ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും. ഇന്ത്യ ആറ് സ്വർണം, അഞ്ച് വെള്ളി, നാല് വെങ്കലം ഉൾപ്പെടെ ആകെ 15 മെഡലുകളാണ് ഇതുവരെ നേടിയത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ് നില്‍ക്കുന്നത്. ബ്രസീൽ (12 സ്വർണ്ണം, 18 വെള്ളി, ഏഴ് വെങ്കലം) ഒന്നാം സ്ഥാനത്തും, ചൈന (9 സ്വർണം, 16 വെള്ളി, 13 വെങ്കലം) പോളണ്ട് (എട്ട് സ്വർണം, രണ്ട് വെള്ളി, അഞ്ച് വെങ്കലം) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുമുണ്ട്.
ഹൈജമ്പ് T47ൽ നിഷാദ് കുമാർ കഴിഞ്ഞദിവസം സ്വര്‍ണം നേടിയിരുന്നു. ടോക്കിയോ, പാരീസ് പാരാലിമ്പിക്‌സുകളിൽ റണ്ണേഴ്‌സ് അപ്പും 2023, 2024 വർഷങ്ങളിലെ അവസാന രണ്ട് ലോക ചാമ്പ്യൻഷിപ്പുകളിലും ഇടം നേടിയ താരവുമാണ് നിഷാദ്. 100 മീറ്റർ ടി12 ഫൈനലിൽ 11.95 സെക്കൻഡ് സമയത്തോടെ സിമ്രാൻ ശർമ്മ സ്വര്‍ണം നേടി. കഴിഞ്ഞ പതിപ്പിൽ 200 മീറ്ററിൽ സ്വർണം നേടിയ താരം 2024 പാരാലിമ്പിക്‌സിൽ വെങ്കലം നേടിയിരുന്നു.

