കാസർകോടിന്റെ താരമാകുന്നത് ഇനി കല്ലുമ്മക്കായയല്ല ചക്കയാണ്.. കേന്ദ്ര സർക്കാറിന്റെ ഒരു ജില്ല ഒരു ഉത്പന്നം പദ്ധതിയിൽ ജില്ലയുടെ ഉത്പന്നമായി ചക്കയെഅംഗീകരിച്ചു. നേരത്തെ കാസർകോടിന് അനുവദിച്ചിരുന്നത് കല്ലുമ്മക്കായയായിരുന്നു. എന്നാൽ ജില്ലയുടെ വളരെ ചെറിയ പ്രദേശത്ത് മത്രം കണ്ടു വരുന്ന കല്ലുമ്മക്കായയെക്കാൾവരുമാന സാധ്യത ജില്ലയിൽ എല്ലായിടത്തും സുലഭമായി ലഭിക്കുന ചക്കയ്ക്ക് ഉള്ളതിനാൽ ജില്ലാ വ്യവസായ കേന്ദ്രം സമർപ്പിച്ച അപേക്ഷയിലാണ് തീരുമാനമായത്. ഓരോ ജില്ലയിലും ഒരു ഉത്പന്നത്തെ കണ്ടെത്തി അവയെ കൂടുതൽ വിപുലപ്പെടുത്തി അതിൽ നിന്നും കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുക എന്നതാണ് ഈ പദ്ധതി. കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി തദ്ദേശ സ്ഥാപങ്ങളിൽ പ്ലാവ് കൃഷി ചെയ്യുന്നത് പ്രോത്സാഹിപ്പിച്ച് വരികയാണ്. സംസ്ക്കരണത്തിലൂടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾക്കായി കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുണ്ട്. കാസർകോടിന്റെ ഉത്പന്നം ചക്കയാകുന്നതിലൂടെ ഈ മേഖലയിൽ ധാരാളം സാധ്യതകളുണ്ട്. പച്ച ചക്കയിൽ നിന്നും ചക്കപ്പഴത്തിൽ നിന്നുമായി ചക്ക പൗഡർ, ചക്ക ഐസ് ക്രീം, ചക്ക ചിപ്സ്, ചക്ക ജാം, വിവിധ മരുന്നുകൾ തുടങ്ങി നിരവധി മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഏറ്റവും കൂടുതൽ പാഴായി പോകുന്ന ചക്കയിൽ നിന്ന് വ്യാവസായ സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ പറഞ്ഞു.