Site iconSite icon Janayugom Online

ഡിസംബറില്‍ വിറ്റത് 232 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ

2022 ഡിസംബറില്‍ 232.10 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകൾ വിറ്റതായി റിപ്പോര്‍ട്ട്. 2022 ഡിസംബർ അഞ്ച് മുതൽ 12 വരെയുള്ള കാലയളവിൽ 260 ഇലക്ടറൽ ബോണ്ടുകൾ വിറ്റഴിച്ചതായി 24-ാം ഘട്ട വില്പന സംബന്ധിച്ച എസ്ബിഐയുടെ വിവരാവകാശ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 114 കോടി രൂപയുടെ ബോണ്ടുകള്‍ മുംബെെയിലും ഹൈദരാബാദിലും (56 കോടി രൂപ) ചെന്നൈയിലും (30 കോടി രൂപ) വിറ്റു. ന്യൂഡൽഹി, കൊൽക്കത്ത ശാഖകളിൽ യഥാക്രമം 16.10 കോടി രൂപയുടെയും 16 കോടി രൂപയുടെയും ബോണ്ടുകൾ വിറ്റു. 232 കോടി രൂപയിൽ 194.10 കോടി (83 ശതമാനം) രൂപ എസ്‌ബി‌ഐയുടെ ന്യൂഡൽഹി ബ്രാഞ്ചിൽ നിക്ഷേപിച്ചിട്ടുള്ളത്. ശേഷിക്കുന്ന ഇലക്ടറൽ ബോണ്ടുകൾ ഹൈദരാബാദിലും (21 കോടി രൂപ), കൊൽക്കത്തയിലും (17 കോടി രൂപ) പണമാക്കി മാറ്റി. 

2018‑ൽ പദ്ധതി ആരംഭിച്ചതിനുശേഷം, എസ്ബിഐ 11,699.83 കോടി രൂപയുടെ 20,734 ഇലക്ടറൽ ബോണ്ടുകൾ വിറ്റതായി വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ബാങ്ക് അറിയിച്ചു. ഏറ്റവും കൂടുതൽ ബോണ്ടുകൾ വാങ്ങിയത് മുംബൈയിലാണ്, 3,163.57 കോടി. കൊൽക്കത്ത (2,408.71 കോടി രൂപ), ഹൈദരാബാദ് (2,030.35 കോടി രൂപ), ന്യൂഡൽഹി (1,760.94 കോടി രൂപ) എന്നീ നഗരങ്ങളാണ് മുംബെെയ്ക്ക് പിന്നില്‍. 

22-ാം ഘട്ടം വരെ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ പത്ത് ദിവസത്തേക്കാണ് ഇലക്ടറൽ ബോണ്ടുകൾ വിറ്റിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന വർഷങ്ങളിൽ മുപ്പത് ദിവസത്തെ അധിക കാലയളവിനുള്ള വ്യവസ്ഥയുണ്ട്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അസംബ്ലികളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന വർഷങ്ങളിൽ 15 ദിവസത്തെ വില്പന കൂടി ചേർക്കാൻ കേന്ദ്ര സർക്കാർ നിയമത്തില്‍ ഭേദഗതി വരുത്തിയിരുന്നു. 

Eng­lish Sum­ma­ry; Elec­toral bonds worth 232 crores were sold in December
You may also like this video

Exit mobile version