Site iconSite icon Janayugom Online

ഇന്ന് ലോക വയോജന പീഡനവിരുദ്ധ ബോധവൽക്കരണ ദിനം; വാർധക്യത്തെ ബാധ്യതയായി കാണരുത്

ജൂൺ 15 ലോക വയോജന പീഡനവിരുദ്ധ ബോധവൽക്കരണദിനമായി 2011 മുതൽ ആചരിച്ചുവരികയാണ്. ഐക്യരാഷ്ട്രസഭ 2011 ഡിസംബറിൽ അംഗീകരിച്ച 66/127-ാം നമ്പർ പ്രമേയമാണ് ഈ ദിനാചരണത്തിന് ആഹ്വാനം ചെയ്തത്. 2006 ൽ “ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ ദി പ്രിവൻഷൻ ഓഫ് എൽഡർ അബ്യൂസ്’ എന്ന സംഘടനയാണ് ഇതിന് തുടക്കം കുറിച്ചതെങ്കിലും ഒരു അന്തർദേശീയ ദിനാചരണത്തിന്റെ ഔന്നത്യം വന്നുചേർന്നത് യുഎൻ പ്രമേയത്തോടെയാണ്. വയോജനങ്ങൾക്കെതിരെയുള്ള പീഡനങ്ങൾക്കും അവരെ കഷ്ടപ്പെടുത്തുന്നതിനുമെതിരെ ലോകം ഒരുമിച്ച് ശബ്ദമുയർത്തുന്ന ദിനമാണിത്. വയോജനങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പുതിയ തലമുറയാണ് മനസ്സിലാക്കേണ്ടത്. മാതാപിതാക്കളെ അവഗണിക്കുകയും ഉപേക്ഷിക്കുകയും വൃദ്ധസദനങ്ങളിലാക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചികിത്സയും ഭക്ഷണവും ഉൾപ്പെടെ അത്യാവശ്യ സഹായങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങൾ ഏറിവരുന്ന ഇന്നത്തെക്കാലത്ത് ഈ ദിനാചരണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മുതിർന്ന പൗരന്മാരുടെ ജനസംഖ്യ ലോകത്തെല്ലായിടത്തും വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ സെക്കന്റിലും ലോകത്ത് രണ്ടുപേർവീതം അറുപതാം ജന്മദിനം ആഘോഷിക്കുന്നുണ്ട്. ജനസംഖ്യയിലെ ഈ വർധനവിനനുസരിച്ച് അവർക്കുനേരെയുള്ള ശാരീരികവും വൈകാരികവും സാമ്പത്തികവും സാമൂഹ്യവുമായ പീഡനങ്ങളും വർധിക്കുകയാണ്. ശാരീരികവും മാനസികവുമായ വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാണ് വയോജനങ്ങൾ.

