Site iconSite icon Janayugom Online

യുവനിര v/s ബാസ്ബോള്‍; ഇന്ത്യ‑ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ഇന്ന്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഇന്നിറങ്ങും. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോലിയും വിരമിച്ചതോടെ പുതിയ ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുക. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ് വൈസ് ‌ക്യാപ്റ്റന്‍. വൈകിട്ട് 3.30ന് ഹെഡിങ്‌ലിയിലാണ് മത്സരം. അഞ്ച് മത്സര പരമ്പരയില്‍ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ ശക്തമായ പ്ലേയിങ് ഇലവനുമായാണ് ഇന്ത്യയിറങ്ങുക. 2007ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്. അന്ന് രാഹുല്‍ ദ്രാവിഡായിരുന്നു ക്യാപ്റ്റന്‍. പേസര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ ഏതൊക്കെ ബൗളര്‍മാരെയിറക്കുമെന്നാണ് ആശങ്ക. പ്രധാന ബൗളറായ ജസ്പ്രീത് ബുംറ ടീമിലുണ്ടാകുമെന്നുറപ്പാണ്. ബുംറയ്ക്കൊപ്പം ന്യൂബോള്‍ കൈകാര്യം ചെയ്യാന്‍ രണ്ട് പേസ് ബൗളര്‍മാരെ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ട്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവരാണ് ബുംറയ്ക്കു പുറമേയുള്ള പേസർമാർ. ഇവർക്കൊപ്പം ഷാർദുൽ ഠാക്കൂർ, നിതീഷ് കുമാർ റെഡ്ഡി എന്നീ ഓൾറൗണ്ടർമാർ കൂടി പേസര്‍മാരായുണ്ട്. മുഹമ്മദ് സിറാജിനും ഹര്‍ഷിത് റാണയ്ക്കും അവസരം ലഭിക്കാനും സാധ്യതയുണ്ട്. നേരത്തെ ഇന്ത്യ എ ടീമിനായി പരിശീലന മത്സരം കളിക്കാനെത്തിയ ഹര്‍ഷിത് ഗംഭീറിന്റെ താല്പര്യത്തില്‍ ലണ്ടനില്‍ തുടര്‍ന്നു.

ബുംറയാണ് ബൗളിങ്ങില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട്. 2021–2022 ഇംഗ്ലണ്ട് പര്യടനത്തില്‍ അന്ന് അഞ്ച് മത്സരങ്ങളില്‍ ഒമ്പത് ഇന്നിങ്സുകളിൽ നിന്നായി 22.47 ശരാശരിയിൽ 23 വിക്കറ്റ് നേടി ബുംറ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായിരുന്നു. ഇംഗ്ലണ്ടിനെതിരെ ആകെ കളിച്ച 14 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 60 വിക്കറ്റുകള്‍ ബുംറ നേടിയിട്ടുണ്ട്. ഉയരക്കൂടുതല്‍ പരിഗണിച്ചാല്‍ പ്രസിദ്ധ് കൃഷ്ണയാണ് ന്യൂബോൾ കൈകാര്യം ചെയ്യാൻ സാധ്യതയുള്ള മറ്റൊരു പേസർ. സ്പിന്നറായി ജഡേജയ്ക്കൊപ്പം കുല്‍ദീപ് യാദവിനെയാകും ഉള്‍പ്പെടുത്തുക. ബാറ്റിങ്ങില്‍ യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലും ഓപ്പണര്‍മാരായിയെത്താനാണ് സാധ്യത. മൂന്നാം നമ്പറില്‍ ആര് ഇറങ്ങുമെന്ന് വ്യക്തതയില്ല. മലയാളി താരം കരുണ്‍ നായര്‍ മൂന്നാം നമ്പറിലിറങ്ങുമോയെന്ന് കണ്ടറിയണം. നിരവധി പുതുമുഖങ്ങളാണ് ഇത്തവണ ടീമിലുള്ളത്. സായ് സുദർശനോ അഭിമന്യു ഈശ്വരനോ അരങ്ങേറ്റം ലഭിച്ചേക്കാം. ഐപിഎല്ലിലെ റൺവേട്ട സായ് സുദർശന്റെ സാധ്യത കൂട്ടുന്നു. അഭിമന്യു ഇന്ത്യൻ ടീമിലെ സ്ഥാനത്തിനായി ഏറെ നാളായി കാത്തിരിക്കുകയാണ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാകും നാലാം നമ്പറിലെത്തുക. വിദേശ പിച്ചുകളില്‍ അത്ര നല്ല റെ­ക്കോഡുകളല്ല ഗില്ലിനുള്ളത്. ഇന്ത്യയില്‍ 42.03 ബാറ്റിങ് ശരാശരിയുള്ള ഗില്ലിന് വിദേശത്ത് 27.53 എന്ന മോശം ബാറ്റിങ് ശരാശരിയാണുള്ളത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ പര്യടനത്തില്‍ താരം മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. റിഷഭ് പന്ത്, രവീന്ദ്ര ജഡേജ തുടങ്ങിയവരാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. 

സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് ബാസ്­ബോള്‍ ശൈലിയിലാകുമിറങ്ങുക. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു. സമീപകാലത്തായി മികച്ച ഫോമിലാണ് ജോ റൂട്ട്. റൂട്ടിന്റെ തുടര്‍ച്ചയായ സെഞ്ചുറി പ്രകടനം ആത്മവിശ്വസം നല്‍കും. 153 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 13,006 റണ്‍സാണ് റൂട്ടിന്റെ ബാറ്റില്‍ നിന്നും പിറന്നിട്ടുള്ളത്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിലവില്‍ റൂട്ടിനെക്കാളും പരിചയസമ്പന്നനായ താരമില്ലെന്നതാണ് ആശങ്ക. എന്നാല്‍ യുവതാരങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ ടീമിനെ തയ്യാറാക്കിയിട്ടുള്ളത്. സ്റ്റോക്സിന്റെ ഓള്‍റൗണ്ടര്‍ മികവാണ് ഇംഗ്ലണ്ടിന്റെ മറ്റൊരു വജ്രായുധം. 

Exit mobile version