വാർത്താ ചാനലുകൾക്കുള്ള ടെലിവിഷൻ റേറ്റിങ് പോയിന്റുകൾ ഉടൻ പുറത്തുവിടാൻ കേന്ദ്ര സർക്കാർ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് നിർദേശം നൽകി. മൂന്ന് മാധ്യമ സ്ഥാപനങ്ങൾ ടിആർപിയിൽ കൃത്രിമം കാണിച്ചെന്നാരോപണത്തെത്തുടർന്ന് ഏജൻസി ഡാറ്റ റിലീസ് താൽക്കാലികമായി നിർത്തി 15 മാസം കഴിഞ്ഞാണ് സർക്കാരിന്റെ ഉത്തരവ്. ടിആർപി ഡാറ്റ ഇനി നാലാഴ്ചത്തെ റോളിങ് ആവറേജിന്റെ അടിസ്ഥാനത്തിൽ കണക്കാക്കണമെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കി.
സ്വകാര്യതാ ആശങ്കകൾ പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് സെറ്റ്ടോപ്പ് ബോക്സുകളിൽ നിന്ന് റിട്ടേൺപാത്ത് ഡാറ്റ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ കൊണ്ടുവരാൻ ടെലിവിഷൻ വ്യവസായത്തിലെയും സർക്കാരിലെയും പ്രതിനിധികൾ ഉൾപ്പെടുന്ന സംയുക്ത വർക്കിങ് ഗ്രൂപ്പിനും മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. കൃത്യത ഉറപ്പുവരുത്തിയ സെറ്റ്ടോപ്പ് ബോക്സുകളിൽ നിന്ന് വരുന്ന വ്യൂവർഷിപ്പിനെക്കുറിച്ചുള്ള ഡാറ്റയാണ് ഉപയോഗിക്കുക. ഇത് പ്രേക്ഷകരുടെ അഭിരുചിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകുന്നു.
2020 ഒക്ടോബറിൽ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ വാർത്താ ചാനലുകളുടെ ടിആർപികൾ റിലീസ് ചെയ്യുന്നത് നിർത്തിവച്ചതിന് തൊട്ടുപിന്നാലെ ടിആർപി സമ്പ്രദായങ്ങൾ പരിശോധിക്കാൻ പ്രസാർ ഭാരതി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശശി ശേഖർ വെമ്പട്ടിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരി 12 ന് സമിതി റിപ്പോർട്ട് സമർപ്പിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
English Summary: Recommendation to release television rating points
You may like this video also