വിതരണം ചെയ്തത് 203 കോടി
ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ നഷ്ടപരിഹാര തുക ജൂലൈ രണ്ടാം വരത്തില്‍ തന്നെ അപേക്ഷിച്ച മുഴുവന്‍ ദുരിത ബാധിതര്‍ക്കും നല്‍കിയാതായി ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്. ജില്ലയിലെ എല്ലാ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവ് പ്രകാരം ഏപ്രില്‍ 30നാണ് 200 കോടി രൂപയുടെ ധനസഹായം സര്‍ക്കാര്‍ നല്‍കിയത്. ജൂലൈ 16 ആയപ്പോഴേക്കുംമുന്‍പ് നല്‍കിയ 200 കോടി രൂപ മുഴുവനായും വിതരണം ചെയ്യുകയും 6,30,50,000 രൂപ കൂടി അനുവദിക്കുകയും ചെയ്തു. ഇതില്‍ മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി അന്‍പതിനായിരം രൂപ വിതരണം ചെയ്തു. ഇതോടെ 203.235 കോടി രൂപ വിതരണം ചെയ്തു. 5156 പേര്‍ക്കായി 203,23,50,000 രൂപയാണ് വിതരണം ചെയ്തത്. ദുരിത ബാധിത പട്ടികയില്‍ ഉള്‍പ്പെട്ട അവശേഷിക്കുന്ന അര്‍ഹരായ അപേക്ഷകര്‍ക്ക് വേഗത്തില്‍ തുക കൈമാറുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതിന് എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ സെല്‍ മാത്രമല്ല ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റ് മുതല്‍ വില്ലേജ് ഓഫീസ് വരെ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരന്നപ്പോള്‍ നഷ്ടപരിഹാര വിതരണം നിശ്ചയിച്ചതിലും മൂന്നു മാസം മുന്‍പ് പൂര്‍ത്തിയാക്കാനായി. ഏപ്രില്‍ 30ന് 200 നഷ്ടപരിഹാരം കോടി അനുവദിച്ചതായി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. മെയ് മാസം പകുതിയോടെ നടപടികള്‍ ആരംഭിച്ചു. തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ പട്ടികയില്‍ ഉള്‍പ്പെട്ട എട്ട് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. കെ ജി ബൈജു, അശോക് കുമാര്‍, മധുസൂദനന്‍, പി ജെ തോമസ്, ശാന്ത, ശാന്ത കൃഷ്ണന്‍, സജി, എം വി രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ധനസഹായം വിതരണം ചെയ്തത്. കോവിഡ് രോഗികള്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ആരംഭിച്ച വെബ്‌പോര്‍ട്ടല്‍ മാതൃകയില്‍ മാറ്റം വരുത്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നഷ്ടപരിഹാരം വിതരണം സുഗമമാക്കാന്‍ സാധിച്ചു. ജൂണ്‍ മാസത്തില്‍ തന്നെ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വരികയും അര്‍ഹരായവര്‍ക്ക് കളക്ടറേറ്റിലേക്ക് എത്താതെ തന്നെ ധനസഹായത്തിന് അപേക്ഷിക്കാന്‍ സാധിക്കുകയും ചെയ്തു. സഹായധനത്തിന് അര്‍ഹരായവരെ കണ്ടെത്താനുള്ള പരിശോധന ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചു. ഞായറാഴ്ച ഉള്‍പ്പെടെ പ്രവര്‍ത്തിക്കുകയും കളക്ടറേറ്റിലെയും വില്ലേജ് ഓഫീസുകളിലേയും മുഴുവന്‍ ജീവനക്കാരും എന്‍ഡോസള്‍ഫാന്‍ തുക വിതരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തതോടെയാണ് ചുരുങ്ങിയ കാലയളവിനുള്ളില്‍ കൂടുതല്‍ ആളുകള്‍ക്ക് ധനസഹായം വിതരണം ചെയ്യാന്‍ സാധിച്ചത്. അപേക്ഷ നല്‍കിയിട്ടില്ലാത്ത ദുരിതബാധിതരുടെ പട്ടിക പബ്ലിക് നോട്ടീസ് ആയി പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് ആദ്യം അനുവദിച്ച 200 കോടിരൂപയ്ക്ക് ശേഷം ആറ് കോടി മുപ്പത് ലക്ഷത്തി അന്‍പതിനായിരം രൂപ കൂടി അനുവദിച്ചത്.