നാടകം എന്റെ ജീവശ്വാസമാണ്. നാടകങ്ങളിൽ വേഷം ലഭിച്ചാൽ ഇനിയും അഭിനയിക്കും. തുടക്കകാലം മുതൽ തന്നെ വ്യത്യസ്തതയാർന്ന കഥാപാത്രങ്ങൾ ആഗ്രഹിച്ചിരുന്നു. കൂടുതലും അമ്മവേഷങ്ങളാണ് ചെയ്തിട്ടുള്ളതെങ്കിലും അതിലെല്ലാം വ്യത്യസ്തതയുണ്ടായിരുന്നു. ഓരോ കഥാപാത്രത്തെയും ആസ്വാദകർ നെഞ്ചോടു ചേർക്കുമ്പോഴാണ് ഒരു കലാകാരന്റെ മനസ്സ് സന്തുഷ്ടമാകുന്നത് എന്ന് വിജയകുമാരി ഒ മാധവൻ പറഞ്ഞു.
ലോക നാടകദിനത്തിൽ പത്തനാപുരം ഗാന്ധിഭവൻ കലാസാംസ്കാരികകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം റെഡ്ക്രോസ് ഹാളിൽ സംഘടിപ്പിച്ച നാടകകലാകാരന്മാരുടെ സംഗമവും ആദരസമർപ്പണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ചെറുപ്പകാലത്തുതന്നെ അമ്മവേഷങ്ങൾ മികവോടെ അവതരിപ്പിച്ചതിനാൽ തുടർച്ചയായി അമ്മവേഷങ്ങൾ തന്നെ ചെയ്യേണ്ടി വന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യുവാൻ ആഗ്രഹിച്ച ഞാൻ തുടർച്ചയായി അമ്മ വേഷം ചെയ്യുവാനുള്ള വൈഷമ്യം കാരണം ഒരു നാടക ക്യാമ്പിൽ നിന്നും ആരോടും പറയാതെ ഒളിച്ചോടുകയും തോപ്പിൽ ഭാസി വീട്ടിൽ വന്ന് പ്രചോദനം നൽകുകയും അങ്ങനെ ഞാൻ ആ വേഷം അരങ്ങിലെത്തിക്കുകയും ചെയ്തു. ആസ്വാദകരുടെ ഇടയിൽ നിന്നും ആ കഥാപാത്രത്തിന് ലഭിച്ച അംഗീകാരം വീണ്ടും അമ്മവേഷങ്ങൾ ചെയ്യുവാൻ പ്രചോദനമായി, വിജയകുമാരി പറഞ്ഞു.
നാടകനടനും സംവിധായകനുമായ കബീർദാസ്, അഡ്വ. മണിലാൽ, അഡ്വ. വെൺകുളം ജയകുമാർ, സേതുലക്ഷ്മി, കെപിഎസി രാജേന്ദ്രൻ, തോമ്പിൽ രാജശേഖരൻ, കൊല്ലം ഫസിൽ, ഇടവാ ബഷീർ, കോട്ടയം ആലീസ്, കൊല്ലം ജയചന്ദ്രൻ, ട്യൂണാ അശോകൻ, പ്രസന്ന സായി, പുനലൂർ പ്രസന്ന എന്നിർ സംഗമത്തില്‍ പങ്കെടുത്തു.
ഗാന്ധിഭവൻ വൈസ് ചെയർമാൻ പി എസ് അമൽരാജ് കലാകാരന്‍മാര്‍ക്ക് വിഷുക്കൈനീട്ടം നൽകി. പ്രഫ. ജി മോഹൻദാസ്, എസ് സുവർണ്ണകുമാർ, എസ് അജയകുമാർ എന്നിവർ കലാകാരന്മാരെ ആദരിച്ചു.