Site iconSite icon Janayugom Online

ഒഡിഷ തീവണ്ടി ദുരന്തം; റെയില്‍ സുരക്ഷാ ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് സിഎജി

300 ഓളം പേരുടെ ജീവനപഹരിച്ച ഒഡിഷ തീവണ്ടി ദുരന്തത്തിന് കാരണം കേന്ദ്ര സര്‍ക്കാരെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. റെയില്‍വേ സുരക്ഷയ്ക്കായി വിനിയോഗിക്കേണ്ട തുക കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ദുരുപയോഗം ചെയ്തതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്.
2017ല്‍ റെയില്‍വേ സുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച രാഷ്ടീയ റെയില്‍ സംഘര്‍ഷ് ഘോഷ് (ആര്‍ആര്‍എസ് കെ) പ്രത്യേക ഫണ്ടില്‍ നിന്നുള്ള തുക സുരക്ഷാകാര്യങ്ങള്‍ക്ക് പകരം തിരുമ്മല്‍ ഉപകരണങ്ങള്‍, ജാക്കറ്റ്, പാത്രങ്ങള്‍ എന്നിവ വാങ്ങാന്‍ വിനിയോഗിച്ച വിവരം സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്ന് ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിവര്‍ഷം 20,000 കോടി രൂപ റെയില്‍വേ സുരക്ഷയ്ക്കായി ഫണ്ടില്‍ എത്തുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ ഇതില്‍ നിന്ന് 4,225 കോടി മാത്രമാണ് ചെലവഴിച്ചത്.

സുരക്ഷാ കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ചെലവഴിക്കേണ്ട തുകയില്‍ നിന്ന് ഇലക്ട്രിക് ഉപകരണം, ഫര്‍ണീച്ചര്‍, പുന്തോട്ട നവീകരണം, ശൗചലായ നിര്‍മ്മാണം, കമ്പ്യൂട്ടര്‍ വാങ്ങല്‍, ശമ്പള വിതരണം എന്നിവ നടത്തിയെന്നും സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വെയുടെ പാളംതെറ്റല്‍ (ഡിറെയില്‍മെന്റ്സ് ഇന്‍ ഇന്ത്യന്‍ റെയില്‍വേ)എന്ന റിപ്പോര്‍ട്ടിലാണ് സുരക്ഷയെ നിസാരമായി കൈകാര്യം ചെയ്തത് ചൂണ്ടിക്കാണിക്കുന്നത്. 

2017 ഡിസംബര്‍, മാര്‍ച്ച് 2019, സെപ്റ്റംബര്‍ 2019, 2021 ജനുവരി മാസങ്ങളിലാണ് സിഎജി പരിശോധന നടത്തിയത്. 48 മാസം നീണ്ടുനിന്ന പരിശോധന സോണല്‍ അടിസ്ഥാനത്തിലാണ് നടത്തിയത്. തെറ്റായ ധനവിനിയോഗമാണ് 48.21 കോടി രൂപയില്‍ കണ്ടെത്തിയത്.
കേന്ദ്ര ബജറ്റ് വിഹിതമായി 15,000 കോടി രൂപയും റെയില്‍വേയുടെ ആഭ്യന്തര വിഹിതമായി 5000 കോടിയും സുരക്ഷാ ഫണ്ടിലേയ്ക്ക് എത്തുന്നുണ്ട്. ഇത്രയും ഭീമമായ തുക വകമാറ്റി ചെലവഴിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ യാത്രക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവിലയാണ് നല്‍കുന്നതെന്നും ദി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Eng­lish Summary:CAG said rail secu­ri­ty fund was misused
You may also like this video

Exit mobile version