വിവാദമായ 2024ലെ വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരള നിയമസഭ. തിങ്കളാഴ്ച പ്രമേയം നിയമസഭ ഐകകണ്ഠേന പാസാക്കി. വഖഫ്, ഹജ് തീർഥാടനം, കായിക മന്ത്രി വി അബ്ദുറഹിമാൻ പ്രമേയം അവതരിപ്പിച്ചു. ബിൽ ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.
ബിൽ വഖഫ് കാര്യങ്ങളുമായി ബന്ധപ്പെട്ട സംസ്ഥാന അവകാശങ്ങളെ ലംഘിക്കുന്നുവെന്നും വഖഫ് സ്വത്തുക്കളുടെ മേൽനോട്ടം വഹിക്കുന്ന വഖഫ് ബോർഡുകളുടെയും ട്രൈബ്യൂണലുകളുടെയും അധികാരത്തെ ഫലപ്രദമായി ദുർബലപ്പെടുത്തുന്നുവെന്നും അബ്ദുറഹിമാൻ വാദിച്ചു. ബിൽ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന മതേതര തത്വങ്ങളെ ലംഘിക്കുക മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ മാറ്റി നോമിനേറ്റഡ് അംഗങ്ങളെയും നോമിനേറ്റഡ് ചെയർമാനെയും നിയമിക്കുന്നതിലൂടെ ജനാധിപത്യ മൂല്യങ്ങളെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ സ്വാതന്ത്ര്യം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യ തത്വങ്ങൾ എന്നിവ ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുതെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു. ഭരണഘടനയുടെ അടിത്തറയ്ക്ക് വിരുദ്ധമായ വകുപ്പുകളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്രസർക്കാർ ഇത് ഉടൻ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.