2017 ലെ കണക്കനുസരിച്ച് ആറു പേരിൽ ഒരാൾ പീഡിപ്പിക്കപ്പെടുന്നു. 2002 ൽ തന്നെ ലോകാരോഗ്യസംഘടന ഈ കാര്യങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. വിവിധ രൂപത്തിലുള്ള പീഡനങ്ങളുടെ ഫലമായി മുതിർന്ന പൗരന്മാർ വളരെ പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നു എന്നവർ കണ്ടെത്തി. ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവുന്നു. മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലേക്ക് അവർ മാറുന്നു. നിസഹായത, മാനസിക സമ്മർദം, മനോബലം നഷ്ടപ്പെടൽ, ആഹാരത്തിനോട് വിരക്തി, ഡിപ്രഷൻ, ഡിമെൻഷ്യ തുടങ്ങിയവ അവരെ പിടികൂടുന്നു. പീഡനങ്ങൾക്ക് വിധേയരാവുന്ന വയോജനങ്ങളുടെ മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. ക്രൂരവും പരിഹാസം കലർന്നതുമായ വാക്കുകൾകൊണ്ടുള്ള പീഡനം അസഹനീയമാണ്. അതിന് ഫലപ്രദമായ ചികിത്സയുമില്ല. അത് വയോജനങ്ങളെ ശാരീരികവും മാനസികവുമായി പെട്ടെന്ന് തളർത്തും. ആരോഗ്യവും സമ്പത്തും ഉണ്ടായിരുന്ന കാലത്ത് കുടുംബത്തിനും സമൂഹത്തിനുംവേണ്ടി അത്യധ്വാനം ചെയ്ത വയോജനങ്ങളെ അത്യധികം വിഷമിപ്പിക്കുന്നത് ഈ ക്രൂര വാക്ശല്യമാണ്. ആരോഗ്യപരിരക്ഷ മനുഷ്യാവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. പ്രായഭേദമന്യേ എല്ലാവർക്കും അത് ബാധകമാണ്. ചികിത്സയെ സംബന്ധിച്ച തീരുമാനങ്ങളെടുക്കുമ്പോൾ ആരോഗ്യം അവകാശമാണെന്നും അത് അന്തസോടെ വയോജനങ്ങൾക്ക് നൽകുമെന്നും ഉറപ്പാക്കണം. പ്രായം കണക്കാക്കിയുള്ള വിവേചനം പാടില്ല. അവരുടെ രോഗപ്രതിരോധശക്തി വർധിപ്പിക്കാനുള്ള വിവിധതരം സംവിധാനങ്ങൾ വ്യാപകമാക്കണം. വീട്ടിൽ ആളുകളുണ്ടെങ്കിലും ആൾക്കൂട്ടത്തിൽ തനിയെ എന്നതാണ് വയോജനങ്ങളുടെ അനുഭവം. ഏകാന്തതയും വിരസതയുമകറ്റാൻ ഡിജിറ്റൽ സാങ്കേതികവിദ്യ അവർക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും പരിശീലിപ്പിക്കുകയും വേണം.


ഇതുകൂടി വായിക്കൂ:വൃദ്ധന്മാര്‍ അരക്ഷിതര്‍


സ്മാർട്ട് ഫോണും സമൂഹമാധ്യമങ്ങളും ഇന്റർനെറ്റും ഒക്കെ ജീവിതത്തിന്റെ ഭാഗമായാൽ അവർക്ക് മാനസികാരോഗ്യം ഉണ്ടാവും. സ്മാർട്ട്ഫോണും കമ്പ്യൂട്ടറുമെല്ലാം ലഭ്യമാക്കി അവരെ പിന്തുണയ്ക്കേണ്ടത് സർക്കാരിന്റെ കടമയാണ്. പ്രായമാവുക എന്നത് ജീവിതത്തിലെ അനിവാര്യമായ ശാരീരിക പ്രക്രിയയാണ്. വാർധക്യം ജീവിതത്തിൽനിന്നുള്ള പുറംതള്ളലല്ല. സ്വാഭാവികമായ ജീവിതത്തിന്റെ നിയതമായ ഒഴുക്കും, ജീവിതകഥയുടെ ക്ലൈമാക്സുമാണത്. വിശ്രമമെന്തെന്ന് അറിയാതെ കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച് മറ്റുള്ളവരുടെ ജീവിതത്തിന്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായി കാലത്തോടൊപ്പം പൊരുതി ജീവിച്ചവരാണവർ. തങ്ങൾ ആർക്കുവേണ്ടിയായിരുന്നോ ജീവിച്ചതും സമ്പാദിച്ചതും അവരെല്ലാം വാർധക്യകാലത്ത് തങ്ങൾക്കൊപ്പമുണ്ടാവുകയെന്നത് അവരുടെ ആഗ്രഹമാണ്. എന്നാൽ വെറുപ്പും വിദ്വേഷവും സ്വാർത്ഥതയും നിറഞ്ഞ ഇന്നത്തെ കുടുംബ സാമൂഹ്യപശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ നോവുന്നതും വാർധക്യമാണ്. ഈ വർഷത്തെ ദിനാചരണത്തിന്റെ സന്ദേശമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത് നയങ്ങളുടെയും സമീപനങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിൽ വയോജന പീഡനം തടയാനുള്ള സംവിധാനങ്ങൾ രൂപപ്പെടുത്തുകയെന്നതാണ്. 2007‑ൽ പാർലമെന്റ് പാസാക്കിയ മെയിന്റനൻസ് ആന്റ് വെൽഫെയർ ഓഫ് പേരന്റ്സ് ആന്റ് സീനിയർ സിറ്റിസൺസ് ആക്ട് കാര്യക്ഷമമായി നടപ്പിലാക്കാൻ കഴിയണം. വയോജന ക്ഷേമപദ്ധതികൾ ഏകോപിപ്പിക്കാനും ഫലപ്രദമായി നടപ്പിലാക്കാനും പ്രത്യേകമായ ഒരു വകുപ്പ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും രൂപീകരിക്കുകയെന്നത് വളരെ പ്രധാനമാണ്.

വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാൻ കഴിയുന്ന വയോജനകമ്മിഷൻ രൂപീകരിക്കാൻ ഇനിയും അമാന്തിച്ചുകൂടാ. വികലാംഗർക്കും കുട്ടികൾക്കും വനിതകൾക്കും മറ്റുമുള്ള കമ്മിഷനുകൾ ആ വിഭാഗത്തിന് പെട്ടെന്നുതന്നെ നീതികിട്ടാൻ ഫലപ്രദമാണെന്ന് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. നിരവധി സങ്കീർണങ്ങളായ പ്രശ്നങ്ങൾ നേരിടുന്ന വയോജനങ്ങൾക്ക് വയോജനകമ്മിഷൻ രൂപീകരണം വലിയ ആശ്വാസമായിരിക്കും. വാർധക്യത്തെ ബാധ്യതയായി കാണാതെ മാനുഷികതയുടെയും കുടുംബ ബന്ധത്തിന്റെയും മഹനീയഭാവമാണ് മാതാപിതാക്കളെയും മുതിർന്നവരെയും സംരക്ഷിക്കുകയും അവർക്ക് സാന്ത്വനമാവുകയും ചെയ്യുകയെന്നത്. പുതിയ തലമുറ ഈ കാര്യം ഉൾക്കൊള്ളേണ്ടതുണ്ട്. ജീവിതം മുന്നോട്ടുപോവുമ്പോൾ തിരക്കിനിടയിൽ വിസ്മരിക്കപ്പെടുന്ന ഈ കാര്യം അവരെ നിരന്തരം ഓർമ്മപ്പെടുത്തണം. പാഠ്യപദ്ധതിയിൽ ഈ വിഷയം ഉൾപ്പെടുത്തിയാൽ അത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കും. വാർധക്യത്തെ ബാധ്യതയായി കാണാതെ കുടുംബവും സമൂഹവും സന്തോഷത്തോടെ അത് ഉൾക്കൊള്ളുമ്പോൾ മാത്രമേ പ്രായമായവർ സുരക്ഷിതരാവുകയുള്ളൂ. ഇന്ന് ഞാൻ നാളെ നീ എന്നതാണ് യാഥാർത്ഥ്യമെന്ന് മനസിലാക്കണം. വാർധക്യം അനിവാര്യമായ ഒരു ശാരീരിക മാറ്റമാണെന്നും ആ ഘട്ടം സന്തോഷത്തോടെ, ആരോഗ്യത്തോടെ തരണം ചെയ്യാൻ സഹായിക്കേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമയാണെന്നുമുള്ള തിരിച്ചറിവും അതിനനുസരിച്ചുള്ള പ്രവൃത്തിയും നൽകുന്ന സന്ദേശം അത്ഭുതാവഹവുമായിരിക്കും.

Exit mobile version