Site icon Janayugom Online

നാഗാലാന്‍ഡ് കൂട്ടക്കൊല; 30 സൈനികര്‍ക്കെതിരെ കുറ്റപത്രം

നാഗാലാന്‍ഡില്‍ 14 സാധാരണക്കാരുടെ ജീവനെടുത്ത കൂട്ടക്കൊലയില്‍ 30 സൈനികര്‍ക്കെതിരെ കുറ്റപത്രം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോണ്‍ ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. സൈനികരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നുവെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ലെന്നും അന്വേഷണ സംഘം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഭീകരരെന്ന് തെറ്റിദ്ധരിച്ച് കരസേനയുടെ 21 പാരാ സ്പെഷ്യല്‍ ഫോഴ്സ് സംഘം നടത്തിയ വെടിവയ്പിലാണ് നിരായുധരായ ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയിലെ ഓട്ടിങ്ങില്‍ 2021 ഡിസംബര്‍ നാലിനായിരുന്നു സംഭവം. കല്‍ക്കരി ഖനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങിയവര്‍ക്കുനേരെയാണ് സൈന്യം വെടിയുതിര്‍ത്തത്. വാഹനത്തിലുണ്ടായിരുന്ന ആറുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലും മരിച്ചു. തുടര്‍ന്ന് ജനക്കൂട്ടം സൈനിക ക്യാമ്പ് വള‌ഞ്ഞ് നടത്തിയ ആക്രമണത്തില്‍ ഒരു സൈനികനും സൈന്യത്തിന്റെ വെടിവയ്പില്‍ ആറ് ഗ്രാമീണരും കൂടി കൊല്ലപ്പെട്ടു.

കമാന്‍ഡോ സംഘം ആക്രമണം നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് വെടിയുതിര്‍ത്തതെന്ന് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നു.
ഭീകരരെന്ന് ഉറപ്പാക്കാതെയാണ് സംഘം വെടിയുതിര്‍ത്തത്. ഒരു മേജര്‍, രണ്ട് സുബേദാര്‍മാര്‍, എട്ട് ഹാവില്‍ദാര്‍മാര്‍, നാല് നായിക്, ആറ് ലാന്‍സ് നായിക്, ഒമ്പത് പാരാട്രൂപ്പര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. പതിറ്റാണ്ടുകളായി ഭൂരിഭാഗം മേഖലകളും അഫ്‌സപ നിയമത്തിന്റെ കീഴിലുള്ള സംസ്ഥാനമാണ് നാഗാലാന്‍ഡ്. കുറ്റകൃത്യങ്ങളുടെ പേരില്‍ സൈനികരെ വിചാരണ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. ഇതിനായി മേയ് മാസത്തില്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സംസ്ഥാനം സമീപിച്ചിരുന്നു. എന്നാല്‍ സൈനികരെ വിചാരണ ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്നാണ് സൂചന. 

Eng­lish Summary:Nagaland mas­sacre; Chargesheet against 30 soldiers
You may also like this video

Exit mobile version