Site iconSite icon Janayugom Online

അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റം ; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

ഇന്ത്യ‑ചൈന അതിര്‍ത്തി പ്രശ്നം ചര്‍ച്ച ചെയ്യാന്‍ അനുമതി നിഷേധിച്ച സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. ചൈനീസ് കടന്നുകയറ്റം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിഷേധിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. ഇതിനു പുറമെ സഭാനേതാവ് പീയൂഷ് ഗോയലിന്റെ ബിഹാര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെയും പ്രതിപക്ഷം പ്രതിഷേധിച്ചു. അരുണാചലിലെ ചൈനീസ് കടന്നു കയറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് റൂള്‍ 267 പ്രകാരം 12 നോട്ടീസുകളാണ് ലഭിച്ചതെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ വ്യക്തമാക്കി.

എന്നാല്‍ നോട്ടീസുകള്‍ക്ക് അനുമതി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ശൂന്യവേളയില്‍തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്കരിച്ചു. കോണ്‍ഗ്രസ്, ഇടതുപക്ഷം, എന്‍സിപി, തൃണമൂല്‍, ഡിഎംകെ, എസ്‌പി, ആര്‍ജെഡി ഉള്‍പ്പെടെയുള്ള കക്ഷികളാണ് സഭ ബഹിഷ്കരിച്ചത്. ലോക്‌സഭയിലും സമാന കാഴ്ചകളാണ് കാണാനായത്. ചൈനീസ് വിഷയം ചര്‍ച്ച ചെയ്യാന്‍ അനുമതി നിഷേധിക്കുന്നതില്‍ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ലോക്‌സഭ ഇന്നലെ നാലുവട്ടം നിര്‍ത്തിവച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ കോവിഡ് സാഹചര്യം സംബന്ധിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തി. അതേസമയം പാര്‍ലമെന്റ് സമ്മേളനം ഇന്നത്തോടെ പിരിഞ്ഞേക്കും.

Exit mobile version