Site iconSite icon Janayugom Online

നമ്മുടെ പാരമ്പര്യമാണ് നമ്മളെ ശക്തിപ്പെടുത്തുന്നത് ; പണ്ഡിറ്റ് സുഗതൊ ഭാധുരി

 

നമ്മുടെ പാരമ്പര്യങ്ങളാണ് നമ്മളെ ശക്തിപ്പെടുത്തുകയെന്ന് പ്രശസ്ത മാൻഡലിൻ വാദകൻ പണ്ഡിറ്റ് സുഗതൊ ഭാധുരി. കേരളത്തിന്റെയും രാജ്യത്തിന്റെയും സാംസ്ക്കാരിക പാരമ്പര്യത്തിന്റെ വേരുകൾ തിരിച്ചറിയുന്നതിലൂടെ ലോകത്തിന്റെ സാംസ്ക്കാരിക പാരമ്പര്യത്തിന്റെ വഴികളിലേക്ക് എത്തിച്ചേരാൻ എളുപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട്ട് ഹിന്ദുസ്ഥാനി സംഗീത പരിപാടിയിൽ സംബന്ധിക്കാനെത്തിയതായിരുന്നു സുഗതൊ ഭാധുരി.

രാജ്യത്തെ മറ്റ് നഗരങ്ങളിൽ നിന്നെല്ലാം കേരളത്തിലെ നഗരങ്ങൾ വേറിട്ടു നിൽക്കുന്നുണ്ട്. മറ്റു നഗരങ്ങളെല്ലാം കച്ചവട കേന്ദ്രീകൃതമായ വഴികളിലേക്ക് മാറിക്കഴിയുമ്പോഴും കേരളത്തിലെ നഗരങ്ങൾ സാംസ്ക്കാരിക തനിമയെ ചേർത്തു നിർത്തുന്നത് സന്തോഷകരമാണ്. കൊൽക്കത്ത ബംഗാളിനെ മൊത്തത്തിൽ പ്രതിനിധീകരിക്കുന്നില്ല. ഇതുപോലെയാണ് മറ്റു പല നഗരങ്ങളുടെയും സ്ഥിതി. എന്നാൽ കേരളം ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംഗീതവുമായി ലോകം മുഴുവനും ചുറ്റി സഞ്ചരിച്ച തനിക്ക് കേരളവുമായി വളരെക്കാലത്തെ സംഗീത ബന്ധമുണ്ട്. മലബാർ മഹോത്സവത്തിലും നിശാഗന്ധി ഫെസ്റ്റിവലിലുമെല്ലാം പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. മാതൃഭാഷയുമായുള്ള ആഴത്തിലുള്ള ബന്ധം മറ്റു ഭാഷകൾ പഠിക്കൽ എളുപ്പമുള്ളതാക്കിത്തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പത്തിൽ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ സുഗതൊയുടെ സംഗീത ജീവിതത്തിന്റെ തുടക്കം വായ്പാട്ടിലൂടെയായിരുന്നു. അമ്മാവനായിരുന്നു ആദ്യ ഗുരു. കോളെജ് പഠനകാലത്ത് വായ്പാട്ടിൽ നിന്നും ഉപകരണ സംഗീതത്തിലേക്ക് തിരിഞ്ഞു. പാശ്ചാത്യ സംഗീതോപകരണായ മാൻഡലിനിൽ അടിസ്ഥാന പാഠങ്ങൾ പഠിച്ചു. വിദേശത്ത് ഏറെ സുപരിചിതമായ മാൻഡലിൻ നിരവധി രാജ്യങ്ങളിലേക്ക് തന്നെത്തന്നെ പരിചയപ്പെടുത്താനുള്ള വഴി തുറന്നു തന്നുവെന്നും ഇദ്ദേഹം പറയുന്നു. ബിരുദ പഠനത്തിന് ശേഷം പതിനേഴ് വർഷത്തോളം സരോദ് വാദകനായ ടി എം മജുന്ദാറിന്റെ കീഴിൽ ഹിന്ദുസ്ഥാൻ സംഗീതം പഠിച്ചു. ഉസ്താദ് അലി അക്ബർ ഖാനും സംഗീത പാഠങ്ങൾ പറഞ്ഞു തന്നു. ഓരോ ദിവസവും താൻ തന്നെത്തന്നെ പഠിക്കാൻ ശ്രമിക്കുകയാണ്. ജീവിതത്തെ ഒരു പുസ്തകമായി സങ്കൽപ്പിച്ച് സ്വയം പഠിക്കാൻ ശ്രമിക്കൂ എന്നും അദ്ദേഹം പറയുന്നു.

കൊൽക്കത്തയിൽ ജനിച്ചു വളർന്ന സുഗതൊ ഭാധുരി ഇന്ന് ഏറെ ജനപ്രിയനായ മാൻഡലിനിസ്റ്റുകളിൽ ഒരാളാണ്. ഉസ്താദ് അല്ലാദിയ ഖാന്റെ പേരിലുള്ള ഗന്ധർവ്വ രത്ന പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടി. ജർമ്മനി, ഇറ്റലി, ഇംഗ്ലണ്ട്, ഹോളണ്ട് തുടങ്ങിയ നിരവധി രാജ്യങ്ങളിൽ പരിപാടികളിൽ പങ്കെടുത്തു. താജ് മഹോത്സവ്, ലഖ്നൗ മഹോത്സവ്, ബോധ് മഹോത്സവ്, നിശാഗന്ധി ഫെസ്റ്റിവൽ, കാളിദാസ് സമരോഹ്, ഹോൺബിൽ ഫെസ്റ്റിവൽ, സമാപാ ഫെസ്റ്റിവൽ, ഹനുമാൻ ജയതി മഹോത്സവം, സമുദ്ര ഫെസ്റ്റിവൽ, ജെടിപിഎസി കച്ചേരി, ചണ്ഡീഗഢ് ഹെറിറ്റേജ് ഫെസ്റ്റിവൽ, ഉസ്താദ് അമീർ ഖാൻ തുടങ്ങി നിരവധി പ്രമുഖ ഇന്ത്യൻ സംഗീത പരിപാടികളിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.

Exit mobile version