Site iconSite icon Janayugom Online

യുവജനത സംരംഭങ്ങളിലേക്ക് മാറണം; തൊഴിലില്ലായ്മ, പരിഹാര നിര്‍ദേശങ്ങളില്ല

തൊഴിലില്ലായ്മ പരിഹരിക്കാന്‍ കാര്യമായ നിര്‍ദ്ദേശങ്ങള്‍ ഇല്ലാത്ത ബജറ്റില്‍ രാജ്യത്തെ യുവജനത സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിട ഇടത്തരം സംരംഭങ്ങളെയും ആശ്രയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. എംഎസ്എംഇകളുടെ ഈടു നല്‍കാതെയുള്ള വായ്പകള്‍ക്ക് രണ്ടുലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. എംഎസ്എംഇകള്‍ക്ക് ഇത്രയും തുക സര്‍ക്കാര്‍ നല്‍കുകയല്ല. മറിച്ച് എംഎസ്എംഇ വായ്പകള്‍ നല്‍കുന്ന ബാങ്കുകള്‍ക്ക് നല്‍കുന്ന ഗ്യാരന്റിയാണിത്. എംഎസ്എംഇകള്‍ വായ്പ മുടക്കം വരുത്തിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാരിന് തുക ചെലവിടേണ്ടതായി വരുന്നുള്ളൂ. ജനങ്ങള്‍ വായ്പയെടുത്ത് വ്യവസായം തുടങ്ങി തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പിന്തുണ എന്നത് മാത്രമാണ് ഇവിടെ സര്‍ക്കാരിന്റെ റോള്‍. കോവിഡ് മൂലം എംഎസ്എംഇകള്‍ ഏറ്റെടുത്ത കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയവയുടെ സെക്യൂരിറ്റി തുക കണ്ടുകെട്ടിയില്‍ 95 ശതമാനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മടക്കി നല്‍കും.

എംഎസ്എംഇകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരാതികളും കോടതിയില്‍ നിലനില്‍ക്കുകയാണെങ്കിലും കോടതിക്ക് പുറത്ത് ഇവ തീര്‍പ്പാക്കാന്‍ സംവിധാനമൊരുക്കും. എംഎസ്എംഇകള്‍ക്ക് നിലവില്‍ നികുതിയില്‍ ഏര്‍പ്പെടുത്തിയ നികുതി ഇളവിന്റെ പരിധി രണ്ട് കോടിയില്‍ നിന്നും മൂന്നു കോടിയായി വര്‍ധിപ്പിച്ചു. ചില പ്രൊഫഷനുകള്‍ക്ക് നല്‍കിയിരുന്ന നികുതി ഇളവിന്റെ പരിധി 50 ലക്ഷത്തില്‍ നിന്നും 75 ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദായ നികുതില്‍ ഇളവു നല്‍കിയ കാലാവധി 2024 മാര്‍ച്ച് 31 വരെ നീട്ടി. സ്റ്റാര്‍ട്ടപ്പുകളുടെ നഷ്ടം പുതിയ വര്‍ഷത്തെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്താനുള്ള സമയ പരിധി ഏഴു വര്‍ഷത്തില്‍ നിന്നും പത്ത് വര്‍ഷമായി ഉയര്‍ത്തുകയും ചെയ്തു. നാഷണല്‍ ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ രജിസ്ട്രി, കേന്ദ്രീകൃത ഡാറ്റാ പ്രൊസസിങ് സെന്റര്‍ എന്നിവ സ്ഥാപിക്കും.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഏഴര ശതമാനം പലിശ നിരക്കില്‍ രണ്ടു വര്‍ഷത്തേക്ക് ചെറുകിട നിക്ഷേപം നടത്താം. ഇതിനു നികുതി നല്‍കേണ്ടതില്ല. മഹിളാ സമ്മാന്‍ ബജത്ത് പത്രയെന്നാണ് പദ്ധതിക്ക് പേരു നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നികുതി രഹിത നിക്ഷേപം 15 ലക്ഷമെന്നത് 30 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. ഗിഫ്റ്റ്-ഐഎഫ്‌എസ്‌സി ബിസിനസുകളുടെ പ്രോത്സാഹനത്തിനും ബജറ്റില്‍ നിര്‍ദേശമുണ്ട്.

157 പുതിയ നഴ്‌സിങ് കോളജുകള്‍ അരിവാള്‍ രോഗ നിര്‍മ്മാര്‍ജന ദൗത്യം

ന്യൂഡല്‍ഹി: രാജ്യത്തെ നഴ്‌സിങ് മേഖലയില്‍ പുതുതായി 157 നഴ്‌സിങ് കോളജുകള്‍ ആരംഭിക്കും. 2014 മുതല്‍ സ്ഥാപിതമായ 157 മെഡിക്കല്‍ കോളജുകളുടെ ഭാഗമായായിരിക്കും പുതിയ നഴ്‌സിങ് കോളജുകളെന്ന് ബജറ്റില്‍ പറയുന്നു.
കേന്ദ്ര‑സംസ്ഥാന പങ്കാളിത്തത്തോടെ സിക്കിള്‍ സെല്‍ അനീമിയ ഇല്ലാതാക്കല്‍ മിഷന്‍ രൂപീകരിക്കും. ഈ രോഗം ഏറ്റവും അധികം ബാധിക്കുന്ന ആദിവാസി മേഖലകളിലെ 0–40 വരെ പ്രായപരിധിയുള്ള ഏഴുകോടി ജനങ്ങളില്‍ വിലയിരുത്തല്‍ നടത്തും. ചുവന്ന രക്താണുക്കളുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗാവസ്ഥ ഇല്ലാതാക്കാനാണ് ഈ നടപടി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ലാബുകള്‍ ഗവേഷണങ്ങള്‍ക്കായി സ്വകാര്യ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്കൂകൂടി ലഭ്യമാക്കും. ഫാര്‍മ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ ബജറ്റില്‍ നിര്‍ദേശമുണ്ട്. വ്യവസായങ്ങളില്‍ നിന്നും ഈ മേഖലയില്‍ നിക്ഷേപത്തിന് പ്രോത്സാഹനം നല്‍കുമെന്നും ബജറ്റിലുണ്ട്. മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായി വിവിധ കോഴ്‌സുകളെ സംയോജിപ്പിച്ചുകൊണ്ടുള്ള മള്‍ട്ടി ഡിസിപ്ലിനറി കോഴ്‌സുകള്‍ ആരംഭിക്കും. ഈ മേഖലയില്‍ കൂടുതല്‍ മനുഷ്യശേഷി വികസിപ്പിക്കുന്നതിനൊപ്പം വരും കാലങ്ങളില്‍ ആരോഗ്യ മേഖലയിലെ ആവശ്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിനുള്ള ഉപകരണങ്ങളുടെ വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നു.

Exit mobile version