Site iconSite icon Janayugom Online

നിലനില്‍പ്പിനായി പുതിയ പരീക്ഷണം ; ഗുജറാത്തില്‍ ജിഗ്നേഷ്മേവാനിയെ വര്‍ക്കിംഗ് പ്രസിഡന്‍റാക്കി കോണ്‍ഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പ് നടുക്കുവാന്‍ പോകുന്ന ഗുജറാത്തില്‍ നിലനില്‍പ്പിനാായി കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി ഉള്‍പ്പെടെ ഏഴ് പേരെ ഗുജറാത്ത് കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചിരിക്കുന്നു.ഡിസംബറിലാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് . ഇവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരാക്കാനുള്ള നിര്‍ദേശത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യാഴാഴ്ച അംഗീകാരം നല്‍കി.

2017 ലെ സംസ്ഥാന തിരഞ്ഞെടുപ്പില്‍ വഡ്ഗാം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച മേവാനി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പാര്‍ട്ടിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നെങ്കിലും ഔദ്യോഗികമായി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നില്ല. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം വേദി പങ്കിടുകയും സംസ്ഥാന പാര്‍ട്ടി നേതാക്കളുമായി വാര്‍ത്താ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും ഒക്കെ ചെയ്തിരുന്നു.യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ ജിഗ്‌നേഷ് മേവാനി നിര്‍ദേശം വെച്ചിരുന്നു.

യുവാക്കളെ അകറ്റി നിര്‍ത്തുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ എതിരാളികളുടെ വാദം പൊളിക്കാനും ഗുജറാത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും നാല് വര്‍ക്കിങ് പ്രസിഡന്റുമാരെ നിയമിക്കണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടിരുന്നത്. എല്ലാവരും യുവാക്കളാകണം. നാല് പേര്‍ക്ക് വിവിധ മേഖലകളുടെ ചുമതല നല്‍കണം. ജാതിയോ മതമോ നോക്കിയാകരുത് ഈ നിയമനം. നാലു പേര്‍ക്കും പ്രത്യേകം ദൗത്യം ഏല്‍പ്പിക്കുകയും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യണം അദ്ദേഹം പറഞ്ഞിരുന്നു. എങ്കില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് വലിയ കുതിപ്പ് നടത്താന്‍ സാധിക്കുമെന്നും ജിഗ്‌നേഷ് മേവാനി നേതൃത്തോട് അഭിപ്രായപ്പെട്ടിരുന്നു.

ജിഗ്നേഷ് മേവാനിയിലൂടെ ഗുജറാത്തില്‍ മികച്ച മുന്നേറ്റം നടത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായിരുന്ന ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടുപോയ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസ് പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചിരിക്കുന്നത്.ഹാര്‍ദിക് പട്ടേലിന്റെ പുറത്തുപോക്ക് പാര്‍ട്ടിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യം കൂടി നില്‍ക്കുമ്പോഴാണ് ഇത്തരം ഒരു തീരുമാനം ഉണ്ടായിരിക്കുന്നത്. ജിഗ്നേഷ് മേവാനിയെ കൂടാതെ എംഎല്‍എമാരായ ലളിത് കഗതാര, രുത്വിക് മക്വാന, അംബരീഷ് ജെ ഡെര്‍, ഹിമ്മത്സിംഗ് പട്ടേല്‍, കാദിര്‍ പിര്‍സാദ, ഇന്ദ്രവിജയ്സിംഗ് ഗോഹില്‍ എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. ഗുജറാത്തില്‍ സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകള്‍ രൂക്ഷമായതോടെയാണ് പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പാര്‍ട്ടിയെ പ്രതിരോധത്തലാക്കിയുള്ള പട്ടേലിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ബിജെപിയും-കോണ്‍ഗ്രസുമായിട്ടാണ് പ്രധാന ഏറ്റുമുട്ടല്‍. ബിജെപി ഭരണത്തില്‍ അസംതൃപ്തരായ ജനങ്ങള്‍ ബദല്‍ ആഗ്രഹിക്കുന്നതായിട്ടാണ് സംസ്ഥാനത്തു നിന്നും പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോണ്‍ഗ്രസില്‍ അവര്‍ക്ക് വിശ്വാസമില്ലാതായിരിക്കുന്നു. കോണ്‍ഗ്രസ് ജനപ്രതിനിധികളായി വിജയിച്ചവരൊക്കെ പിന്നീട് ബിജെപിയില്‍ ചേക്കേറുന്ന സ്ഥിതിവിശേഷമാണ് കണുവരുന്നത്.അതാണ് പ്രധാനമായും ജനങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള വിശ്വാസം നഷ്ടമായിരിക്കുന്നത്

Eng­lish Sum­ma­ry: New Test for Sur­vival; Con­gress has made Jig­nesh­mevani the work­ing pres­i­dent in Gujarat

You may also like this video:

Exit mobile version