Site icon Janayugom Online

പിടിതരാതെ പച്ചക്കറി വില

തൊടുപുഴ: ഇന്ധന വില കയറ്റവും ഒപ്പം മഴ ശക്തമായതിനെ തുടർന്ന് ഉൽപ്പാദനം കുറയുകയും ചെയ്തതോടെ പച്ചക്കറി വിലയും പൊള്ളുന്നു.
രണ്ടാഴ്ച മുമ്പ് വരെ വില കുറഞ്ഞ് നിന്ന തക്കാളിയുടെയും ക്യാരറ്റിന്റെയും വില കിലോയ്ക്ക് 60 രൂപയിലേക്ക് കുതിച്ചെത്തി. 30 രൂപയായിരുന്നു രണ്ടാഴ്ച മുമ്പു വരെ ഒരു കിലോ തക്കാളിയുടെ വില. ക്യാരറ്റിന് 35–40 രൂപയും. രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി. സവാള വിലയായിരുന്നു പൊതു വിപണിയിൽ ആദ്യം ഉയർന്നത്. കിലോയ്ക്ക് 30 രൂപയ്ക്ക് ലഭിച്ചിരുന്ന സവാളയ്ക്ക് 10 രൂപ കൂടി ഉയർന്നതോടെ പച്ചക്കറി വിപണിയിൽ വില കയറ്റത്തിന്റെ സൂചനകൾ ആദ്യമെ പ്രകടമായിരുന്നു. ഇന്ധന വിലകയറ്റവും പാചക വാതകത്തിന്റെ വില വർധനവും മൂലം കച്ചവടക്കാർക്ക് അധിക യാത്രാ ചിലവും വരുമാന നഷ്ടവും താങ്ങാനാവാത്ത നിലയിലേക്ക് എത്തിയിരുന്നു. ഇതോടെ വ്യാപാരികൾ വില കുത്തനെ ഉയർത്താൻ നിർബന്ധിതരാകുകയായിരുന്നു.
തക്കാളിക്ക് പുറമെ മറ്റ് പച്ചക്കറികളുടെയും വില കുതിച്ചു ഉയർന്നിട്ടുണ്ട്. ബീൻസ്,മുരിങ്ങക്കാ എന്നിവയും 60 രൂപ നിരക്കിലാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. വള്ളിപയറിന് 50 രൂപ(കിലോ.ഗ്രാം),കാബേജ് 40,ഉള്ളി40,വെള്ളരിക്ക40,വെണ്ടയ്ക്ക40 എന്നിങ്ങനെയാണ് ചൊവ്വാഴ്ച തൊടുപുഴ മാർക്കറ്റിലെ പച്ചക്കറികളുടെ വില. പച്ചമുളകിന്റെ വിലയും 250 ഗ്രാമിന് 20 രൂപയ്ക്ക് മുകളിലേക്ക് ഉയർന്നു. വിപണിയിൽ ബീറ്റ് റൂട്ടിനും ഇഞ്ചിക്കും മാത്രമാണ് വിലയിൽ അൽപ്പം കുറവുള്ളത്. ഇവ രണ്ടും കിലോയ്ക്ക് 30 രൂപയാണ് വില.
ഇന്ധന ‑പാചക വാതകങ്ങളുടെ വിലകയറ്റത്തിനൊപ്പം പൊതുവിപണിയിൽ പച്ചക്കറികളുടെ വില ഉയർന്നതും സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. 

Exit mobile version