Site iconSite icon Janayugom Online

ഇനി ഖത്തറിനെ ഇസ്രയേല്‍ ആക്രമിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇനി ഖത്തറിനെ ഇസ്രയേല്‍ ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം ഉറപ്പു നല്‍കിയെന്നും ട്രംപ് പറയുന്നു. ഖത്തറിനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി തന്നെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്ന നിലപാട് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഖത്തറിലെ ആക്രമണത്തിന് മുന്‍പ് ഡോണള്‍ഡ് ട്രംപിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. ഇസ്രയേലിന്റെ കര ആക്രമണത്തിന്റെ മനുഷ്യ കവചമായി ഉപയോഗിക്കുന്നതിന് ബന്ദികളെ ഹമാസ് ഗ്രൗണ്ടിലേക്ക് മാറ്റിയതായി ഒരു റിപ്പോര്‍ട്ട് വായിച്ചതായും ട്രംപ് പറഞ്ഞു. ഇത് ക്രൂരതയാണ്, എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കുക എന്ന് ട്രംപ് പറഞ്ഞു. 

അതിനിടെ, ഇനിയും വിദേശത്ത് ആക്രമണം നടത്തിയേക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൂചന നല്‍കി. ഹമാസിനെതിരെ നിലപാട് കടുപ്പിച്ചുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രതികരണം. ഹമാസ് നേതാക്കള്‍ എവിടെയായാലും അവിടെ ആക്രമിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ ഉന്മൂലനം ചെയ്യാതെ ഗസയ്ക്ക് മികച്ച ഭാവി ഉണ്ടാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കൊ റൂബിയോ പ്രതികരിച്ചു. അതേസമയം, അറബ് – ഇസ്ലാമിക് ഉച്ചകോടിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ. ഭാവി നീക്കങ്ങളില്‍ ഖത്തറിന് പിന്തുണയെന്നാണ് സംയുക്ത പ്രസ്താവന. ഇസ്രയേല്‍ ആക്രമണം പ്രദേശത്തെ സമാധാനം ഇല്ലാതാക്കി. നിയമവിരുദ്ധവും ഭീരുത്വം നിറഞ്ഞതുമായ ഇസ്രയേല്‍ നീക്കത്തെ അപലപിക്കുന്നു. മധ്യസ്ഥ രാജ്യങ്ങളെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കല്‍ എന്നാണ് പ്രതികരണം.

Exit mobile version