Site icon Janayugom Online

ജാർഖണ്ഢ് സ്വദേശിയായ പെൺകുട്ടി മരിച്ച നിലയിൽ

തൊടുപുഴ: മേട്ടുക്കുഴിയിലെ ഏലത്തോട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മകളെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഢിലെ ദുംഗ സ്വദേശികളായ ബസ്റാ-അൽബീന ദമ്പതികളുടെ മകളായ പ്രീതി(14)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചെങ്കിലും പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകു. മാതാപിതാക്കൾ മൊഴി മാറ്റിപറഞ്ഞത് സംഭവത്തിൽ ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മൂന്നാഴ്ച മുമ്പാണ് ഇവർ കുടുംബസമേതം മേട്ടുക്കുഴിയിലെ ഏലത്തോട്ടത്തിൽ പണിക്കെത്തിയത്. ഏലത്തോട്ടത്തിൽ നിർമ്മിച്ച വീട്ടിലായിരുന്നു ഇവരുടെ താമസം. ജാർഖണ്ഢ് സ്വദേശിയുമായി പ്രീതി കൂടുതൽ സമയം ഫോണിൽ സംസാരിച്ചത് മാതാപിതാക്കൾ ചോദ്യം ചെയ്തിരുന്നു. ജോലിക്ക് പോകുന്നതിനായി ഭക്ഷണം തയ്യാറാക്കാൻ ബുധനാഴ്ച പുലർച്ചയോടെ വീട്ടുകാർ എഴുന്നേൽക്കുകയും ഫോണ്‍ ചെയ്ത സംഭവത്തിൽ രാവിലെയും തർക്കമുണ്ടായതായും പൊലീസ് പറയുന്നു. തുടർന്നാണ് പെൺകുട്ടിയെ കാണാതാകുന്നത്.
തുടർന്ന് കുട്ടിയെ കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് കൃഷിയിടത്തിലെ കാപ്പിമരത്തിൽ ഷാളുപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ ഇവർ തന്നെ കെട്ടഴിച്ച് വീട്ടിലെത്തിക്കുകയായിരുന്നു. ഇതിനിടെ തോട്ടം ഉടമ ഇവരുമായി ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടിയുടെ മരണവാർത്ത അറിയുന്നത്. തുടർന്ന് ഉടമ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ വീണു മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഇവർ മൊഴി നൽകിയത്. തുടർന്ന് പരിശോധനയിൽ ശരീരത്തിൽ മുറിവുകൾ കാണാത്തിനെ തുടർന്ന് കൂടുതൽ ‍ചോദ്യം ചെയ്തപ്പോഴാണ് ആത്മഹത്യയാണെന്ന് മൊഴി തിരുത്തിയത്. ഇതോടെ പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകുവെന്നാണ് പൊലീസിന്റെ നിലപാട്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. 

Exit mobile version