Site iconSite icon Janayugom Online

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; വധശ്രമം ചുമത്തി കുറ്റപത്രം; രാഹുൽ ഒന്നാംപ്രതി

RahulRahul

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയുടെ ഭർത്താവ് രാഹുൽ പി ഗോപാൽ കേസിൽ ഒന്നാം പ്രതിയാണ്. കേസിൽ അഞ്ച് പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികൾ. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതി. സിവിൽ പൊലിസ് ഓഫിസർ ശരത് ലാലിനെ അഞ്ചാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കൊലപാതകശ്രമം, സ്ത്രീപീഡനം, ഗാർഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ഗാർഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതാണ് രാജേഷിനും പൊലീസുകാരനും എതിരെ ചുമത്തിയ കുറ്റം. കേസിൽ എഫ്ഐആർ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നിലാണ് കുറ്റപത്രം സമർപ്പിച്ചത്. 

പറവൂര്‍ സ്വദേശിയായ യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പന്തീരാങ്കാവ് പൊലീസ് വേണ്ട വിധം അന്വേഷണം നടത്തിയില്ലെന്ന് പറഞ്ഞ് യുവതി മാധ്യമങ്ങളുടെ മുന്നില്‍ പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു.കേസെടുത്തതിന് പിന്നാലെ രാഹുൽ ജർമനിയിലേക്ക് കടന്നിരുന്നു. കേസിൽ രാഹുലിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാത്തത്. കേസ് റദ്ദാക്കാൻ പ്രതിഭാഗം നൽകിയ ഹർജി അടുത്ത മാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം നൽകിയത്. ഇതിനിടെ ഭർത്താവിന് അനുകൂലമായി കേസിൽ ഇരയായ യുവതി മൊഴിമാറ്റിയിരുന്നു. തുടർന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. തന്റെ വീട്ടുകാരുടെ സമ്മർദ്ദത്തെ തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകിയതെന്നും ഭര്‍ത്താവ് തന്നെ മര്‍ദിച്ചിട്ടില്ലെന്നും സത്യവാങ്മൂലവും നല്‍കിയിരുന്നു. വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ അറിയിച്ച യുവതി ഡല്‍ഹിയിലേക്ക് തിരിച്ചു പോയി. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതി രാഹുലിന്റെ ഹർജിയിൽ സർക്കാരിനും പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയില്‍ രാഹുലിന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തി എന്നിവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത്തിന് സസ്പെന്‍ഷനും ലഭിച്ചിരുന്നു. 

Exit mobile version