യയിലെ കാര്‍ഷിക മേഖല. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ. 138 കോടി ജനങ്ങളില്‍ 84 കോടിയിലധികം ജനങ്ങള്‍ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് തങ്ങളുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്. കാര്‍ഷിക മേഖല പൂര്‍ണമായും കോര്‍പറേറ്റുവല്ക്കരിക്കുന്നതിനാണ് മൂന്ന് നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്. അതിനെതിരായി ഒരു വര്‍ഷക്കാലം നടന്ന സമരം ഐതിഹാസികമായിരുന്നു. 700 ല്‍ അധികം ആളുകള്‍ സമരകേന്ദ്രത്തില്‍ പ്രതികൂല സാഹചര്യത്തിലും ഗുണ്ടകളുടെയും പൊലീസിന്റെയും ആക്രമണഫലമായും മരണപ്പെട്ടു. തൊഴിലാളികളും കര്‍ഷകരും ഒരുമിച്ച് അണിനിരന്ന് പോരാട്ടത്തിനിറങ്ങി. പിന്‍വലിച്ച ഈ നിയമങ്ങളുമായി സമയമാകുമ്പോള്‍ ഗവണ്‍മെന്റ് വീണ്ടും രംഗത്തുവരുമെന്ന് ഉറപ്പുണ്ട്. സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് അസമത്വം വര്‍ധിപ്പിക്കുകയാണ്. ഇന്ത്യയിലെ 75 ശതമാനം വരുന്ന കുടുംബങ്ങളിലെ പരമാവധി വരുമാനം 5,000 രൂപയില്‍ താഴെയാണ്. ഒരു ദിവസത്തെ വരുമാനം ശരാശരി 160 രൂപയില്‍ അധികം മാത്രമാണ്. ഇത്രയും തുച്ഛമായ വരുമാനം കൊണ്ട് എങ്ങനെയാണ് ജീവിതം മുന്നോട്ടുപോവുക. ഇന്ത്യയിലെ തൊഴിലാളികള്‍ നിരവധി വര്‍ഷക്കാലം നടത്തിയ സമരത്തിന്റെ ഭാഗമായിട്ടാണ് 29 തൊഴില്‍ നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കിയത്. ധനമൂലധന ശക്തികളുടെ താല്പര്യത്തിനായി ആ നിയമങ്ങള്‍ റദ്ദാക്കി. പുതിയ തൊഴില്‍ കോഡുകള്‍ പാസാക്കി. സംഘടന രൂപീകരിക്കുന്നതിനും മാനേജ്മെന്റിന് മുമ്പില്‍ അവകാശങ്ങള്‍ ഉന്നയിക്കുന്നതിനുമുള്ള നിയമപരമായ അവകാശങ്ങള്‍ ഇല്ലാതാക്കി. സ്ഥിരം തൊഴില്‍ സമ്പ്രദായം ഇല്ലാതാക്കുന്നതിനുള്ള നടപടികളാണ് രൂപീകരിച്ചത്. ഹയര്‍ ആന്റ് ഫയര്‍ എന്ന നിലയില്‍ ഇഷ്ടമുള്ള തൊഴിലിന് ആളെ ദിവസക്കൂലിക്ക് വിളിക്കാനും അവരെ ഒഴിവാക്കാനും മാനേജ്മെന്റിന് അനുവാദം നല്കി. സ്ഥിരം തൊഴിലും തൊഴിലാളികള്‍ക്കുള്ള ആനൂകൂല്യങ്ങളും നിര്‍ത്തലാക്കുന്ന നടപടികള്‍ തുടരുകയാണ്. രാജ്യത്ത് നടപ്പിലാക്കുന്ന സാമ്പത്തിക നയങ്ങളുടെ ദുരിതമാണ് ജനങ്ങള്‍ ഇന്ന് അനുഭവിക്കുന്നത്. തൊഴിലാളികളും കര്‍ഷകരും ഗ്രാമീണ ജനതയും അതിന്റെ ഇരകളാണ്. അതിനെതിരായ ശക്തമായ സ്വരമാണ് രാജ്യത്തുടനീളം കഴിഞ്ഞ നിരവധി വര്‍ഷക്കാലമായി നടന്നുവരുന്നത്.
