Site icon Janayugom Online

അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖ നിർമ്മാണം വേഗത്തിലാക്കും

അർത്തുങ്കൽ മൽസ്യ ബന്ധന തുറമുഖ നിർമ്മാണം വേഗത്തിലാക്കുവാൻ കൃഷി മന്ത്രി പി പ്രസാദ്, ഫിഷറീസ് മന്ത്രി സജി ചെറിയാൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. ഹാർബറിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപയുടെ എസ്റ്റിമേറ്റ് എഫ് ഐ ഡി എഫ് പദ്ധതിയിൽ പെടുത്തി സർക്കാർ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.

പുലിമുട്ടുകൾ, വാർഫ്, ആക്ഷൻ ഹാൾ, ഇന്റേണൽ റോഡ്, പാർക്കിങ് ഏരിയ, കാവേർഡ് ലോഡിങ് ഏരിയ, ഡ്രെയിനേജ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി രൂപരേഖ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനീയറിങ് ഫോർ ഫിഷറിക്ക് കൈമാറിയിട്ടുണ്ട്. ഷെഡ്യുൾ നിരക്കിലെ വ്യത്യാസം മൂലം എസ്റ്റിമേറ്റ് തുക 134.32 കോടിയായി വർധിപ്പിച്ചിട്ടുണ്ട്. എഫ് ഐ ഡി എഫിന്റെ അംഗീകാരം ലഭ്യമായാൽ രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയും. ഇതുമായി ബന്ധപ്പെട്ട് അധികൃതർ തുറമുഖം സന്ദർശിക്കും. യോഗത്തിൽ വി ജോയി എം എൽ എ, ഹാർബർ എൻജിനീയറിങ് ചീഫ് എൻജിനീയർ ജോമോൻ കെ ജോർജ്ജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബി എസ് മായ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version