ഈ വര്‍ഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ ജില്ലയിൽ 99.48 ശതമാനം വിജയം. ജില്ലയിൽ പരീക്ഷ എഴുതിയ 19,761 പേരിൽ 19658 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. 1639 പേർ മുഴുവൻ വിഷയത്തിനും എപ്ലസ് നേടി. 122 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. ജില്ലയിലെ 162 സ്‌കൂളുകളില്‍ നിന്നായി 10431 ആണ്‍കുട്ടികളും 9460 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയത്. കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 10965 പേർ പരീക്ഷ എഴുതിയതിൽ 10876 പേർ വിജയിച്ചു. 99.19 മാണ് വിജയശതമാനം. 653 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 8796 പേർ പരീക്ഷ എഴുതിയതിൽ 8782 പേർ വിജയിച്ചു. ഇവിടെ 99.84 വിജയശതമാനം. 986 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനം .26 ശതമാനം കുറവാണ്. കഴിഞ്ഞ വർഷം 19,337 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 19,287 പേർ വിജയിച്ചു. (99.47ശതമാനം). കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 10621 വിദ്യാർത്ഥികളിൽ 10582 പേർ വിജയിച്ചിരുന്നത്.(99.63ശതമാനം). കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 8716 പേരിൽ 8705 പേർ വിജയിച്ചിരുന്നു(99.87 ശതമാനം). കഴിഞ്ഞ വർഷം കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ 1809 വിദ്യാർത്ഥികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 2557 വിദ്യാർത്ഥികളും ഉൾപ്പെടെ 4366 പേരാണ് മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടുന്ന വിദ്യാർത്ഥികളിൽ 2727 കുട്ടികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജില്ലയിൽ ടിഐഎച്ച്എസ് എസ് നായന്മാർമൂലയാണ് ഏറ്റവും കുടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത്. 797 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 793 പേർ ഉന്നത പഠനത്തിന് അര്‍ഹത നേടി. സിഎച്ച്എസ്എസ് ചട്ടഞ്ചാൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 572 കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയതിൽ 568 പേരെ വിജയിപ്പിക്കാനായി. മുജംകാവ്ശ്രീഭാരതി വിദ്യാപീഠം ആണ് ഏറ്റവും കുറവ് വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തിയത്. 10 പേരിൽ 10 പേരെയും വിജയിപ്പിക്കാനായി.