ഇതുകൂടി വായിക്കാം; കാര്‍ഷിക മേഖല: തുടരുന്ന അസ്വാസ്ഥ്യങ്ങള്‍
സമരങ്ങളില്‍ പങ്കെടുക്കുന്ന ജനങ്ങളെ അടിച്ചമര്‍ത്തുന്നതിനും അതിന് നേതൃത്വം നല്കുന്ന നേതാക്കളെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലില്‍ അടയ്ക്കുകയും ചെയ്യുന്നു. യുഎപിഎ, എന്‍എസ്എ, എന്‍ഐഎ തുടങ്ങിയ നിയമങ്ങള്‍ ഉപയോഗിച്ച് നിരവധിപേരെ ഇതിനകം കല്‍ത്തുറുങ്കില്‍ അടച്ചിട്ടുണ്ട്. അടിച്ചമര്‍ത്തലുകളെ അവഗണിച്ച് പ്രക്ഷോഭത്തിന് കൂടുതല്‍ ശക്തി ആര്‍ജിക്കുകയാണ്. അതിന്റെ ഭാഗമായാണ് 2022 മാര്‍ച്ച് 28, 29 തീയതികളില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം രണ്ട് ദിവസത്തെ പൂര്‍ണമായ പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാജ്യത്തെ കര്‍ഷകരും മറ്റ് വിഭാഗം ജനങ്ങളും പണിമുടക്കിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 2019 ജനുവരി എട്ട്, ഒമ്പതു തീയതികളിലും 2020 ജനുവരി എട്ടിനും 2020 നവംബര്‍ 26 നും രാജ്യത്തെ തൊഴിലാളി വര്‍ഗം രാജ്യവ്യാപകമായ പണിമുടക്ക് നടത്തിയിരുന്നു. രാജ്യത്തെ പൂര്‍ണമായും സ്തംഭിപ്പിച്ച ഐതിഹാസികമായിരുന്ന പ്രക്ഷോഭങ്ങളായിരുന്നു പണിമുടക്കുകള്‍. 2020 നവംബര്‍ 26ന് ഇന്ത്യയിലെ കര്‍ഷകര്‍ അഞ്ഞൂറിലധികം കര്‍ഷക സംഘടനകള്‍ അടങ്ങിയ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ (സംയുക്ത കര്‍ഷകമാര്‍ച്ച്) ഡല്‍ഹി ചലോ പ്രഖ്യാപിക്കുകയും നവംബര്‍ 27 മുതല്‍ ഒരുവര്‍ഷക്കാലം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭം ആരംഭിക്കുകയും ചെയ്ത് തൊഴിലാളി വര്‍ഗവും കര്‍ഷകരും യോജിച്ച പ്രക്ഷോഭത്തില്‍ അണിനിരക്കുന്നതാണ് കാണുന്നത്. 2022 മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന പണിമുടക്ക് ധനമൂലധന ശക്തികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ സമരമാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും വിവിധ വിഭാഗങ്ങളുടെയും നിലവിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടമാണ്. സാമ്പത്തിക നയങ്ങള്‍ക്കെതിരായ വിവിധ വിഭാഗം ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി വര്‍ഗബോധത്തോടെ അണിനിരക്കുന്ന ജനങ്ങളുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് സംഘപരിവാര്‍ ശക്തികള്‍ തുടര്‍ച്ചയായി നടത്തുന്നത്. ജനങ്ങളില്‍ സ്വത്വബോധം ഉയര്‍ത്തിയും ജാതി, മതസ്പര്‍ദ വളര്‍ത്തി ഭിന്നിപ്പിക്കുകയും സങ്കുചിതമായ ദേശീയ ബോധവും ഹിന്ദുത്വ വംശീയബോധവും വളര്‍ത്തിക്കൊണ്ടുവരികയുമാണ്. ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും രാജ്യം നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യാതെ സങ്കുചിത ദേശീയ ബോധം വളര്‍ത്തി ദേശീയ പ്രശ്നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനും തങ്ങളുടെ നയം നടപ്പിലാക്കാനും തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുമാണ് ശ്രമം നടക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും യു പി, മണിപ്പുര്‍, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും അതാണ് വ്യക്തമാക്കുന്നത്. ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള മത്സരമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടക്കുന്നതെന്നാണ് യു പി മുഖ്യമന്ത്രി ആദിത്യനാഥ് തെരഞ്ഞെടുപ്പ് റാലികളില്‍ പ്രഖ്യാപിച്ചത്. ഹിന്ദു, മുസ്‌ലിം ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. സങ്കുചിത ദേശീയ ബോധം വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച്, തങ്ങളുടെ അജണ്ട നടപ്പിലാക്കുവാനുള്ള സംഘപരിവാര്‍ — ഫാസിസ്റ്റ് ശക്തികളുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങളെന്ന് വ്യക്തമാണ്. തൊഴിലാളികളും കര്‍ഷകരും മറ്റ് ജനവിഭാഗങ്ങളും ഒരുമിച്ച് നിന്ന് ജനങ്ങളുടെ അവകാശങ്ങളും നമ്മുടെ ഭരണഘടനയും ജനാധിപത്യ സംവിധാനവും സംരക്ഷിക്കുന്നതിനുള്ള ജനകീയ ഇടപെടലുകളാണ് രാജ്യത്ത് ഇന്ന് ശക്തിപ്രാപിക്കുന്നത്. അതിനെ ദുര്‍ബലപ്പെടുത്തുവാനുള്ള എല്ലാ നീക്കങ്ങളെയും ജനങ്ങളെ ആകെ അണിനിരത്തി പരാജയപ്പെടുത്തുവാന്‍ കഴിയണം. 2022 മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ പണിമുടക്ക് അതിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറും. പണിമുടക്കില്‍ ഇന്ത്യയിലെ കര്‍ഷകരും മറ്റു വിഭാഗങ്ങളും പിന്തുണച്ചുകൊണ്ട് തെരുവിലിറങ്ങുകയാണ്. തൊഴിലാളി — കര്‍ഷക ഐക്യം രാജ്യത്ത് ശക്തിപ്പെടുകയാണ്. തൊഴിലാളി കര്‍ഷക ഐക്യം രാജ്യത്ത് രാഷ്ട്രീയ മാനം ഉണ്ടാക്കുന്ന കാര്യത്തില്‍ സംശയം ഇല്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണിമുടക്കില്‍ സര്‍വപിന്തുണയും പ്രഖ്യാപിച്ച് ഇതിനകം തന്നെ രംഗത്തുവന്നിട്ടുണ്ട്.