പ്രിയ സുഹൃത്തും മുന്‍ ഇന്ത്യന്‍ താരവുമായ വിനോദ് കാംബ്ലിയെ കണ്ട ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ താരത്തിന്റെ അടുത്തേക്കെത്തി ആലിംഗനവും ചെയ്തു. സ്കൂള്‍ കാലത്തെ കൂട്ടുകാരനെ കൈ വിടാന്‍ പോലും കൂട്ടാക്കാതെ കാംബ്ലി സച്ചിന്റെ കൈ മുറുകെപ്പിടിച്ചു. തുടർന്ന് പരിപാടിയുടെ സംഘാടകരിലൊരാൾ എത്തി സച്ചിനെ ഇരിപ്പിടത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇരുവരുടേയും ആദ്യകാല ക്രിക്കറ്റ് പരിശീലകനായിരുന്ന രമാകാന്ത് അച്‍രേക്കറുടെ സ്മരണയ്ക്കായി ശിഷ്യർ സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിയാക്കിയത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വൈകാരികമായി പ്രതികരിച്ച കാംബ്ലി സച്ചിന്റെ കൈകൾ ഏറെ നേരം പിടിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരങ്ങളായാണ് സച്ചിനെയും കാംബ്ലിയെയും കണ്ടിരുന്നത്. കരിയറിലെ ആദ്യ രണ്ടു മത്സരങ്ങളിൽ തുടർച്ചയായി സെഞ്ചുറി നേടിയ കാംബ്ലി, പിന്നീട് സ്ഥിരതയില്ലാത്ത പ്രകടനങ്ങളെത്തുടർന്നാണ് ടീമില്‍ നിന്ന് പുറത്തായത്. രാജ്യത്തിനായി 17 ടെസ്റ്റുകളിലും 104 ഏകദിന മത്സരങ്ങളിലും കളിച്ചു. സ്‌കൂള്‍ കാലത്ത് ഒരുമിച്ചു കളിച്ചു വളര്‍ന്ന സച്ചിനും കാംബ്ലിയും പിന്നീട് ഇന്ത്യന്‍ ടീമിലും ഒരുമിച്ചു. എന്നാല്‍ അച്ചടക്കമില്ലാത്ത സ്വഭാവവും മോശം ഫോമും മൂലം കാംബ്ലിയുടെ കരിയര്‍ അധികകാലം നീണ്ടു നിന്നില്ല. 2004ലാണ് കരിയർ അവസാനിപ്പിക്കുന്നത്. ബിസിസിഐ നൽകുന്ന പെൻഷൻ ഉപയോഗിച്ചാണ് കുടുംബം കഴിയുന്നതെന്ന് വിനോദ് കാംബ്ലി 2022ൽ വെളിപ്പെടുത്തിയിരുന്നു.